ജപ്പാനിലെ ടോക്കിയോയിൽ സിഫിലിസ് കേസുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 8 മാസത്തിനിടെ ഔദ്യോഗികമായി 2400 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതായാണ് വിവരം. ടോക്കിയോ മെട്രോപൊളിറ്റൻ പകർച്ചവ്യാധി നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കു പ്രകാരം ഇതിനോടകം 2,460 പേർക്ക് രോഗം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്‌തു. തലസ്ഥാനത്ത് കേസുകൾ അതിവേഗം ഉയരുന്നതായി ആരോഗ്യ വിദഗ്‌ധരും വ്യക്തമാക്കുന്നു. 2023 ൽ 3,701 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
സിഫിലിസിൻ്റെ ലക്ഷണങ്ങൾ
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് സിഫിലിസ്. ലൈംഗീകാവയവം, മലദ്വാരം, വായ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന തിണർപ്പുകളും കുരുക്കളുമാണ് ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണം. ചികിത്സ തേടാതിരുന്നാൽ രോഗം സങ്കീർണമാകുകയും ഹൃദയം, നാഡീവ്യൂഹം, എല്ലുകൾ എന്നിവയെയും ബാധിക്കാം. സാധാരണ കുരുക്കൾ പ്രത്യക്ഷപ്പെട്ട് ആറുമാസത്തിനുള്ളിൽ ശരീരമൊട്ടാകെ തിണർപ്പ് കണ്ടുവരുന്നു. പനി, ക്ഷീണം, പേശിവേദന, ഭാരം കുറയുക എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം പ്രകടമായാക്കാം. രോഗം മൂർഛിക്കുന്ന ഘട്ടത്തിൽ കണ്ണിന്‍റെ കാഴച നഷ്‌ടമാകാനും തലച്ചോറിന് ക്ഷതമേൽക്കാനും സിഫിലിസ് കാരണമാകുന്നു.
ഗർഭാവസ്ഥയിലും പ്രസവ സമയത്തും മുലയൂട്ടുമ്പോഴും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പകരാം. എന്നാൽ ചെറുപ്രായത്തിൽ രോഗം ബാധിച്ച കുട്ടികളിൽ വർഷങ്ങൾക്ക് ശേഷമായിരിക്കാം രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ചിലരിൽ കണ്ണിന് വീക്കം, കേൾവി കുറവ് എന്നീ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. പ്രാരംഭ ഘട്ടത്തിൽ ചികിസ ലഭ്യമാക്കിയാൽ പൂർണമായും ഭേദമാക്കാവുന്ന ഒരു രോഗമാണ് സിഫിലിസ്.
സിഫിലിസ് രോഗികളിൽ 70 ശതമാനവും പുരുഷന്മാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 20 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയും 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയുമാണ് സിഫിലിസ് ബാധിക്കുന്നത്. അണുബാധ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം വർഷങ്ങളെടുത്തായിരിക്കും ചിലരിൽ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ സിഫിലിസ് ബാധിതരായ പലരും രോഗവിവരത്തെ കുറിച്ച് അറിയാതെ പോകുന്നു. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന രോഗമായി സിഫിലിസ് മാറാൻ കാരണമാകുന്നു.
അതേസമയം സിഫിലിസ് കേസുകളുടെ വർധന തടയുന്നതിനായി ടോക്കിയോ ഷിൻജുകു, ടാമ തുടങ്ങിയ പ്രദേശങ്ങളിൽ സൗജന്യ പരിശോധനയും കൗൺസിലിംഗ് റൂമുകളും ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന ലഭ്യമാണ്. ഷിൻജുകു കേന്ദ്രത്തിൽ 24 മണിക്കൂറും പരിശോധനയ്ക്കായുള്ള ഓൺലൈൻ ബുക്കിംഗും ചെയ്യാവുന്നതാണ്. ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷങ്ങൾ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രദേശവാസികളോട് ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെൻ്റ് അഭ്യർത്ഥിച്ചു.