തിക്കമാഗഡ്(മധ്യപ്രദേശ്): ഖലീല്‍ മുഹമ്മദ് എന്ന വിരമിച്ച പൊലീസ് ഇന്‍സ്‌പെക്‌ടറും അദ്ദേഹത്തിന്‍റെ വൃക്കകളുമാണ് ഇപ്പോള്‍ മധ്യപ്രദേശിലെ തിക്കമാഗഡ് നഗരത്തിലെ ചര്‍ച്ചാ വിഷയം. കായികപ്രേമിയും ഫുട്‌ബോള്‍ കളിക്കാരനുമായ അദ്ദേഹത്തിന് വയറില്‍ ഒരു അസാധാരണ വേദനയുണ്ടാകും വരെ തന്‍റെ അവസ്ഥയെക്കുറിച്ച് അറിയുമായിരുന്നില്ല. വയറിലെ വേദനയ്ക്കൊപ്പം മൂത്രമൊഴിക്കുമ്പോള്‍ തരിപ്പും പുകച്ചിലും ഉണ്ടായതും ഇദ്ദേഹത്തെ അസ്വസ്ഥനാക്കി(Supernumerary Kidney).
ആദ്യമൊക്കെ സാധാരണ പ്രശ്‌നമായി അവഗണിച്ചെങ്കിലും പിന്നീട് ഡോക്‌ടറെ കാണുകയല്ലാതെ മാര്‍ഗമില്ലെന്നായി. ഡോക്‌ടറെ കണ്ട് ചികിത്സിച്ച് തുടങ്ങിയെങ്കിലും ആശ്വാസമായില്ല. പിന്നീട് ഇദ്ദേഹം ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ടു. ഝാന്‍സിയിലെ ഈ ഡോക്‌ടറാണ് 64കാരനായ ഖലീല്‍ മുഹമ്മദിന്‍റെ പ്രത്യേക അവസ്ഥ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ മൂന്ന് വൃക്കകളുണ്ടെന്നാണ് ഈ ഡോക്‌ടര്‍ കണ്ടെത്തിയത്. ഇതിനെ ബഹു വൃക്ക (Super numerary kidney) എന്നാണ് ഡോക്‌ടര്‍മാര്‍ വിളിക്കുന്നത്. വൈദ്യശാസ്‌ത്രചരിത്രത്തില്‍ ലോകത്ത് നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇത്തരമൊരു സ്ഥിതി ഉണ്ടായിട്ടുള്ളത്(Retired Cop).
പൊലീസില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം കായിക രംഗത്ത് സജീവമായിരിക്കുകയും ആരോഗ്യവാനായി തുടരുകയുമായിരുന്നു. ഒരു ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പെട്ടെന്നൊരു വയറു വേദന വന്നത്. ക്രമേണ ഇത് പുകച്ചിലായി മാറി. ശരീരമാകെ കത്തുന്നതുപോലെയുള്ള തോന്നല്‍(Khalil Mohammad).
പിന്നാലെ അദ്ദേഹം ഡോക്‌ടറെ കണ്ട് വേദനകള്‍ക്കും പുകച്ചിലിനുമുള്ള മരുന്നുകള്‍ വാങ്ങി. എന്നാല്‍ ആശ്വാസമായില്ല. തുടര്‍ന്നാണ് കുടുംബ ഡോക്‌ടറായ അനുരാഗ് ജയിനിനോട് വിവരം പറയുന്നത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധ ഡോക്‌ടറെ കണ്ടത്. നിരവധി പരിശോധനകള്‍ക്കൊടുവിലാണ് ഇദ്ദേഹത്തിന് മൂന്ന് വൃക്കകളുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതാണ് വേദനയ്ക്കും പുകച്ചിലിനും കാരണമെന്നും അദ്ദേഹം കണ്ടെത്തി. രണ്ട് വൃക്കകള്‍ ശരീരത്തിന്‍റെ വലതുവശത്തും ഒരു വൃക്ക ഇടതുവശത്തുമാണെന്നും ഡോക്‌ടര്‍ സ്ഥിരീകരിച്ചു.
പരിശോധനകള്‍ക്ക് ശേഷം മുന്‍കരുതലുകളെടുക്കാന്‍ ഡോക്‌ടര്‍ ഉപദേശിച്ചു. മൂന്നാമത്തെ വൃക്ക കൊണ്ട് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ കുനിയരുതെന്ന് ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചു. മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍ പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിക്കാനും ഡോക്‌ടര്‍ ഉപദേശിച്ചു. ദിവസം ഏഴ് ലിറ്റര്‍ വരെ വെള്ളം കുടിക്കാനായിരുന്നു ഉപദേശം. അതേസമയം സൈക്കിള്‍ ചവിട്ടലും ഓട്ടവും എല്ലാം മുമ്പത്തെ പോലെ തുടരാമെന്നും ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചു.
വൃക്കകളിലൊന്നിന്‍റെ സ്ഥാനം മൂലം കല്ല് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൃക്ക മാറ്റി വയ്ക്കല്‍ വിദഗ്ദ്ധനായ ഡോ.രോഹിത് നാം ദേവ് പറഞ്ഞു. ഇതിന് പുറമെ മൂത്രനാളിയില്‍ ബ്ലോക്ക് ഉണ്ടാകാനും അടിയ്ക്കടി അണുബാധയ്ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിടി സ്കാന്‍ നടത്തിയാല്‍ ഇത് കണ്ടെത്താനാകും. ഇതിന് പുറമെ അധികമുള്ള വൃക്ക പ്രവര്‍ത്തന ക്ഷമമാണോയെന്നും കണ്ടെത്താം. കല്ലുണ്ടെങ്കില്‍ ചിലപ്പോള്‍ ശസ്‌ത്രക്രിയ വേണ്ടി വന്നേക്കാം. അണുബാധയാണെങ്കില്‍ മരുന്നുകള്‍ കൊണ്ട് മാറ്റാനാകും. പരിശോധന ഫലം പുറത്ത് വന്ന ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ഇമേജിംഗ് സ്റ്റഡി, സോണോഗ്രാഫി, സിടി സ്‌കാന്‍, തുടങ്ങിയ പരിശോധനകളെല്ലാം നടത്തി. ഏതായാലും ഫലം വരാന്‍ കാത്തിരിക്കുകയാണ് ഡോക്‌ടര്‍മാരും ഖലീല്‍ മുഹമ്മദും.
Also Read; ടെൻഷൻ വേണ്ട കംഫർട്ടാണ് പ്രധാനം; മെന്‍സ്‌ട്രൽ കപ്പ്, അറിയേണ്ടതെല്ലാം