ലോകത്തെ ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന ഒന്നാണ് തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. ഇടതൂർന്നതും തിളക്കമുള്ളതുമായ മുടിയിഴകൾ ലഭിക്കാനായി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുടി കൊഴിച്ചിൽ, നരച്ച മുടി, വരണ്ടതും കട്ടി കുറഞ്ഞതുമായ മുടി, മുടിയുടെ അറ്റം പൊട്ടുക എന്നിങ്ങനെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നവരാണ് നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും. മുടിയുടെ അറ്റം പൊട്ടുകയും പിളരുകയും ചെയ്യുന്ന പ്രശ്‍നം സ്ത്രീകളിലാണ് പൊതുവെ കണ്ടുവരുന്നത്. പല കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് അറിയാം.
തേൻ
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേൻ. മൂന്ന് കപ്പ് ചെറു ചൂടുവെള്ളത്തിലേക്ക് രണ്ട് ടീസ്‌പൂൺ തേൻ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ എന്തെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. പണ്ട് കാലം മുതലേ മുടിയുടെ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു. മുടിയുടെ അറ്റം പിളരുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തടയാൻ വെളിച്ചെണ്ണ നിങ്ങളെ സഹായിക്കും. അതിനായി നാല് ടീസ് സ്‌പൂൺ വെളിച്ചെണ്ണ നിങ്ങളുടെ തലമുടിയുടെ അട്ടറ്റം വരെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പപ്പായ
തലമുടിയുടെ സ്പ്ലിറ്റിങ് തടയാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ. ഒരു പപ്പായയുടെ പകുതി പൾപ്പ് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്‌പൂൺ തൈര്, ബദാം ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ പുരട്ടുക. 45 മിനിറ്റിന് കഴിഞ്ഞ് കഴുകി കളയുക.
പഴം
നന്നായി പഴുത്ത പഴം നല്ലപോലെ ഉടച്ച ശേഷം തലമുടിയുടെ അറ്റത്ത് പുരട്ടുക. ഇത് മുടിയെ മിനുസമുള്ളതാക്കുന്നു. 30 മിനിട്ടിനു ശേഷം കഴുകി കളയാം.
മുട്ട
മുട്ടയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ തലമുടി വളരാൻ സഹായിക്കുന്നു. ഒരു മുട്ടയുടെ മഞ്ഞക്കരുവും നാല് ടീ സ്‌പൂൺ ഒലീവ് ഓയിൽ ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. 30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
കറ്റാർവാഴ
കേശ സംരക്ഷണത്തിനായി പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. മുടി വളരാനും മിനുസമുള്ളതും തിളക്കം നിലനിർത്താനും കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്നു. ഇതിന്‍റെ ജെൽ തലയോട്ടി മുതൽ തലമുടിയുടെ അറ്റം വരെ പുരട്ടുക. 20 മുതൽ 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ അറ്റം പൊട്ടുന്നത് തടയാൻ ഇത് സഹായിക്കുന്നു.
ഉള്ളി നീര്
അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഉള്ളി മുടിയുടെ ആരോഗ്യം നിലനിർത്താൻ വളരെ നല്ലതാണ്. ഒരു ടീസ്‌പൂൺ ഉള്ളി നീരിലേക്ക് വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് മുടിയുടെ സ്പ്ലിറ്റിങ് തടയാൻ ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: കഴുത്തിലെ കറുത്ത പാടുകൾ അകറ്റാം; രണ്ടാഴ്‌ചക്കുള്ളിൽ; ഇതാ ചില നുറുങ്ങുകൾ