ഇസ്‌ലാമാബാദ് (പാകിസ്ഥാന്‍) : ബലൂചിസ്ഥാന്‍ പ്രൊവിന്‍സിലെ ക്വെറ്റയില്‍ മസ്‌ജിദിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്.
സ്‌ഫോടനത്തില്‍ അന്വേഷണം നടന്നുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. ബലൂചിസ്ഥാന്‍ മേഖലയില്‍ ഇത്തരമൊരു സ്ഫോടനം ഇത് ആദ്യമല്ല എന്നാണ് ലഭിക്കുന്ന വിവരം. പ്രവിശ്യയില്‍ അടുത്തിടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബലൂചിസ്ഥാന്‍ പിഷിന്‍ മേഖലയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഓഫിസിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 25 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. സമാന സംഭവം ബലൂചിസ്ഥാനിലെ ഖിലാ സൈഫുള്ളയിലെ ജെയുഐഎഫ് തെരഞ്ഞെടുപ്പ് ഓഫിസിന് സമീപവും നടന്നിരുന്നു. ഇവിടെയും 12 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു.