നെയ്‌റോബി: കെനിയയില്‍ നികുതി വര്‍ധനവിനെതിരെ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 39 പേര്‍ മരിച്ചു. 360 പേര്‍ക്ക് പരിക്കുണ്ട്. പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടരുകയാണ്.
കെനിയ നാഷണല്‍ കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് (കെഎന്‍സിഎച്ച്ആര്‍) ആണ് കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളുടെ ഇരട്ടിയാണിത്. ജൂണ്‍ 18 മുതല്‍ ജൂലൈ ഒന്ന് വരെയുള്ള കണക്കുകളാണിത്. 32 പേരെ കാണാതായിട്ടുണ്ട്. 627 പേരെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.
സമാധാനപരമായി നടന്ന പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്‌ചയോടെയാണ് ആക്രമാസക്തമായത്. ജനക്കൂട്ടം പാര്‍ലമെന്‍റിലേക്ക് ഇരച്ചു കയറി. തുടര്‍ന്ന് പൊലീസ് വെടിവയ്‌പ് നടത്തുകയായിരുന്നു.
പ്രസിഡന്‍റ് വില്യം റുട്ടോ അധികാരത്തിലേറിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 19 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രസിഡന്‍റ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം തന്‍റെ കയ്യില്‍ ആരുടെയും രക്തം പുരണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റൂട്ടോ രാജിവയ്ക്കണമെന്നും ബജറ്റ് അഴിമതിക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. അതിനിടെ പ്രക്ഷോഭത്തിനിടയാക്കിയ നികുതി വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചു.
കെനിയയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അറിയിച്ചു. പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. വളരെ അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നുമാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.