ഹൈദരാബാദ്: ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്. ആരോഗ്യത്തോടൊപ്പം വശ്യമായ സൗന്ദര്യവും ഉണ്ടാകുമ്പോഴാണ് ആരോഗ്യം പൂര്‍ണമാകൂവെന്നതാണ് പുതുതലമുറയുടെ ചിന്താഗതി. അതുകൊണ്ട് അമിതവണ്ണം എന്നത് ഇക്കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. പ്രത്യേകിച്ചും ശരീര സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധചെലുത്തുന്ന സ്‌ത്രീകള്‍ക്ക് അമിതവണ്ണം ഏറെ മാനസിക പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്.
അമിതവണ്ണം ഏറെ ശാരീരിക പ്രയാസങ്ങള്‍ സൃഷ്‌ടിക്കുമെങ്കിലും ആരോഗ്യകരമായ രീതിയില്‍ ശരീര ഭാരം വര്‍ധിപ്പിക്കുന്നത് ഏറെ ഗുണകരവുമാണ്. കൃത്യമായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവ പാലിച്ചാല്‍ ആരോഗ്യകരമായ രീതിയില്‍ ശരീര ഭാരം വര്‍ധിപ്പിക്കാനാകും.
വുമണ്‍സ് ഹെല്‍ത്തി വെയ്‌റ്റ് ഡേ: ശരിയായ രീതിയില്‍ സ്‌ത്രീകള്‍ക്ക് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ദിനമാണ്, വുമണ്‍സ് ഹെല്‍ത്തി വെയ്‌റ്റ് ഡേ. വര്‍ഷം തോറും ജനുവരി മൂന്നാം വാരത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ രീതിയില്‍ ഭാരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അവബോധം വളര്‍ത്തുക, അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നതിനെ കുറിച്ച് ബോധവത്‌കരണം നടത്തുന്നതിനുമായാണ് ഈ ദിനം.
ആരോഗ്യ സംരക്ഷണത്തിനായി സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ജീവിതം നയിക്കല്‍ എന്നിവയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം വളര്‍ത്തുന്നതാണ് ഈ ദിനം. ഹെല്‍ത്തി വെയ്‌റ്റ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
വുമണ്‍സ് ഹെല്‍ത്തി വെയ്‌റ്റ് ഡേയുടെ ലക്ഷ്യം:
- ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
- തെറ്റായ ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ല മാര്‍ഗ നിര്‍ദേശം നല്‍കുക.
- ശരീരത്തെയും ശരീര ഭാരത്തെയും കുറിച്ച് അവബോധം വളര്‍ത്തുക.
- സാമൂഹികവും മാനസികവും ശാരീരികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക.
ശരീരഭാരം കൂട്ടലും കുറക്കലും അറിഞ്ഞിരിക്കേണ്ടത്: വിദഗ്‌ധര്‍ നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും ഓരോരുത്തരും ശരീര ഭാരം വര്‍ധിപ്പിക്കുന്നതും കുറക്കുന്നതും. ശരീരത്തിന് അമിതവണ്ണമുണ്ടെന്ന് തെറ്റിദ്ധരിച്ച് സ്വന്തമായി അത് കുറക്കുന്നവരില്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ശരീരത്തിന് കൂടുതല്‍ ഭംഗി ലഭിക്കണമെന്ന ചിന്തയില്‍ ഭക്ഷണത്തില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. പോഷകാഹാരക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ, പിത്താശയക്കല്ലുകൾ, നിർജ്ജലീകരണം, ഭക്ഷണ ക്രമക്കേടുകൾ, തലവേദന, ക്ഷീണം, തലകറക്കം, മലബന്ധം, ആർത്തവ ക്രമക്കേടുകൾ, മുടി കൊഴിച്ചിൽ, പേശികളില്‍ വേദന തുടങ്ങി നിരവധി പ്രയാസങ്ങള്‍ അമിതമായി ശരീരഭാരം കുറക്കുന്നവരില്‍ ഉണ്ടായേക്കും. ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്‍സും മിനറല്‍സും വെള്ളവും ലഭിക്കാത്തതാണ് ഇത്തരം അസുഖങ്ങള്‍ക്ക് കാരണമാകുന്നത്.
ബിഎംഐയിലൂടെ ആരോഗ്യ അവസ്ഥ അറിയാം: കാഴ്‌ചയില്‍ ഫിറ്റായ ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കണമെന്നില്ല. പ്രായപൂര്‍ത്തിയായ ഒരാളുടെ ബിഎംഐ(BMI) പരിശോധിച്ചാല്‍ അയാള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ എങ്ങനെയാണ് ഒരാള്‍ ഫിറ്റാണോയെന്ന് കണ്ടെത്താന്‍ സാധിക്കുക. ഇത് കണ്ടെത്താന്‍ ആശ്രയിക്കുന്ന ഏക മാര്‍ഗമാണ് ബിഎംഐ അതായത് ബോഡി മാസ് ഇന്‍ഡക്‌സ്. കിലോഗ്രാമിലുള്ള ശരീര ഭാരത്തെ മീറ്ററില്‍ ആക്കി ഉയരം കൊണ്ട് ഹരിക്കുക. ഫലം 18.5നും 24.9നും ഇടയിലാണെങ്കില്‍ ശരീര ഭാരം കൃത്യമാണെന്ന് അനുമാനിക്കുകയും ചെയ്യുന്നതാണ് രീതി.