ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ജമാഅത്തെ ഇസ്‌ലാമിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി പുതിയ നേതൃത്വം. ഓഗസ്റ്റ് 1ന് പുറപ്പെടുവിച്ച നിരോധനമാണ് നീക്കം ചെയ്‌തത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും നേതൃത്വം അറിയിച്ചു. ദശലക്ഷക്കണക്കിന് അനുഭാവികളുള്ള ജമാഅത്തെ ഇസ്‌ലാമിയെ 2013ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഹസീനയുടെ നേതൃത്വത്തിലുളള സർക്കാർ പിന്നീട് ഓഗസ്റ്റ് 1ന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയെ പൂർണമായും നിരോധിക്കുകയുണ്ടായി. ഈ വിലക്കാണ് ഇപ്പോൾ നീക്കിയത്.
പാർട്ടിയുടെ തന്നെ വിദ്യാർഥി സംഘടനയായ 'ഇസ്‌ലാമി ഛത്ര ഷിബിറി'ന് എതിരെയുളള വിലക്കും നീക്കിയതായി ഉത്തരവിൽ പറഞ്ഞു. തീവ്രവാദത്തിലും അക്രമത്തിലും പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞാണ് നിരോധം നീക്കിയത്. ബംഗ്ലാദേശിലെ നാഷണലിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്ന രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നാണ് ജമാഅത്തെ ഇസ്‌ലാമി.
Also Read: ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയല്ല; ആരോപണം തളളി വിദേശകാര്യ മന്ത്രാലയം