ന്യൂഡല്‍ഹി : മതിയായ കായികാധ്വാനം ഇല്ലാത്തത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് വാസ്‌തവമാണ്. കായികാധ്വാനവും ശാരീരിക-മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും അടിവരയിടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ഇത്തരത്തില്‍ കായികാധ്വാനവുമായി ബന്ധപ്പെട്ടതാണ്.
പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്ക് കായികാധ്വാനം ഇല്ലാത്തത് മൂലം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ ജനതയുടെ മൂന്നിലൊന്ന് പേരാണ് മതിയായ കായികാധ്വാനം ഇല്ലാത്തത് കൊണ്ടുള്ള വെല്ലുവിളികള്‍ നേരിടുന്നത്. ഇതേ പ്രവണത തുടരുകയാണെങ്കില്‍ 2030ഓടെ ഇത് 35 ശതമാനത്തിെലത്തുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്‌ചയില്‍ മിതമായ തോതില്‍ 150 മിനിറ്റോ കഠിനമായ രീതിയില്‍ 75 മിനിറ്റോ കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരികാധ്വാനം ഇല്ലാത്തത് മൂലം ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, മറവി രോഗം, സ്‌തനാര്‍ബുദം അടക്കമുള്ള അര്‍ബുദങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടനയില്‍ നിന്നും അക്കാദമിക് രംഗത്ത് നിന്നുമുള്ള വിദഗ്‌ധര്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉയര്‍ന്ന കായികാധ്വാനത്തിലൂടെ അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ഒരുപരിധി വരെ അകറ്റി നിര്‍ത്താനും മാനസികാരോഗ്യം ആര്‍ജിക്കാനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ഗെബ്രിയോസിസ് പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള ഏഷ്യ-പസഫിക് മേഖലയിലും (48 ശതമാനം) ദക്ഷിണേഷ്യയിലും (45 ശതമാനം) ആണ് ശാരീരികാധ്വാനം ഏറ്റവും കുറവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യ മേഖലയില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലിത് 28 ശതമാനവും ഓഷ്യാനയില്‍ 14 ശതമാനവും ആണെന്നും കണക്കുകള്‍ പറയുന്നു. ആഗോളതലത്തില്‍ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കായികാധ്വാനം ഏറ്റവും കുറവ് സ്‌ത്രീകളിലാണ്. പുരുഷന്‍മാരില്‍ ഇത് 29 ശതമാനമാണെങ്കില്‍ സ്‌ത്രീകളില്‍ 34 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ചില രാജ്യങ്ങളില്‍ ഈ വ്യത്യാസം ഇരുപത് ശതമാനം വരെയാകാം. അറുപതിന് മേല്‍ പ്രായമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കായികാധ്വാനം ഇല്ലാത്തവരാണ്. പ്രായമായവരുടെ കായികാധ്വാനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആഗോള ആരോഗ്യത്തില്‍ നിശബ്‌ദ ഭീഷണിയാണ് കായികാധ്വാനം ഇല്ലായ്‌മയെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് പല അസുഖങ്ങള്‍ക്കും കാരണമായിത്തീരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് പ്രൊമോഷന്‍ മേധാവി ഡോ. റുഡിഗെര്‍ ക്രെച് വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ചില രാജ്യങ്ങളില്‍ നിന്ന് ചില ശുഭസൂചനകള്‍ ഉണ്ട്. ലോകത്തെ പകുതിയോളം രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 22 രാജ്യങ്ങള്‍ 2020ഓടെ കായികാധ്വാനമില്ലായ്‌മ പതിനഞ്ച് ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
താഴെത്തട്ടില്‍ നിന്ന് കായികാധ്വാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഓരോ രാജ്യവും കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. സാമൂഹ്യ കായികവിനോദങ്ങളും നടപ്പ്, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയവ അടക്കം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
Also Read: ഫിറ്റായിരിക്കാന്‍ കൃത്യമായ വ്യായാമം വേണം: 'മയോ' ക്ലിനിക്കിലെ പഠനറിപ്പോർട്ട് ഇങ്ങനെ