എല്ലാ അർബുദങ്ങളെയും തടയാൻ കഴിയില്ല. എന്നാൽ അർബുദം പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. അതിനായി നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പുകയിലയുടെ ഉപയോഗം ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്. നമുക്ക് ചുറ്റുമുള്ള മിക്ക ആളുകളും മികച്ച ആരോഗ്യം നിലനിർത്തുന്നവരാണ്. എന്നാൽ ചില ആളുകൾ ആരോഗ്യം ശ്രദ്ധിക്കുന്നതിൽ വളരെ പിന്നിലാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിലൂടെ നിരവധി അസുഖങ്ങളെ നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും. അതുപോലെ ക്യാൻസർ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു
ആരോഗ്യകരമായ മാറ്റങ്ങളിലൂടെ കാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം?
ക്യാൻസർ സാധ്യത പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പുകവലി നിർത്തുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക തുടങ്ങിയവയിലൂടെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജീവിതശൈലിയിൽ ആരോഗ്യകരമായ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഭാവിയിൽ നിങ്ങളുടെ ആരോഗ്യത്തിന് മാറ്റമുണ്ടാക്കാൻ കഴിയും.
ക്യാൻസർ വരില്ലെന്ന് ഉറപ്പാക്കാമോ?
ക്യാൻസർ പിടിപെടില്ലെന്ന് ഒരിക്കലും ഉറപ്പാക്കാൻ കഴിയില്ല. ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനാകും. എന്നാൽ നമുക്ക് മാറ്റാൻ സാധിക്കാത്ത ചില കാര്യങ്ങൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന് പ്രായം കൂടുക, പാരമ്പര്യം എന്നീ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യകരമായ നല്ല ശീലങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നതിന് നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
പുകവലി ഒഴിവാക്കുക
പുകവലി ഉപേക്ഷിക്കുന്നതിലൂടെ ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിയും. സിഗരറ്റിലെ ഹാനികരമായ രാസവസ്‌തുക്കൾ ശ്വാസകോശത്തെ മാത്രമല്ല, മുഴുവൻ ശരീരത്തെയും ബാധിക്കുന്നു. സ്ഥിരമായി പുകവലിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ആരോഗ്യം നിലനിർത്തുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം പുകവലി ഉപേക്ഷിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷമാളുകൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ ഇതിനാവശ്യമായ എല്ലാ സഹായവും സർക്കാറിന്‍റെ ഭാഗത്തു നിന്നും നൽകേണ്ടതുണ്ട്.
സമീകൃതാഹാരം കഴിക്കുക
ആരോഗ്യകരമായ ഭക്ഷണശീലം ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ ധാരാളമായി പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുക. സംസ്‌കരിച്ചതും ചുവന്നതുമായ മാംസം, മദ്യം, ഉയർന്ന കലോറിയുള്ള ഭക്ഷണപാനീയങ്ങൾ എന്നിവ കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക.
സൂര്യപ്രകാശമേൽക്കുമ്പോൾ ശ്രദ്ധിക്കുക
സുരക്ഷിതമായി സൂര്യപ്രകാശമേൽക്കുന്നത് ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ സൂര്യനിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ ഉള്ള അമിതമായ അൾട്രാവയലറ്റ് വികിരണം നമ്മുടെ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നു. സൂര്യന്‍റെ ചൂട് ശക്തമാകുമ്പോൾ ചർമ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി തണലുള്ള സ്ഥലങ്ങളിൽ നിലയുറപ്പിക്കുക, ശരീരം വസ്ത്രം കൊണ്ട് മറക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം.
മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കുക
മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കുകയോ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്യുന്നതിലൂടെ 7 തരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ഏത് തരം മദ്യപാന ശീലമുള്ളയാളാണെങ്കിലും കുറഞ്ഞയളവിൽ മദ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മോശമാകാതെയിരിക്കാൻ സഹായിക്കുന്നു.
എച്ചപിവി വാക്‌സിൻ
11-13 വയസ് പ്രായമുള്ള കുട്ടികൾക്കും മറ്റ് ചില വിഭാഗങ്ങൾക്കും സൗജന്യമായി നൽകുന്ന വാക്‌സിനാണ് എച്ചപിവി. ഇത് എച്ചപിവി അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചില തരത്തിലുള്ള ക്യാൻസറുകൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കാൻസർ എങ്ങനെ തുടങ്ങുന്നു?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ് ക്യാൻസർ. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ, മദ്യപാനം തുടങ്ങിയ ചില കാര്യങ്ങൾ ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കും.
Also Read: മുതിര്‍ന്നവർക്ക് പകൽ സമയത്ത് ഉറക്കമാകാം... പക്ഷേ ജാഗ്രതയോടെ