പേവിഷബാധയ്ക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാക്കൊല്ലവും സെപ്റ്റംബര്‍ 28 ലോക പേ വിഷബാധ ദിനമായി ആചരിക്കുന്നു. പേ വിഷ ബാധ തടയുന്നതിനായി ബോധവത്ക്കരണത്തിനായി ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഒപ്പം ഈ രോഗത്തെ തുരത്തുന്നതില്‍ മാനവരാശി കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഈ ദിനാചരണം ഉപയോഗിക്കുന്നു. പതിനെട്ടാമത് ലോക പേ വിഷ ബാധ ദിനമാണ് ഇക്കൊല്ലം നാം ആചരിക്കുന്നത്.
ആദ്യ പേ വിഷ വാക്‌സിന്‍ വികസിപ്പിച്ച ഫ്രഞ്ച് ശാസ്‌ത്രജ്ഞന്‍ ലൂയി പാസ്റ്ററിന്‍റെ ചരമദിനമാണ് സെപ്റ്റംബര്‍ 28. പേ വിഷബാധയെ പ്രതിരോധിക്കാന്‍ ഇന്ന് നമുക്ക് വാക്‌സിനുകളും മരുന്നുകളും ഉപകരണങ്ങളും സാങ്കേതികതകളും ഒക്കെയുണ്ട്.
150 രാജ്യങ്ങളിലെ 59000 പ്രതിവര്‍ഷ മരണങ്ങള്‍ക്ക് കാരണം പേ വിഷബാധയാണ്. ഇതില്‍ 95ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമായാണ് സംഭവിക്കുന്നത്.
പേ വിഷബാധ ദിന ചരിത്രം: ആദ്യമായി പേവിഷബാധ വാക്‌സിന്‍ വികസിപ്പിച്ചത് പ്രശസ്‌ത ഫ്രഞ്ച് ശാസ്‌ത്രജ്ഞനായ ലൂയി പാസ്റ്ററാണ്. പേവിഷ ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാന നേട്ടമായിരുന്നു ഇത്. ലോകാരോഗ്യ സംഘടനയും ഭക്ഷ്യ കാര്‍ഷിക സംഘടനയും ചേര്‍ന്നാണ് ലോക പേ വിഷ ബാധ ദിനാചരണത്തിന് തുടക്കം കുറിച്ചത്. പേ വിഷത്തെക്കുറിച്ചും ഇതിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദിനാചരണം തുടങ്ങിയത്.
ഇക്കൊല്ലത്തെ വിഷയം: 'പേ വിഷബാധയുടെ അതിരുകള്‍ ഭേദിക്കുക' (Breaking Rabies Boudaries)എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ വിഷയം. പേ വിഷബാധയ്ക്കെതിരെ വിവിധ മേഖലകളും പ്രദേശങ്ങളും ഒന്നിച്ച് നിന്ന് നൂതന തന്ത്രങ്ങളിലൂടെ ഈ മഹാമാരിയെ നേരിടുക എന്നതാണ് ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യ, മൃഗ, പാരിസ്ഥിതിക ആരോഗ്യ ശ്രമങ്ങളെ ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും ദിനാചരണം ഉയര്‍ത്തിക്കാട്ടുന്നു.
അതിരുകള്‍ ഭേദിച്ച് നമുക്ക് ഭൗമ, സാമൂഹ്യ-സാമ്പത്തിക, വിദ്യാഭ്യാസ തടസങ്ങള്‍ തകര്‍ത്ത് വ്യാപകമായ പ്രതിരോധവും ബോധവത്ക്കരണവും ആരോഗ്യപരിരക്ഷ ലഭ്യതയും ഉറപ്പാക്കാം. മേഖലകളും അതിരുകളും ഭേദിച്ചുള്ള സഹകരണത്തിലൂടെ സര്‍ക്കാരുകളെയും ആരോഗ്യസംഘടനകളെയും മൃഗപരിപാലന സേവനങ്ങളെയും സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇക്കൊല്ലത്തെ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്.
പേ വിഷത്തെക്കുറിച്ച് അറിയാം
മാരകമായ വൈറസ് രോഗമാണ് പേ വിഷബാധ . മനുഷ്യരടക്കമുള്ള സസ്‌തനികളുടെ കേന്ദ്ര നാഡീ വ്യൂഹത്തെയാണ് ഇത് ബാധിക്കുന്നത്. അണുബാധയുള്ള മൃഗത്തിന്‍റെ കടിയോ മാന്തലോ മൂലമാണ് രോഗം പടരുന്നത്. നായകളാണ് ഈ വൈറസിന്‍റെ സാധാരണ വാഹകര്‍. പേ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇത് മാരകമാകാനുള്ള സാധ്യതകളേറെയാണ്. അത് കൊണ്ട് തന്നെ ആദ്യം മുതല്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. നാഡീ സംവിധാനം വഴി വൈറസുകള്‍ തലച്ചോറിലെത്തുകയും ദേഷ്യം, തളര്‍ച്ച, വിഭ്രാന്തി തുടങ്ങി കടുത്ത നാഡീ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കടുത്ത പ്രശ്‌നമാണെങ്കിലും കൃത്യസമയത്തെ വാക്‌സിനേഷനിലൂടെയും മുറിവിനെ ശരിയായി പരിചരിക്കുന്നതിലൂടെയും ഇതിനെ ഒരു പരിധി വരെ തടയാനാകും. ഉയര്‍ന്ന വെല്ലുവിളിയുള്ള മേഖലകളില്‍ ബോധവത്ക്കരണവും നേരത്തെയുള്ള ഇടപെടലും പേ വിഷബാധ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മനുഷ്യരിലെ പേ വിഷബാധ ലക്ഷണങ്ങള്‍
പ്രാഥമിക ലക്ഷണങ്ങള്‍
പനിയുടെ ലക്ഷണങ്ങളായ തലവേദന, ക്ഷീണം, അസ്വസ്ഥത എന്നിവയാണ് പേവിഷബാധയുടെ ലക്ഷണങ്ങളും. കടിയേറ്റ ഭാഗത്ത് തരിപ്പും കുത്തലും ചൊറിച്ചിലും മറ്റും ഉണ്ടാകും. ഈ ലക്ഷണങ്ങളെല്ലാം ദിവസങ്ങളോളം തുടരാം.
അസുഖം കടുക്കുന്നു:
പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ രണ്ടാഴ്‌ചയ്ക്കകം രോഗി അതീവ ഗുരുതരാവസ്ഥയിലാകും. ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങള്‍, ആശയക്കുഴപ്പം, വിഭ്രാന്തി, വെള്ളത്തോടുള്ള പേടി, ദേഷ്യം,സന്നിപാതം, വായില്‍ നിന്ന് നുരയും പതയും വരിക തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.
ഇരുപത് ശതമാനം പേരില്‍ തളര്‍ച്ചയും ഉണ്ടാകുന്നു. പേശികള്‍ക്ക് ക്രമേണ തളരുനനു. ചിലപ്പോള്‍ ഇത് ഒരു കോമയിലേക്ക് നീങ്ങുകയും മരണം സംഭവിക്കുകയും ചെയ്യാം. പലപ്പോഴും ഇത്തരം പേ വിഷ ബാധ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല.
പേ വിഷബാധ പ്രതിരോധിക്കല്‍
അരുമ മൃഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കുക
വീട്ടില്‍ വളര്‍ത്തുന്ന അരുമ മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് നായ, പൂച്ച തുടങ്ങിയവയ്ക്ക്, കൃത്യമായ ഇടവേളകളില്‍ പേ വിഷ വാക്‌സിനുകള്‍ നല്‍കുക.
ജനങ്ങള്‍ക്ക് പ്രതിരോധ വാക്‌സിനുകള്‍ നല്‍കുക:
പേ വിഷബാധ ഉണ്ടാകുന്നതിന് മുന്‍പും ശേഷവും ഉപയോഗിക്കാനാകും വിധമുള്ള ഫലപ്രദമായ വാക്‌സിനുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മൂന്ന് തരം വാക്‌സിനുകള്‍ ആഗോളതലത്തില്‍ ലഭ്യമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റാബി വാക്‌സ് എസ്, സൈഡസ് ലൈഫ് സയന്‍സസ് ലിമിറ്റഡിന്‍റെ വാക്‌സി റാബ് എന്‍, സനോഫി പാസ്റ്ററിന്‍റെ വെറോറാബ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍.
ബോധവത്ക്കരണം:
നായകളുടെ സ്വഭാവത്തെയും കടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളെയും കുറിച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്ക്കരിക്കുക എന്നതാണ് പ്രധാനം. കടിയോ മാന്തലോ ഏറ്റാല്‍ എന്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ചും പ്രാഥമിക വിവരങ്ങള്‍ പകരുക. അരുമ മൃഗങ്ങളെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയ്ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കുക.
- അരുമ മൃഗങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക:
നിങ്ങളുടെ വളര്‍ത്ത് മൃഗങ്ങള്‍ മറ്റ് മൃഗങ്ങളുമായി ഇടപഴകുന്നത് തടയുക.
- വന്യമൃഗങ്ങളുമായി ഇടപെടലുകള്‍ ഒഴിവാക്കുക
വന്യമൃഗങ്ങളുടെ സ്വഭാവം അറിയാത്തത് കൊണ്ട് തന്നെ അവയുമായി അടുത്ത് ഇടപെടുന്നത് ഒഴിവാക്കുക. ഇത്തരം ജീവികള്‍ക്ക് നിങ്ങള്‍ ഭക്ഷണം നല്‍കുന്നതും ഒഴിവാക്കേണ്ടതാണ്.
- നിങ്ങളുടെ സ്ഥലത്തെ പേ വിഷബാധയെക്കുറിച്ച് അറിയുക
പേ വിഷബാധയുടെ ലക്ഷണങ്ങളെക്കുറിച്ച് സാമാന്യബോധമുണ്ടാകുകയും ഏതെങ്കിലും മൃഗങ്ങളില്‍ ആ ലക്ഷണങ്ങള്‍ കണ്ടാല്‍ അധികൃതരെ വിവരം അറിയിക്കുക.
- അണുബാധ ഉണ്ടായാലുടന്‍ വൈദ്യസഹായം തേടുക
മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
- രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും മുമ്പ് തന്നെ വാക്‌സിന്‍ സ്വീകരിക്കുക
കൃത്യമായ ഇടവേളകളില്‍ പേ വിഷ ബാധയ്ക്കെതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കുക.
ഇന്ത്യയിലെ പേ വിഷബാധ
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പേ വിഷബാധ തിരിച്ചറിഞ്ഞിരുന്നു. പുരാതന മെസപ്പട്ടേമിയയിലും ഇന്ത്യയിലുമാണ് പേ വിഷബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരുന്നത്. സുശ്രുത സംഹിതയിലും മറ്റും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ത്യയിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് രാജ്യത്ത് ആദ്യമായി പേ വിഷ വാക്‌സിന്‍ വികസിപ്പിച്ചത്. 1970ലായിരുന്നു ഇത്. വായില്‍ കൂടി നല്‍കുന്ന വാക്‌സിനായിരുന്നു അത്.
കണക്കുകള്‍
വാക്‌സിനിലൂടെ പ്രതിരോധിക്കാനാകുന്ന പകര്‍ച്ച വ്യാധിയാണ് പേ വിഷബാധ. ലോകത്തെ പേ വിഷബാധയുടെ 36ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005നും 2020നുമിടയില്‍ രാജ്യത്തെ പേ വിഷ ബാധയില്‍ ഗണ്യമായ കുറവുണ്ട്. ഒരു കോടി ജനങ്ങളില്‍ 2.36ല്‍ നിന്ന് 0.41ശതമാനത്തിലേക്കാണ് രോഗബാധ ഇടിഞ്ഞത്. 2022ല്‍ 307 പേര്‍ പേ വിഷബാധമൂലം രാജ്യത്ത് മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. പശ്ചിമബംഗാള്‍, മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ രാജ്യങ്ങളായിരുന്നു യഥാക്രമം തൊട്ടുപിന്നാലെ ഉണ്ടായിരുന്നത്.
2023ല്‍ 286 പേര്‍ പേ വിഷബാധയേറ്റ് മരിച്ചതായി 2024 ജൂലൈ 30ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കൊല്ലം രാജ്യത്ത് 30 ലക്ഷം പേര്‍ക്ക് നായകടിയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പേ വിഷബാധ നിയന്ത്രിക്കുന്നതിന് സ്വീകരിക്കാവുന്ന ചിലത്
- നായകള്‍ക്ക് വാക്‌സിന്‍ നല്‍കുക
- തെരുവു നായകളെ വന്ധ്യംകരിക്കുക
- തെരുവുനായകളെ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക
- അരുമ മൃഗങ്ങളെ വളര്‍ത്തുന്നതിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക
- പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് പ്രചരണ പരിപാടികള്‍ ശക്തമാക്കുക
- പേ വിഷബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വാക്‌സിനുകള്‍ നിര്‍ബന്ധമാക്കുക
- കടിയേറ്റാലുടന്‍ വാക്‌സിന്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുക.
Also Read: ലോക ഗര്‍ഭനിരോധന ദിനം; എല്ലാവര്‍ക്കും തെരഞ്ഞെടുക്കാം, ആസൂത്രണത്തിനുള്ള സ്വാതന്ത്ര്യം