ഡൽഹി : ശരീരത്തിൽ അതിവേഗം പടരുന്ന പുതിയ തരം പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തി ബ്രിട്ടീഷ് ശാസ്‌ത്രജ്ഞർ. നിര്‍മിത ബുദ്ധി (എഐ)യാണ് പുതിയ കണ്ടെത്തലിന് സഹായിച്ചത്.
പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഗത്തിന് രണ്ട് ഉപവിഭാഗങ്ങളാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരാശരി 8 പുരുഷന്മാരിൽ ഒരാൾക്ക് ഈ പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കാം. രോഗം വ്യത്യസ്‌ത രീതികളിൽ വികസിക്കുന്നു എന്നാണ് ഏറ്റവും പുതിയ നിഗമനം. ആയിരക്കണക്കിന് പ്രോസ്റ്റേറ്റ് കാൻസർ സാമ്പിളുകളിൽ നിന്ന് ജനിതക വിവരങ്ങൾ വിശകലനം ചെയ്‌താണ് ശാസ്‌ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.
ഡിഎൻഎയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ശാസ്‌ത്രജ്ഞർ എഐ ആണ് ഉപയോഗിച്ചത്. പഠനത്തില്‍ രണ്ട് വ്യത്യസ്‌ത കാൻസർ ഗ്രൂപ്പുകളെ കണ്ടെത്തി. പുതിയ കണ്ടെത്തല്‍ കോശങ്ങളുടെ വർഗ്ഗീകരണത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാൻ വുഡ്കോക്ക് പറഞ്ഞു. ജനിതകമാറ്റങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ, ക്യാൻസർ പരിണമിക്കുന്ന രീതി പരിശോധിച്ച് നമുക്ക് രോഗത്തെ ഇനി കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.