ഹൈദരാബാദ്: ആരോഗ്യ സംരക്ഷണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭക്ഷണക്രമം. ശരീരത്തിലേക്ക് ആവശ്യമുള്ള പ്രോട്ടീനുകളും മിനറല്‍സുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടും. മാത്രമല്ല ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അസുഖങ്ങളെ ചെറുക്കുകയും ചെയ്യും.
പുതുതലമുറയ്‌ക്ക് പഴമക്കാരുടെ അത്രയും ആരോഗ്യമില്ലെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. ഇതിന് കാരണം ഇന്നത്തെ തലമുറയുടെ ഭക്ഷണ രീതിയാണ്. പലതരത്തിലും രുചിയിലും കടകളിലും ഹോട്ടലുകളിലും ലഭിക്കുന്നവയെല്ലാം പുതുതലമുറ ഭക്ഷിക്കാറുണ്ട്. എന്നാല്‍ മുമ്പ് ഇത്തരം വസ്‌തുക്കളുടെയെല്ലാം ഉപയോഗം വളരെ കുറവായിരുന്നു.
രുചിക്കും മണത്തിനുമായി പലതരത്തിലുള്ള വസ്‌തുക്കള്‍ ചേര്‍ത്ത ഭക്ഷണമാണ് ഇന്ന് ഹോട്ടലുകളിലെയും റസ്റ്റോറന്‍റുകളിലെയും തീന്‍മേശയില്‍ നിറയുന്നത്. ഇത്തരം ഭക്ഷണങ്ങളില്‍ ചിലത് വളരെ അപകടകാരികളാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. പലനിറത്തില്‍ വിപണിയില്‍ ലഭിക്കുന്ന ശീതള പാനീയങ്ങളും ചിപ്‌സുകളും കുക്കികളുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത്തരം ഭക്ഷണങ്ങള്‍ കൂടുതലായി ബാധിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയാണ്. ഓര്‍മ്മക്കുറവ്, പക്ഷാഘാത സാധ്യത എന്നിവ ഇതുമൂലം ഉണ്ടാകുമെന്നാണ് വിദഗ്‌ധ അഭിപ്രായം. അൾട്രാ പ്രോസസ്‌ഡ് ഫുഡാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരി.
തലച്ചോറിന്‍റെ ആരോഗ്യത്തില്‍ ഭക്ഷണ രീതി വലിയ പങ്കുവഹിക്കുന്നുണ്ട്. അള്‍ട്രാ പ്രോസസ്‌ഡ് ഫുഡ് കഴിക്കുന്നവരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ശീതള പാനീയങ്ങളും ചിപ്‌സും കൂടുതല്‍ കഴിക്കുന്നവരില്‍ ഓര്‍മ്മ ശേഷി കുറവാണെന്ന് കണ്ടെത്തി. മസാച്യുസെറ്റ്‌സിലെ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
45 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. അള്‍ട്രാ പ്രോസസ്‌ഡ് ഫുഡ് അല്‍പം മാത്രം കഴിക്കുന്നവരില്‍ മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ കുറവാണെന്നാണ് പഠനത്തില്‍ മനസിലാക്കാനായത്. അള്‍ട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങളില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ വളരെയധികം കൂടുതലാണ്. മാത്രമല്ല ഇതില്‍ പ്രോട്ടീനും നാരുകളും കുറവായിരിക്കും. ഇതെല്ലാമാണ് തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
Also Read: സ്‌ട്രോക്കില്ലാതാക്കാന്‍ ചിട്ടയോടെ ജീവിക്കാം; അറിയേണ്ടതെല്ലാം