ഇസ്‌ലാമാബാദ് (പാകിസ്ഥാൻ) : പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി തന്‍റെ മകൾ ആസിഫ ഭൂട്ടോയെ രാജ്യത്തിന്‍റെ പ്രഥമ വനിത ആക്കുമെന്ന് റിപ്പോർട്ട് പുറത്ത്. സാധാരണ രീതിയിൽ ഒരു പ്രസിഡന്‍റ് തന്‍റെ ഭാര്യയ്‌ക്ക് നൽകുന്ന പദവിയാണിത്. എന്നാൽ പ്രഥമ വനിത സ്ഥാനത്തേക്ക് ഒരു പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ ഭാര്യയ്‌ക്ക് പകരം തന്‍റെ മകളെ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമാണ് (President Asif Zardari's Daughter to Become First Lady of Pakistan).
ആസിഫ ഭൂട്ടോയെ പ്രഥമ വനിത സ്ഥാനത്തേക്ക് ഉയർത്തുന്നതിലൂടെ പാകിസ്ഥാന്‍റെ രാഷ്‌ടീയ ചരിത്രത്തിൽ തന്നെ ഒരു നാഴിക കല്ലായി ഈ സംഭവം മാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. പ്രഥമ വനിത സ്ഥാനത്തേക്ക് ആസിഫ ഭൂട്ടോയെ പ്രഖ്യാപിച്ചതിന് ശേഷം പ്രഥമ വനിതയ്ക്ക് നൽകുന്ന പ്രോട്ടോക്കോളും പ്രത്യേകാവകാശങ്ങളും നൽകുമെന്ന് പാകിസ്ഥാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
പ്രഥമ വനിത എന്ന പദവി വഹിക്കുന്നത് ഒരു രാജ്യത്തിന്‍റെ ഒരു പ്രസിഡന്‍റിന്‍റെ മകൾ ആണെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഞായറാഴ്‌ച ( മാർച്ച് 10 - 2024) പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനായ ആസിഫ് അലി സർദാരി പാകിസ്ഥാന്‍റെ 14-ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌തു, ചരിത്രപരമായി രണ്ടാം തവണയാണ് രാഷ്‌ട്രത്തലവനാകുന്നത്. സൈനിക മേധാവികളെ ഒഴിവാക്കി രണ്ടാമതും പാകിസ്ഥാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഏക സിവിലിയൻ സ്ഥാനാർഥി എന്ന പ്രത്യേകതയും ആസിഫ് അലി സർദാരിയ്‌ക്കുണ്ട്.
പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതനുസരിച്ച്, തൻ്റെ എതിർ സ്ഥാനർഥിയായ പഷ്‌തൂൻഖ്വ മില്ലി അവാമി പാർട്ടിയുടെ (പികെഎംഎപി) തലവനായ മെഹ്‌മൂദ് ഖാൻ അചക്‌സായിക്കെതിരെ സർദാരി 411 വോട്ടുകളാണ് നേടിയത്. ഇസ്‌ലാമാബാദിലെ പ്രസിഡന്‍റ് ഹൗസിൽ ഇന്നലെ നടന്ന ചടങ്ങിൽ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഈസ സർദാരിക്ക് സത്യപ്രതിജ്ഞയ്‌ക്കായുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആരിഫ് അൽവിയും സത്യപ്രതിജ്ഞ സമയത്ത് അടുത്തുണ്ടായിരുന്നു. ചടങ്ങിൽ കരസേന മേധാവി ജനറൽ അസിം മുനീർ, ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, പിപിപി മേധാവി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരും പങ്കെടുത്തു.