ഇന്‍സ്‌റ്റഗ്രാമില്‍ കൊടുങ്കാറ്റ് തന്നെ സൃഷ്‌ടിച്ച് 'ഓള്‍ ഐസ് ഓണ്‍ റഫ' എന്ന ചിത്രം. ഇതിനോടകം 440 ലക്ഷം പേരാണ് ചിത്രം സ്‌റ്റോറിയായി പങ്കുവച്ചത്. ഗാസയിലെ പലസ്‌തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ചിത്രം പ്രചരിച്ച് തുടങ്ങിയത്.
വിശാലമായൊരു മരുഭൂമിയാണ് ചിത്രത്തിലുള്ളത്. ഇതില്‍ കുത്തുകള്‍ പോലെ ചെറിയ ചെറിയ കുടിലുകള്‍ കാണാം. അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്ന നൂറ് കണക്കിന് പലസ്‌തീനികളെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത്. ഇസ്രയേല്‍ ഹമാസിന് നേരെ നടത്തുന്ന സൈനിക നടപടികള്‍ക്കിടെയാണ് ഇവര്‍ ഈ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
പ്രശസ്‌തരായ പലരും ചിത്രം പങ്കിട്ടിട്ടുണ്ട്. ചിലിയന്‍-അമേരിക്കന്‍ താരം പെഡ്രോ പാസ്‌കല്‍, സൂപ്പര്‍ മോഡലുകളായ ബെല്ല-ജിഗി ഹദീദ്, ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്‌മാന്‍ ഡെമ്പിള്‍ തുടങ്ങിയവര്‍ അവരുടെ ഇന്‍സ്‌റ്റാഗ്രാം ഹാന്‍ഡിലില്‍ ചിത്രം പങ്കിട്ടിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളും ചിത്രം പങ്കിട്ടു. പ്രിയങ്കചോപ്ര, ആലിയഭട്ട്, കരീന കപൂര്‍, സോനം കപൂര്‍, സാമന്ത റൂത്ത് പ്രഭു, വരുണ്‍ ധവാന്‍, ഹിന ഖാന്‍, കങ്കണ സെന്‍ ശര്‍മ്മ, ആറ്റ്ലി, ദുല്‍ഖര്‍ സല്‍മാന്‍, വിര്‍ദാസ്, ദിയ മിര്‍സ, തൃപ്‌തി ദിമ്രി, ശില്‍പ റാവു, ഭൂമി പെഡ്നെക്കര്‍, രാകുല്‍ പ്രീത് സിങ്ങ് തുടങ്ങിയവരും ചിത്രം പങ്കിട്ടവരുടെ കൂട്ടത്തിലുണ്ട്.
ഇന്‍സ്‌റ്റഗ്രാമിന് പുറമെ മറ്റ് സാമൂഹ്യമാധ്യമ ഹാന്‍ഡിലുകളിലും ആള്‍ ഐസ് ഓണ്‍ റഫയ്ക്ക് മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. എക്‌സില്‍ ഈ ഹാഷ് ടാഗ് ഉപയോഗിച്ചിരിക്കുന്നത് പത്ത് ലക്ഷത്തിലേറെ പേരാണ്. ഇതിന് പുറമെ മൂന്ന് ദിവസം കൊണ്ട് മാത്രം ഈ വിഷയത്തില്‍ 275 ലക്ഷം സന്ദേശങ്ങളും പങ്കിട്ടിട്ടുണ്ട്.
ഞായറാഴ്‌ച ഇസ്രയേല്‍ ആക്രമണത്തില്‍ 45 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്‌ടമായത്. 249 പേര്‍ക്ക് പരിക്കേറ്റെന്നും ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹമാസിന്‍റെ രണ്ട് ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു. അതേസമയം സംഭവം ദാരുണ അപകടമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സംഭവത്തെക്കുറിച്ച് തന്‍റെ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് തുടക്കമിട്ട ആക്രമണത്തില്‍ 1,189 പേർക്കാണ് അന്ന് മാത്രം ജീവന്‍ നഷ്‌ടമായത്. ഇതിലേറെയും സാധാരണക്കാരായിരുന്നു. 252 പേരെ ഹമാസ് ബന്ദികളാക്കി. 37 ഇസ്രയേലികള്‍ക്ക് ജീവന്‍ നഷ്‌ടമായെന്ന് അവര്‍ പറയുന്നു. 121 പേര്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടു. ഇതിന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടിയില്‍ 36,171 പേര്‍ക്കാണ് ഗാസയില്‍ ജീവന്‍ നഷ്‌ടമായത്.