എറണാകുളം: സംസ്ഥാനത്തെ ഏറ്റവും അർഹരായ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് വേണ്ടി നടപ്പിലാക്കിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്നും പിന്മാറാനൊരുങ്ങി കേരളത്തിലെ സ്വകാര്യ ആശുപത്രികൾ (Private Hospitals To Withdraw From Karunya Scheme). മുന്നൂറ് കോടിയിലധികം വരുന്ന കുടിശിക തുക മാർച്ച് 31നകം നല്‍കണമെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ പറയുന്നത്. സർക്കാറിൻ്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നൽകിവരുന്ന ചികിത്സ നിർത്തുമെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സെക്രട്ടറി ഡോ. അൻവർ ഇടിവി ഭാരതിനോട് പറഞ്ഞു.
കാരുണ്യ പദ്ധതിയിൽ സംസ്ഥാന സർക്കാരുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സഹകരിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ്. എന്നാൽ സർക്കാർ തങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് വിമുഖത കാണിക്കുകയാണ്. ഈ നിലയിൽ മുന്നോട്ട് പോകാൻ കഴിയില്ല. കുടിശിക തീർക്കുകയും തുടർന്ന് കൃത്യമായി പണം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട്, സർക്കാർ സ്വകാര്യ ആശുപത്രികളുമായി ഉണ്ടാക്കിയ കരാർ ലംഘനം ചൂണ്ടിക്കാണിച്ച് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.
എന്നാൽ ഈ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ 2020 ലെ സ്‌കീമാണ് കേരളത്തിൽ നടപ്പാക്കുന്നത്. 2022 ലെ ഭേദഗതി പ്രകാരം കേരളത്തിലും പദ്ധതി നടപ്പിലാക്കണമെന്നും കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് (എച്ച്ബിപി) പതിപ്പ് 2.2 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ ഹർജിയിൽ അനുകൂല തീരുമാനമെടുക്കാൻ നേരത്തെ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാറിൻ്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ച് നിലവിൽ പിന്തുടരുന്ന ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് (എച്ച്ബിപി) 2.0 യിൽ നിന്ന് മാറാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കോടതിയില്‍ ഹർജി പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സമർപ്പിച്ചത്.
കാരുണ്യ പദ്ധതിയിൽ സർക്കാറുമായി സഹകരിച്ച് മുന്നോട്ട് പോകുന്നത് തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ പിന്മാറിയാൽ ഗുണാ ഭോക്താക്കളായ ലക്ഷക്കണക്കിന് പാവങ്ങളുടെ ചികിത്സ മുടങ്ങുന്ന ഗുരുതരമായ സാഹചര്യമാണുണ്ടാവുക. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി താളം തെറ്റാതിരിക്കാൻ സർക്കാറിൻ്റെ അടിയന്തിരമായ ഇടപെടലാണ് ഉണ്ടാവേണ്ടത്.
2020 ൽ ആരംഭിച്ച കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേന്ദ്ര സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. വിവിധ തലങ്ങളിലായി ആശുപത്രികളിൽ ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് കാരുണ്യ പദ്ധതിയിൽ ലഭ്യമാക്കുന്നത്.
42 ലക്ഷം ദരിദ്രരും ദുർബലരുമായ കുടുംബങ്ങളെ ഉൾക്കൊള്ളുന്ന പദ്ധതിയില്‍ ഏകദേശം 64 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. എന്നാൽ കേന്ദ്ര വിഹിതം ലഭിക്കുന്നത് പകുതിയോളം വരുന്ന ചികിത്സയ്ക്ക് മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പ്മുട്ടുന്ന സംസ്ഥാന സർക്കാറിന് ഇരുപത് ലക്ഷത്തിലേറെ വരുന്ന കുടുംബങ്ങളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രയാസമാണ് പദ്ധതി നടത്തിപ്പിൽ പ്രയാസം സൃഷ്‌ടിച്ചിരിക്കുന്നത്.