തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്‍റെ (കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്‍റ് സ്‌പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്‍റിബയോഗ്രാം പുറത്തിറക്കിയത്.
എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രാജ്യത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിച്ചിരുന്നു. അവയുടെ പ്രവര്‍ത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ഇത് പുറത്തിറക്കാന്‍ സാധിച്ചത്. കാര്‍സാപ്പ് അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കിത്. ലോക എഎംആര്‍ അവബോധ വാരാചണത്തോടനുബന്ധിച്ചും ആന്‍റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായും കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പുസ്‌തകവും മന്ത്രി പുറത്തിറക്കി.
എല്ലാ ജില്ലകളുടേയും ആന്‍റിബയോഗ്രാം വരും വര്‍ഷങ്ങളില്‍ പുറത്തിറക്കുക എന്നുള്ളതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 11 ജില്ലകളില്‍ ഹബ്ബ് ആന്‍റ് സ്‌പോക്ക് മാതൃകയില്‍ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും പുറത്തിറക്കുന്ന കാര്‍സ്‌നെറ്റ് ശൃംഖലയിലൂടെയുള്ള കാര്‍സാപ്പ് ആന്‍റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എഎംആര്‍ രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജില്ലാതല ആന്‍റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എഎംആര്‍ (ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ട്രെന്‍റ് മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യന്‍റെ കാര്യത്തില്‍ മാത്രമല്ല മൃഗസംരക്ഷണ മേഖലയിലും ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയിലും ഭക്ഷ്യമേഖലയിലുമൊക്കെയുള്ള എഎംആര്‍ ട്രെന്‍റിനെപ്പറ്റിയും എഎംആര്‍ കുറയ്ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനേയും പറ്റിയുമുള്ള ചര്‍ച്ചകള്‍ നടന്നു. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടപ്പിലാക്കിയ ഓപ്പറേഷന്‍ അമൃതിന്‍റെ പുരോഗതിയും അവലോകനം ചെയ്‌തു.
ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നതല്ല എന്ന പോസ്റ്റര്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും പതിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി. ആന്‍റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി എറണാകുളത്ത് നടപ്പിലാക്കിയ ആന്‍റിബയോട്ടിക്കുകള്‍ നീലക്കവറില്‍ നല്‍കുന്ന രീതി സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കും. ആന്‍റിബയോട്ടിക് സ്‌മാര്‍ട്ട് ആശുപത്രികള്‍ക്ക് പ്രത്യേക എംബ്ലവും സര്‍ട്ടിഫിക്കറ്റും നല്‍കും.
മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നിവയില്‍ ഒരുപോലെ തന്നെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ ആവശ്യകതയും അതിന്‍റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകത യോഗത്തില്‍ ഉയര്‍ന്നുവന്നു. മനുഷ്യരില്‍ മാത്രമല്ല മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്‍റിബയോട്ടികുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്‌ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സയന്‍റിഫിക് അഡ്‌വൈസര്‍ ഡോ. എംസി ദത്തന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ജീവന്‍ബാബു, ഡെപ്യൂട്ടി സെക്രട്ടറി ശിഖ, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെജെ റീന, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആയുഷ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.