വാഷിങ്ടൺ : പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യക്കാർ വോട്ട് ചെയ്യാൻ സാധ്യതയുള്ളത് പൈതൃകത്തിന്‍റെയോ വംശത്തിന്‍റെയോ അടിസ്ഥാനത്തിലല്ലെന്ന് അമേരിക്കയിലെ ട്രംപ് അനുകൂല ഏഷ്യന്‍ സംഘടന. ഇന്ത്യക്കാര്‍ വോട്ട് ചെയ്യുക സ്ഥാനാർഥികൾ തങ്ങൾക്ക് വേണ്ടി ചെയ്‌ത് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഏഷ്യൻസ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) സംഘടന പറഞ്ഞു. ഏഷ്യൻ സമൂഹങ്ങളെ പ്രതിനിധീകരിച്ച് പുതുതായി രൂപീകരിച്ച സംഘടനയാണ് മാഗാ.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് എതിരാളിയായ കമല ഹാരിസിനേക്കാൾ മികച്ച ട്രാക്ക് റെക്കോർഡുണ്ടെന്നും സംഘടന അവകാശപ്പെട്ടു. 'ഇന്ത്യൻ അമേരിക്കക്കാർ ശരിക്കും പൈതൃകം മാത്രമല്ല നോക്കുക, മത്സരിക്കുന്ന വ്യക്തി എന്താണ് ചെയ്‌തത് എന്ന് നോക്കും. അവർ ഒരേ മൂല്യങ്ങൾ പുലർത്തുന്നുണ്ടോ എന്ന് നോക്കും.'- ഏഷ്യൻസ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ സംഘടനയുടെ സഹസ്ഥാപക ഹോളി ഹാം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു,
വിദ്യാഭ്യാസ അവകാശങ്ങളുടെ കാര്യത്തിലും മറ്റ് കാര്യങ്ങളിലും ഇന്ത്യക്കാർക്കും ഏഷ്യൻ സമൂഹത്തിനും വേണ്ടി കമല ഹാരിസ് എന്താണ് ചെയ്‌തത് എന്ന് ഹോളി ഹാം ചോദിച്ചു. അവര്‍ കാലിഫോർണിയയിലെ പ്രൊപ്പോസിഷൻ 47-നെ പിന്തുണച്ചു. കാലിഫോർണിയയിലെ സർവകലാശാലകൾക്കുള്ള വംശീയ ക്വാട്ടയെ പിന്തുണയ്‌ക്കുന്നതായിരുന്നു അത്. അതൊരു വലിയ പ്രശ്‌നമാണെന്നും ഹോളി ഹാം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് കൈയടക്കലിൽ തങ്ങള്‍ക്ക് ഭയമുണ്ടെന്ന് മാഗാ സംഘടന പറയുന്നു.
ഏഷ്യൻ മാഗയുടെ അഭിപ്രായത്തിൽ, പുതുതായി കുടിയേറിയ ഏഷ്യക്കാരില്‍ 39 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ്. 29 ശതമാനം ഏഷ്യൻ വോട്ടർമാർ സ്വതന്ത്രരായി നില്‍ക്കുകയാണ്. സ്വിങ് സ്റ്റേറ്റുകളിലെ ഏഷ്യൻ വോട്ടുകൾ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറിയേക്കാമെന്ന് സംഘടന വിലയിരുത്തുന്നു.
ഏഷ്യൻ അമേരിക്കൻ നേതാക്കൾ ചേർന്ന് രൂപീകരിച്ച ഒരു ദേശീയ സ്വതന്ത്ര സഖ്യമാണ് ഏഷ്യൻ മാഗാ. ചൈന, ഇന്ത്യ, കൊറിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യൻ യാഥാസ്ഥിതികരെയും മിതവാദികളെയും അണിനിരത്തി 2024-ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ട്രംപിനെ വിജയിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
ന്യൂയോർക്ക്, കാലിഫോർണിയ, ഇല്ലിനോയിസ് തുടങ്ങിയ ഡെമോക്രാറ്റിക് കോട്ടകളിലും റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ടെക്‌സാസിലുമാണ് ഇന്ത്യന്‍ വംശജര്‍ പ്രധാനമായും താമസിക്കുന്നത്. എന്നാൽ മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ ചില പ്രധാന പ്രദേശങ്ങളിലെ വിജയത്തിന് ഇന്ത്യക്കാരുടെ വോട്ടിന് നിര്‍ണായക പങ്കുണ്ട്.
അമേരിക്കയില്‍ ഏകദേശം അഞ്ച് ദശലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കമല ഹാരിസ് സ്ഥാനാര്‍ഥിയാകുമ്പോള്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ മികച്ച പിന്തുണ ഉണ്ടാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
Also Read: ഇനിയുമിത് സാധരണ സംഭവമായി കണക്കാക്കാനാകില്ല; സ്‌കൂള്‍ വെടിവയ്പ്പില്‍ പ്രസിഡന്‍റ് ബൈഡന്‍