പൊടിയടിക്കുമ്പോഴും, ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ശാരീരികമായി പല ബുദ്ധിമുട്ടുമുണ്ടാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അലര്‍ജിയെന്നാണ് ഈ അവസ്ഥയെ പൊതുവെ പറയാറ്. 'എനിക്ക് അത് അലര്‍ജിയാണ്' എന്ന് പലരും പറയുമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഈ അവസ്ഥയെ കുറിച്ചുള്ള അറിവ് പൊതുവെ ഉണ്ടായിരിക്കില്ല. ഇത് മാറ്റിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ അലർജിയെയും അനുബന്ധ മെഡിക്കൽ കണ്ടീഷനെയും കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിനായാണ് ജൂൺ 23 മുതൽ 29 വരെ ലോക അലര്‍ജി വാരം സംഘടിപ്പിക്കുന്നത്. വേള്‍ഡ് അലര്‍ജി ഓര്‍ഗനൈസേഷന്‍റെ (ഡബ്ല്യു എ ഒ) നേതൃത്വത്തിലാണ് അലര്‍ജി വാരം സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി രോഗനിർണയം, പ്രതിരോധം, കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങളും പരിശീലനവും നല്‍കും.
ലോക അലർജി വാരത്തിൻ്റെ ചരിത്രവും പ്രാധാന്യവും: വേള്‍ഡ് അലര്‍ജി ഓര്‍ഗനൈസേഷനാണ് ആഗോളതലത്തില്‍ അലർജി ബോധവത്കരണ ദിനം ആചരിക്കുന്നത്. 2005ല്‍ ആയിരുന്നു ആദ്യമായി ലോകത്ത് അലര്‍ജി ദിനം ആചരിച്ചത്. പിന്നീട് അലർജി ദിനത്തിൻ്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതൽ സമയം ആവശ്യമാണെന്ന് തിരിച്ചറിയുകയും അലർജി വാരം ആചരിക്കാന്‍ തുടങ്ങുകയുമായിരുന്നു.
2011 മുതലാണ് ലോക അലർജി ബോധവത്കരണ വാരം ആചരിച്ച് തുടങ്ങിയത്. ഇതിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും അലർജി, ആസ്ത്മ, മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വളർത്താനും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക അലർജി വാരത്തിൻ്റെ തീം: എല്ലാ വർഷവും ലോക അലർജി സംഘടന അലർജിയെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്‌തമായ മുദ്രാവാക്യം കൊണ്ടുവരാറുണ്ട്. ഈ വർഷത്തെ തീം 'കുട്ടിക്കാലത്തെ ഭക്ഷണ അലർജികൾ ' (Childhood Food Allergies) എന്നതാണ്. തീമിനെക്കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കാന്‍ സഹായിക്കുന്ന വെബിനാറുകള്‍ നടത്താറുണ്ട്.
വേള്‍ഡ് അലർജി ഓര്‍ഗനൈസേഷൻ: ലോക അലർജി സംഘടന എന്നത് ലോകമെമ്പാടുമുള്ള 111 പ്രാദേശിക, ദേശീയ അലർജി, ക്ലിനിക്കൽ ഇമ്മ്യൂണോളജി സൊസൈറ്റികൾ അടങ്ങുന്ന ഒരു അന്തർദേശീയ സംഘടനയാണ്. വാരാചരണത്തിന്‍റെ ഭാഗമായി ലോക അലർജി സംഘടനയുടെ ഭാഗമായ മറ്റ് സംഘങ്ങളുമായി സഹകരിച്ച്, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ പരിപാടികളും സിമ്പോസിയങ്ങളും ലെക്‌ചർഷിപ്പുകളും നൽകാറുണ്ട്.
സാധാരണ അലർജികൾ: സാധാരണ അലർജി മൂലമുണ്ടാകുന്ന രോഗമാണ് അലർജിക് ആസ്ത്മ. ഡാൻഡർ-പൂച്ച, ഡാൻഡർ-നായ, വീട്ടിലെ പൊടിപടലങ്ങൾ, പ്രാണികൾ, കാക്കകൾ, പൂമ്പൊടി, കടലകള്‍ എന്നിവ അലര്‍ജിക്ക് കാരണമായേക്കാം. ചുമ, ശ്വാസംമുട്ടൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ശ്വാസതടസം, ചുണങ്ങ്, ചർമ്മത്തിലെ ചൊറിച്ചിൽ, ചൊറിച്ചിൽ, മൂക്കൊലിപ്പ് എന്നിവ അലർജി-ആസ്ത്മയുടെ ലക്ഷണങ്ങളാണ്. ഇന്ത്യയിലെ രണ്ട് ശതമാനം മുതിർന്നവരും രണ്ട് ശതമാനം കുട്ടികളും ആസ്ത്മ മുലം കഷ്‌ടപ്പെടുന്നുണ്ട്. ജനിതകശാസ്ത്രം, പരിസ്ഥിതി, ഭക്ഷണക്രമം, അണുബാധകൾ എന്നിവ ഉൾപ്പെടെയുളള മറ്റ് ഘടകങ്ങളും ഈ രോഗത്തെ സ്വാധീനിക്കാം.
Also Read: 40 വയസിന് താഴെയുള്ള ഇന്ത്യക്കാരിൽ ക്യാന്‍സര്‍ കൂടുന്നു; കാരണം ഇതാകാമെന്ന് ഡോക്‌ടർമാർ