തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാൻ വിശദമായ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.
വയറിളക്ക രോഗങ്ങളാണ് ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്ന്. വയറിളക്കത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് നിർജലീകരണമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒആര്‍എസ് എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കും. ഒആര്‍എസ്., സിങ്ക് എന്നിവ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
തുടർച്ചയായി വയറിളക്കം അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തണം. ഈ മാസം 15 വരെ ആരോഗ്യ വകുപ്പ് പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നുണ്ട്. ഒആര്‍എസിന്‍റെ പ്രാധാന്യം, ഒആര്‍എസ്. തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്‍റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്‍റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക.
- പൊതുവിടത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക.
- ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക.
- ഭക്ഷ്യവസ്‌തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
- വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്‌ത ഭക്ഷണം മാത്രം കഴിക്കുക.
- ചൂടോടെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
- ആഹാര അവശിഷ്‌ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കുക.
- ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.
ALSO READ: കോഴിക്കോട് മഴ ശക്തം: എലിപ്പനി പ്രതിരോധത്തിന് മുന്‍കരുതലെടുക്കണമെന്ന് ഡിഎംഒ