വാഷിംഗ്‌ടൺ ഡിസി : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് നോമിനിയായി അംഗീകരിച്ചതോടെ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പ്രസിഡന്‍റ് ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതിനാൽ അമേരിക്കയുടെ ചരിത്രത്തില്‍ പാർട്ടി ടിക്കറ്റിൽ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയായി കമല ഹാരിസ് (59) മാറാൻ സാധ്യതയുണ്ട്. മറ്റ് മുതിർന്ന ഡെമോക്രാറ്റുകളുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുന്‍പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ നോമിനേറ്റ് ചെയ്യാനുള്ള ചര്‍ച്ചകളും ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്ത് നടക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും പാലക്കാട് വേരുകളുമുള്ള വിവേക് രാമസ്വാമിയും മിഷേല്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വത്തെ പറ്റി പരാമര്‍ശിച്ചിരുന്നു.
ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷനിലാകും ബൈഡന്‍റെ നിര്‍ദേശം ചര്‍ച്ച ചെയ്യപ്പെടുക. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിച്ചാൽ അമേരിക്കയുടെ ആദ്യ വനിതയും ഇന്ത്യൻ വംശജയുമായ പ്രസിഡന്‍റ് എന്ന ചരിത്ര ബഹുമതിയാകും കമല ഹാരിസിനെ തേടിയെത്തുക.
ജമൈക്കന്‍ - ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകളായ കമല ഹാരിസ്, മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ശക്തമായ വെല്ലുവിളിയായാണ് നിലകൊള്ളുന്നത്. ഇക്കാരണം കൊണ്ടുതന്നെ, കമല ഹാരിസിന്‍റെ ഇന്ത്യൻ വേരുകള്‍ വരും മാസങ്ങളിൽ വീണ്ടും ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാണ് കമല ഹാരിസ്? : ജമൈക്കക്കാരൻ ഡൊണാൾഡ് ജെ. ഹാരിസിന്‍റെയും ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലന്‍റെയും മകളാണ് കമല ഹാരിസ്. യുസി ബെർക്ക്‌ലിയിൽ ഡോക്‌ടറൽ പ്രോഗ്രാം ചെയ്യാനാണ് കമല ഹാരിസിന്‍റെ മാതാവ് അമേരിക്കയിലേക്ക് കുടിയേറിയത്.
വിദ്യാഭ്യാസം : 1970-ൽ കമല ഹാരിസും അമ്മയും സഹോദരിയും കാലിഫോർണിയയിലേക്ക് മടങ്ങി. പിതാവ് ഡൊണാള്‍ഡ് ഹാരിസ് മിഡ്‌വെസ്റ്റിൽ തന്നെ തുടരുകയും ചെയ്‌തു. കമല ഹാരിസിന് ഏഴ് വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വേര്‍പിരിയുന്നത്.
കമലയ്ക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ സഹോദരിക്കും അമ്മയ്ക്കുമൊപ്പം ക്യൂബെക്കിലെ മോൺട്രിയലിലേക്ക് മാറി. ഇവിടെയാണ് കമല ഹാരിസ് വിവിധ സ്‌കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. വെസ്റ്റ്മൗണ്ട് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കമല ഹാരിസ് 1981-1982 കാലഘട്ടത്തില്‍ മോൺട്രിയലിലെ വാനിയർ കോളജിൽ ചേർന്നു.
1982-ൽ ആണ് കമല ഹാരിസ് വാഷിംഗ്‌ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ ചേരുന്നത്. ഹോവാർഡ് കാലഘട്ടത്തില്‍ തന്നെ കാലിഫോർണിയ സെനറ്റർ അലൻ ക്രാൻസ്റ്റണിന്‍റെ മെയിൽറൂം ക്ലർക്ക് ആയി കമല ജോലി ചെയ്‌തു. 1986-ൽ ഹോവാർഡിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും സാമ്പത്തിക ശാസ്‌ത്രത്തിലും അവര്‍ ബിരുദം നേടി.
പിന്നീട് കാലിഫോർണിയയില്‍ തിരിച്ചെത്തിയ കമല, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഹേസ്റ്റിങ്‌സ് കോളജ് ഓഫ് ലോയില്‍ നിന്ന് നിയമ പഠനം ആരംഭിച്ചു. ഹേസ്റ്റിങ്‌സിൽ പഠിക്കുന്ന കാലത്ത് തന്നെ ബ്ലാക്ക് ലോ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി കമല പ്രവര്‍ത്തിച്ചു. 1989-ൽ ജൂറിസ് ഡോക്‌ടറിൽ ബിരുദം നേടിയ കമല 1990 ജൂണിൽ കാലിഫോർണിയ ബാറിൽ അംഗമായി.
പ്രൊഫഷണൽ കരിയർ : അലമേഡ കൗണ്ടിയിലെ ഡിസ്ട്രിക്റ്റ് അറ്റോർണി (ഡിഎ) ഓഫിസിലാണ് കമല ഹാരിസ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സാൻ ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫിസിലേക്കും പിന്നീട് സാൻ ഫ്രാൻസിസ്കോ സിറ്റി അറ്റോർണിയുടെ ഓഫിസിലേക്കും കമല റിക്രൂട്ട് ചെയ്യപ്പെട്ടു.
2003-ൽ കമല സാൻ ഫ്രാൻസിസ്കോയിലെ ജില്ല അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കമല 2014-ലും വിജയം ആവര്‍ത്തിച്ചു. 2017 മുതൽ 2021 വരെ കാലിഫോർണിയയിലെ ജൂനിയർ യുഎസ് സെനറ്ററായും കമല സേവനമനുഷ്‌ഠിച്ചു.
2016 സെനറ്റ് തെരഞ്ഞെടുപ്പിൽ ലോറെറ്റ സാഞ്ചസിനെ തോൽപ്പിച്ച കമല, രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയും യുഎസ് സെനറ്റിൽ സേവനമനുഷ്‌ഠിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമായി. രേഖകളില്ലാതെ കുടിയേറ്റക്കാർക്ക് പൗരത്വം നല്‍കല്‍, ഡ്രീം ആക്‌ട്, തോക്ക് നിയന്ത്രണ നിയമങ്ങൾ, കഞ്ചാവിന്‍റെ ഫെഡറൽ ഡി-ഷെഡ്യൂളിങ്, ആരോഗ്യ സംരക്ഷണം, നികുതി പരിഷ്‌കരണം എന്നിവയ്ക്കായി സെനറ്റർ ആയ കാലഘട്ടത്തില്‍ കമല ഹാരിസ് വാദിച്ചു. ട്രംപിന്‍റെ സുപ്രീം കോടതി നോമിനി ബ്രെറ്റ് കവനോവ് ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ സെനറ്റ് ഹിയറിങ്ങുകൾക്കിടയിൽ കൃത്യമായി ചോദ്യം ചെയ്‌ത കമല ഹാരിസ് ദേശീയ തലത്തില്‍ പ്രശസ്‌തി നേടിയിരുന്നു.
2020-ലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിന് കമല ശ്രമിച്ചിരുന്നെങ്കിലും പ്രൈമറികൾക്ക് മുമ്പ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 2024-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ബൈഡൻ, ഹിലരി ക്ലിന്‍റൺ, ബിൽ ക്ലിന്‍റൺ തുടങ്ങിയവരില്‍ നിന്ന് കമല ഹാരിസിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
Also Read : 'കമല ഒരു തമാശ, ബൈഡനേക്കാള്‍ മോശം': പരിഹസിച്ച് ട്രംപ് - Trump on Kamala Harris nomination