ദുബായ് : ബ്രിട്ടീഷ് രജിസ്ട്രേഷനിലുള്ള റൂബിമർ എന്ന ലെബനീസ് ചരക്ക് കപ്പലിന് നേരെ ആക്രമണം. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് എൽ-മണ്ടേബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ബെലീസ് പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ യെമനിലെ ഹൂതികളെന്നാണ് സംശയം.
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഖോർഫക്കാനിൽ നിന്നും ബൾഗേറിയയിലേക്ക് പോവുകയായിരുന്നു കപ്പല്‍. ഇതിനിടെ ബാബ് എൽ-മണ്ടേബ് കടലിടുക്കിലെത്തിയപ്പോള്‍ ഞായറാഴ്ചയോടെയാണ് (18-02-2024) ആക്രമണമുണ്ടായത്. ഹൂതികളുടെ ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്‍റെ യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റര്‍ അറിയിച്ചു.
കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. കപ്പലിൽ ഭാഗികമായി ചരക്കുകൾ നിറഞ്ഞതായി കണ്ടെത്തിയിരുന്നു. എന്നാൽ അത് എന്താണെന്ന് വ്യക്തമല്ല. ഈ മാസം ആദ്യം പേർഷ്യൻ ഗൾഫിൽ വച്ച് കപ്പൽ അതിന്‍റെ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷൻ സിസ്റ്റം ട്രാക്കർ ഓഫ് ചെയ്‌തിരുന്നതിനാല്‍ തന്നെ കപ്പലുമായി ബന്ധപ്പെടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
നവംബർ മുതൽ ഗാസയില്‍ ഹമാസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്‍റെ ഭാഗമായി ചെങ്കടലിലും കപ്പലുകള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഏഷ്യ, മിഡ് ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപാര ആവശ്യങ്ങള്‍ക്കായി പോകുന്ന കപ്പലുകള്‍ക്ക് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടാകുന്നത്.
അതേസമയം ഹൂതികളുടെ സൈനിക ഉപകരണങ്ങൾ ലക്ഷ്യമിട്ട് അഞ്ച് വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. മൊബൈൽ ആന്‍റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ, സ്‌ഫോടക വസ്തുക്കൾ വഹിക്കുന്ന ഡ്രോൺ ബോട്ട്, ആളില്ലാത്ത അണ്ടർവാട്ടർ കപ്പൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.