വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചില നേരങ്ങളിൽ വിശപ്പില്ലെങ്കിലും ലഘുഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കാറുണ്ട്. ഇതിന്‍റെ ഒരു പ്രധാന കാരണം വിരസതയാണ്. വിരസത അനുഭവപ്പെടുമ്പോൾ മസ്‌തിഷ്‌കം നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുന്നു. ഇതിന്‍റെ ഫലമായി സ്‌നാക്‌സുകൾ, ജങ്ക് ഫുഡുകൾ എന്നിവ കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുന്നു. എന്നാൽ ഇത് പതിവായി തുടർന്നാൽ അനാരോഗ്യകരമായ ശീലത്തിലേക്ക് നയിച്ചേക്കാം. സ്‌നാക്‌സുകളിലും ജങ്ക് ഫുഡുകളിലും പോഷകങ്ങൾ കുറവും ഉയർന്ന അളവിൽ കലോറിയും അടങ്ങിയിരിക്കുന്നതിനാൽ ഇത് അമിത വണ്ണം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. ഈ സങ്കീർണതകൾ ഒഴിവാക്കാൻ സ്‌നാക്‌സുകൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന വിരസതയെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്. അതിനാൽ വിരസത അകറ്റാനുള്ള ചില മാർഗങ്ങളിതാ.
വെള്ളം കുടിക്കുക
ചില സമയത്ത് ദാഹം വിശപ്പായി അനുഭവപ്പെടാറുണ്ട്. അതിനാൽ ഇടയ്ക്കിടെ വിശപ്പ് തോന്നുകയാണെങ്കിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പലപ്പോഴും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ഇതിനു പുറമെ ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു.
ശ്രദ്ധ തിരിച്ചുവിടുക
വിരസത അനുഭവപ്പെടുമ്പോൾ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഉദാഹരണത്തിന് വായന, നടത്തം, സുഹൃത്തുക്കളുമായുള്ള സംഭാഷണം തുടങ്ങിയവ വിരസത ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്. ഈ രീതി പിന്തുടരുന്നതിലൂടെ ഭക്ഷണത്തെ കുറിച്ച് നിങ്ങൾ മറക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് ഗുണം നൽകുകയും ചെയ്യുന്നു.
ചൂയിംഗം ചവയ്ക്കുക
ലഘുഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ചൂയിംഗം പോലുള്ളവ ചവക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ വായയെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു. ഇതിൽ കലോറി കുറഞ്ഞ അളവിലായതിനാൽ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുന്നില്ല. മാത്രമല്ല ആരോഗ്യത്തിന് ദോഷകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കാതിരിക്കാനും ഇത് സഹായിക്കുന്നു.
ഗ്ലൂക്കോസ് അളവ് നിലനിർത്തുക
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുമ്പോൾ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രേരണ വളരെയധികം വർധിക്കാറുണ്ട്. ഈ അവസ്ഥ ഒഴിവാക്കാനായി നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ള സമീകൃത ആഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യുന്നു. കൂടാതെ ലഘുഭക്ഷണത്തിനുള്ള താല്‌പര്യം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
വ്യായാമം
ശരീരിക ആരോഗ്യം നിലനിർത്താൻ വ്യായാമം വലിയ പങ്കു വഹിക്കാറുണ്ട്. ചെറിയ ദൂരം നടക്കുമ്പോൾ പോലും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും. ശരീരം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വിരസത കുറയ്ക്കുകയും ഇത് ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭക്ഷണശീലങ്ങൾ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. ഇത് വഴി അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും കഴിയും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: കലോറി എങ്ങനെ കുറക്കാം ? ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ