അടുക്കളയിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പലതരം പാത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പാത്രങ്ങളുടെ നിറവും ആകൃതിയും ഡിസൈനുമെല്ലാം ആകർഷണീയമാക്കുന്നവയാണ്. പണ്ടുകാലത്ത് ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് കളിമൺ പാത്രങ്ങളും മൺ പാത്രങ്ങളുമാണെങ്കിൽ ഇന്ന് അലൂമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ, നോൺ-സ്റ്റിക്ക് പാത്രങ്ങളോടാണ് ആളുകൾക്ക് പ്രിയം. പാത്രങ്ങളുടെ ഭംഗിയും ഭക്ഷണം പാകം ചെയ്യാനും വൃത്തിയാക്കാനുമുള്ള എളുപ്പവുമാണ് നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം വർധിച്ചുവരുന്നതിന്‍റെ പ്രധാന കാരണം. എന്നാൽ നോൺസ്റ്റിക്, ലോഹ പാത്രങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
നല്ല ആരോഗ്യം നിലനിർത്താനായി കഴിക്കുന്ന ഭക്ഷണങ്ങൾപോലെ പ്രധാനമാണ് എങ്ങനെ ഭക്ഷണം പാകം ചെയ്യുന്നുവെന്നുള്ളതും. ഭക്ഷണം പാകം ചെയ്യുന്ന രീതി ശരിയല്ലെങ്കിലും നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം. പാചകത്തിനായി ഉപയോഗിക്കുന്ന മിക്ക ലോഹ പാത്രങ്ങളിലും രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലേക്ക് വിഷവസ്‌തുക്കൾ എത്താൻ കാരണമാകുന്നു. അതിനാൽ നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങൾ സുരക്ഷിതമാണോയെന്ന് അറിയേണ്ടതുണ്ട്. ഈ അടുത്തിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും (എൻഐഎൻ) ചേർന്ന് ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളെ കുറിച്ച് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അവ ഏതൊക്കെയെന്ന് നോക്കാം
മൺപാത്രങ്ങൾ
കളിമൺ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് ഐസിഎംആറും എൻഐഎനും പറയുന്നു. കളിമൺ പാത്രങ്ങളിൽ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കും. മാത്രമല്ല ഭക്ഷണത്തിൻ്റെ പോഷണം നിലനിർത്താനും ഈ പത്രങ്ങൾ സഹായിക്കുന്നു.
ലോഹ പാത്രങ്ങൾ
വ്യത്യസ്‌ത ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച വ്യത്യസ്‌ത തരം പാത്രങ്ങൾ ഇന്ന് ലഭ്യമാണ്. അലുമിനിയം, ഇരുമ്പ്, താമ്രം, ചെമ്പ് തുടങ്ങിയ ചില പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ വലിയ കുഴപ്പങ്ങളൊന്നും ഇല്ലന്നാണ് പഠനം പറയുന്നത്. അച്ചാർ, ചട്‌ണി, സാമ്പാർ, സോസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ അലുമിനിയം, ഇരുമ്പ്, പിച്ചള, ചെമ്പ് തുടങ്ങിയ പാത്രങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു.
സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ
ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും പാചകത്തിന് സുരക്ഷിതമാണ്. വളരെക്കാലം ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ലോകമെമ്പാടുമുള്ള അടുക്കളകളിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ അധികമായി കണ്ടുവരുന്നു. അസിഡിറ്റി, ആൽക്കലൈൻ തുടങ്ങിയവ ഭക്ഷണത്തിൽ കലർത്തുകയോ എതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല സ്റ്റെയിൻലെസ് സ്റ്റീൽ പാത്രത്തിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ലോഹ രുചിയോ ആരോഗ്യത്തിന് ദോഷകരമായ വസ്‌തുക്കളോ കലരുന്നില്ല.
നോൺസ്റ്റിക് പാൻ
പോളിടെട്രാഫ്ലൂറോഎത്തിലീൻ എന്ന പദാർത്ഥം കൊണ്ട് കോട്ട് ചെയ്‌തിരിക്കുന്ന പാത്രങ്ങളാണ് നോൺസ്റ്റിക് പത്രങ്ങൾ. ഉയർന്ന താപനിലയിൽ ചൂടാകുമ്പോൾ ഈ പാത്രത്തിൽ നിന്ന് വിഷ വസ്‌തുക്കൾ പുറത്തു വരുകയും ഇത് ആരോഗ്യത്തെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ നോൺഡിറ്റിക് പാത്രങ്ങൾ അധിക നേരം ചൂടാകുമ്പോൾ വിഷ പുക ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നൊസ്റ്റിക് പാത്രങ്ങൾ പോറലുകൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പോറലുകൾ സംഭവിക്കുമ്പോൾ പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് ചെറിയ കണങ്ങൾ പുറത്തുവിടുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
റാനൈറ്റ് സ്റ്റോൺവെയർ
ഭക്ഷണം പാകം ചെയ്യാനായി കരിങ്കൽ പത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. പണ്ട് കാലങ്ങളിലുള്ളതിനേക്കാൾ കനം കുറഞ്ഞവ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് സമയവും ഊർജവും ലാഭിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല വളരെ നേരം ചൂട് നിലനിർത്തുകയും ചെയ്യുന്നു. കരിങ്കൽ പാത്രങ്ങൾ വൃത്തിയാക്കാനും എളുപ്പമാണ്.
അതേസമയം ആരോഗ്യകരമായുള്ള പാചകത്തിനായി സ്റ്റെയിൻലെസ് സ്റ്റീൽ, ഇരുമ്പ് അല്ലെങ്കിൽ മൺപാത്രങ്ങൾ എന്നിവയിൽ ഭക്ഷണം പാകം ചെയ്‌ത് കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. അലുമിനിയം, സെറാമിക്, നോൺ-സ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം കുറയ്ക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഉപ്പിലും പഞ്ചസാരയിലും ഒളിഞ്ഞിരിക്കുന്ന 'വിഷം'; പ്രമുഖ ബ്രാന്‍ഡുകളുടെ പാക്കറ്റുകളിലും മൈക്രോപ്ലാസ്‌റ്റിക്