ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 23 പേർക്കുമെതിരായ കൊലപാതക കേസിന്‍റെ അന്വേഷണ റിപ്പോർട്ട് നവംബർ 28-നകം സമർപ്പിക്കാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി. ധാക്ക അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എംഡി സിയാദുർ റഹ്മാനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടതെന്ന് ദ ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്‌തു.
ധാക്കയിലെ മിർപൂരിൽ നടന്ന വിദ്യാർഥി പ്രതിഷേധം ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാര്‍ അടിച്ചമര്‍ത്തുന്നതിനിടെ 18-കാരി മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതക കേസ് എടുത്തിരിക്കുന്നത്. സർക്കാർ ജോലികളിലെ വിവാദ സംവരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ജൂലൈ പകുതി മുതൽ നൂറുകണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ സഹോദരനാണ് കേസ് ഫയല്‍ ചെയ്‌തത്. തന്‍റെ സഹോദരന്‍റെ മരണത്തിനും മറ്റ് വിദ്യാർഥികൾക്ക് പരിക്കേറ്റതിലേക്കും നയിച്ച അക്രമണസംഭവത്തില്‍ പ്രതികൾക്ക് നേരിട്ട് പങ്കുണ്ടോ അല്ലെങ്കിൽ അതിന് സഹായം ചെയ്‌തോ എന്ന് കണ്ടെത്തണമെന്നായിരുന്നു പരാതി.
ഹസീനയെ കൂടാതെ മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ക്വദർ, മുൻ നിയമമന്ത്രി അനിസുൽ ഹഖ്, പൊലീസ് മുൻ ഇൻസ്‌പെക്‌ടർ ജനറൽ ചൗധരി അബ്‌ദുല്ല അൽ മാമുൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അതേസമയം പ്രതിഷേധം അക്രമാസക്തമായതോടെ 77-കാരിയായ ഹസീന ഓഗസ്റ്റ് 5-ന് ഇന്ത്യയിലേക്ക് പലായനം ചെയ്‌തു. അതേസമയം 194 കൊലപാതകങ്ങൾ ഉൾപ്പെടെ 225 കേസുകളാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിലുള്ളത്.