ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ വേറിട്ട പ്രതിഷേധവുമായി അമേരിക്കൻ സ്‌ത്രീകള്‍. ട്രംപ് പ്രസിഡന്‍റായി അധികാരത്തിലേറിയാല്‍ ലൈംഗികത, ഡേറ്റിങ്, വിവാഹം, കുട്ടികൾ എന്നിവ ബഹിഷ്‌കരിക്കുമെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദക്ഷിണ കൊറിയയില്‍ ഉടലെടുത്ത 4B പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ അമേരിക്കയിലും അതേ രീതിയില്‍ പ്രതിഷേധം ഉയരുന്നത്.
2019ലായിരുന്നു ദക്ഷിണ കൊറിയയില്‍ 4B മൂവ്‌മെന്‍റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷാധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആശയത്തിന് സ്‌ത്രീ സംഘടനകള്‍ രൂപം നല്‍കിയത്. സാമ്പത്തിക രംഗത്തടക്കം വിവേചനം ശക്തമായിരുന്ന സാഹചര്യത്തില്‍ പുരുഷന്മാരുമായുള്ള ഇടപഴകല്‍ കുറയ്‌ക്കാൻ സ്‌ത്രീകള്‍ തീരുമാനിക്കുകയായിരുന്നു. ഡേറ്റിങ്ങിന് പോകില്ല, വിവാഹത്തിന് അനുമതി നല്‍കില്ല, ലൈംഗികതയിൽ ഏർപ്പെടില്ല, കുട്ടികള്‍ക്ക് ജന്മം നല്‍കില്ല തുടങ്ങിയ നാല് കാര്യങ്ങളായിരുന്നു പ്രസ്ഥാനത്തിന്‍റെ വക്താക്കള്‍ മുന്നോട്ടുവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപ്പോള്‍ അമേരിക്കയിലും 4B മൂവ്‌മെന്‍റ് വ്യാപിക്കുകയാണ്. ട്രംപ് അധികാരത്തിലേറുന്നതോടെ ഗർഭഛിദ്ര നിയമങ്ങളിലും സ്‌ത്രീ സുരക്ഷ നിയമങ്ങളിലും മാറ്റം വരുമെന്നാണ് പ്രതിഷേധക്കാരുടെ ഭയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇക്കാര്യത്തില്‍ കമല ഹാരിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരും ഗര്‍ഭഛിദ്രം പൂര്‍ണമായും തടയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് കമല അഭിപ്രായപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടതില്‍ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വനിത പ്രസിഡന്‍റ് അധികാരത്തില്‍ വരാൻ രാജ്യത്തെ പുരുഷന്മാര്‍ സമ്മതിക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അമേരിക്കയിലെ പുരുഷന്മാര്‍ എപ്പോഴും വനിതകള്‍ക്ക് എതിരാണെന്ന് പറഞ്ഞ് കരയുന്ന യുവതിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ 4B മൂവ്‌മെന്‍റിനെ കുറിച്ച് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളും ട്രെൻഡിങ്ങാണ്.
Also Read : 'വാഗ്‌ദാനങ്ങൾ പ്രാവര്‍ത്തികമാക്കി ഇസ്രായേലി ആക്രമണം തടയണം'; അറബ്, മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് ഹമാസ്