അശ്വറാവുപേട്ട: രാഗല്ലഗുമ്പ് ഗ്രാമത്തില്‍ കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ ഉണ്ടായത് ഒന്‍പതു നവജാത ശിശു മരണം. തെലങ്കാനയിലെ ഒരു ആദിവാസി ഗ്രാമമാണ് രാഗല്ല ഗുമ്പ്. ഗതാഗതമടക്കം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തൊരു ഗ്രാമമാണിത്(Infant death).
ഭദ്രാദ്രി ജില്ലയിലെ അശ്വറാവുപേട്ട മണ്ഡലത്തിലെ ബച്ച്‌ചുവാരി ഗുഡം പഞ്ചായത്തിന് കീഴില്‍ വരുന്ന മേഖലയാണ് ഗോതി കോയാലഗുഡം രാഗല്ലഗുമ്പ്. 45 കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. 197 ആണ് ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം. അഞ്ച് വയസില്‍ താഴെയുള്ള 34 കുട്ടികള്‍ ഇവിടെയിപ്പോഴുണ്ട്. 13 ശിശുക്കളും എട്ട് ഗര്‍ഭിണികളും ഈ പ്രദേശത്ത് ഇപ്പോഴുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു(Regallagumpu Tribal village).
അശ്വറാവുപേട്ട മണ്ഡലത്തിലെ പെദവാഗ് പ്രൊജക്‌ട് ഗ്രാമത്തില്‍ നിന്ന് കൊടുങ്കാട്ടിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് വേണം രാഗല്ലഗുമ്പയിലെത്തിച്ചേരാന്‍. കുന്നുകള്‍ക്കിടയിലെ ഏഴോളം അരുവികള്‍ കടക്കണം. കൂര്‍ത്തപുല്ലുകള്‍ക്കിടയിലൂടെയാണ് ദുര്‍ഘടമായ യാത്ര. അത് കൊണ്ട് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെയെത്താറില്ല. പ്രതിമാസം ഗര്‍ഭിണികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളോ പോഷകങ്ങളോ എത്തിക്കാറുമില്ല. അംഗന്‍വാടികള്‍ വഴിയുള്ള പോഷകാഹാരങ്ങളും ഇവര്‍ക്ക് കിട്ടാറില്ല. ഇതാണ് കുട്ടികള്‍ രോഗവുമായി ജനിക്കുകയും പെട്ടെന്ന് തന്നെ മരിക്കുകയും ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടുന്നു(Giving birth at home).
ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ എത്താറില്ലെന്ന് ആദിവാസികള്‍ പറയുന്നു. എപ്പോഴെങ്കിലും വന്നാല്‍ ആയി. ചിലപ്പോള്‍ അവര്‍ വരുമ്പോള്‍ തങ്ങള്‍ പാടത്ത് പണിക്ക് പോയിരിക്കുകയായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ അവരെ കാണാന്‍ കഴിയാറില്ല. ഇവര്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചാല്‍ നന്നായിരിക്കുമെന്നും ഊരിലെ ആളുകള്‍ പറയുന്നു. കാട്ടിനുള്ളിലൂടെ എട്ട് കിലോമീറ്റര്‍ നടന്ന് ഗുമ്മാദാവല്ലി ആശുപത്രിയില്‍ ചെന്നാല്‍ അവിടെ ആരും ഉണ്ടാകാറില്ലെന്ന് ഗര്‍ഭിണിയായ ഇദിമി എന്ന യുവതി പറയുന്നു. തങ്ങളെ ആരും നോക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി(Lack of childcare).
അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്ന പാലോ മുട്ടയോ മറ്റ് പോഷകാഹാരങ്ങളോ തങ്ങള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ പോലും കിട്ടാറില്ലെന്ന് ഇവര്‍ പറയുന്നു. അവര്‍ ഗ്രാമത്തില്‍ വന്ന് എല്ലാം തന്നതായി രേഖപ്പെടുത്തി തങ്ങളുടെ വിരലടയാളവും പതിപ്പിച്ച് മടങ്ങുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ ഗ്രാമത്തില്‍ ഒരു അംഗനവാടി സ്ഥാപിച്ചാല്‍ നന്നായിരിക്കുമെന്നും ഒരു കുട്ടിയുടെ അമ്മയായ മാദകം ലക്ഷ്മി പറയുന്നു.
എന്നാല്‍ ഗര്‍ഭിണികള്‍ ആശുപത്രിയിലേക്ക് വരാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തിയാല്‍ അവരെ കാണാനോ പരിശോധന നടത്താനോ ഗര്‍ഭിണികള്‍ തയാറാകാറുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ നവജാത ശിശുക്കളെ വീട്ടില്‍ കിടത്തിയിട്ട് ഇവര്‍ ജോലിക്ക് പോകാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതുമൂലം സമയത്ത് പാല്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ക്ക് അസുഖം ഉണ്ടാകാനും മരിക്കാനും കാരണമാകുന്നുവെന്നും ഗുമ്മദവല്ലി മെഡിക്കല്‍ ഓഫീസര്‍ ഡോ.മധുലിക പറയുന്നു.
റെഗല്ലയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ഗന്ദലഗുഡം അംഗന്‍വാടിയില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ നല്‍കുന്നുവെന്നാണ് അശ്വരാവുപേട്ടിലെ ഐസിഡിഎസ് സിഡിപിഒ റോഴാറാണി പറയുന്നത്.
വീട്ടില്‍ പ്രസവിച്ച ഒന്‍പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതില്‍ മൂന്ന് കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുടെ നാലാമത്തെ കുഞ്ഞായിരുന്നു. നാല് പേര്‍ മൂന്നാമത്തെയും ഇതില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഇരട്ടകളുമായിരുന്നു. രണ്ട് കുഞ്ഞുങ്ങള്‍ രണ്ടാമത്തെ കുട്ടികളായിരുന്നു. പോഷകാഹാരക്കുറവിനും വൈദ്യ സൗകര്യങ്ങളുടെ അഭാവത്തിനും പുറമെ കുടുംബാസൂത്രണത്തെക്കുറിച്ച് മതിയായ ധാരണയില്ലാത്തതും ആവര്‍ത്തിച്ചുള്ള പ്രസവങ്ങള്‍ മൂലം അമ്മമാരിലുണ്ടാകുന്ന വിളര്‍ച്ചയും നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇവരെ കൊണ്ടെത്തിക്കുന്നു.
Also Read: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം: ഈ വർഷം മരിച്ചത് പത്ത് കുഞ്ഞുങ്ങൾ