ഹൈദരാബാദ് : രാജ്യത്തെ നേത്രരോഗ ചികിത്സ രംഗത്ത് പുത്തന്‍ കാഴ്‌ചപ്പാട് നല്‍കിയ സ്ഥാപനമാണ് എല്‍ വി പ്രസാദ് നേത്രാരോഗ്യ കേന്ദ്രം. മൂന്നരപതിറ്റാണ്ട് മുമ്പാണ് ഈ സ്ഥാപനം ആരംഭിച്ചത്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് പദവിയും പത്രാസും നോക്കാതെ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കണ്ണ് മാറ്റിവയ്ക്കല്‍ രംഗത്ത് അന്‍പതിനായിരം എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുകയാണ് ഇപ്പോള്‍ ഈ സ്ഥാപനം. ലോകത്ത് ആദ്യമായാണ് ഒരു നേത്ര ചികിത്സാലയം ഈ നേട്ടം കൈവരിക്കുന്നത്. ആശുപത്രിയുടെ സ്ഥാപകനായ ഡോ. ഗുല്ലാപ്പള്ളി നാഗേശ്വര റാവുവും ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പ്രശാന്ത് ഗാര്‍ഗ്, എല്‍ വി പ്രസാദ് നേത്ര രോഗ ചികില്‍സാലയത്തിന്‍റെ അനുബന്ധ സ്ഥാപനമായ ശാന്തിലാല്‍ സങ്വി കോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഡോ. പ്രവീണ്‍ വദ്ദവള്ളി എന്നിവരുമായി ഇടിവി ഭാരത് നടത്തിയ കൂടിക്കാഴ്‌ചയുടെ പ്രസക്ത ഭാഗങ്ങളിലേക്ക്.....
ഡോ.ഗുല്ലപ്പള്ളി നാഗേശ്വര റാവു, എല്‍വി പ്രസാദ് നേത്ര രോഗ ചികിത്സാ കേന്ദ്രം സ്ഥാപകന്‍
അന്‍പതിനായിരം കോര്‍ണിയ മാറ്റി വയ്ക്കല്‍ എന്നത് വലിയ ഒരു നേട്ടമാണ്. എങ്ങനെ ആയിരുന്നു ഈ യാത്ര?
ഇത് മഹത്തായ ഒരു യാത്ര ആയിരുന്നു. നമ്മുടെ രാജ്യത്ത് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള സ്ഥലങ്ങളില്‍ നിന്നുപോലുമുള്ള നിരവധി പേരുടെ ജീവിതങ്ങള്‍ ഈയാത്രയില്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു. ഈ യാത്ര ആരംഭിച്ചപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തി. ഇത് പരാജയപ്പെടാന്‍ സാധ്യതയുള്ള യാത്രയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അത് വിജയകരമാക്കാനും സാധിച്ചു. നിരധി പേരുടെയും സ്ഥാപനങ്ങളുടെയും പിന്തുണ കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുന്നു. അവരില്‍ പലരെയും തനിക്ക് അറിയുക പോലുമില്ല. നേത്രദാനം ചെയ്‌ത ആയിരങ്ങളാണ് ഇത് സാധ്യമാക്കിയത്. അവരോട് എന്നും കടപ്പെട്ടിരിക്കും. ഞങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും അവരില്ലായിരുന്നെങ്കില്‍ ഈ യാത്ര തീര്‍ത്തും അസാധ്യമാകുമായിരുന്നു. രാജ്യത്ത് കണ്ണ് ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകാതിരുന്നതിന് പിന്നില്‍ ചില മിഥ്യാധാരണകള്‍ നിലനിന്നിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. നിങ്ങള്‍ക്ക് ഒരാളോട് കണ്ണ് ദാനം ചെയ്യുന്നതിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായാല്‍ അവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഞങ്ങളുടെ അനുഭവത്തില്‍ അറുപത് ശതമാനം കുടുംബങ്ങളും കണ്ണ് ദാനം ചെയ്യാന്‍ സമ്മതം നല്‍കി. ഈ കണക്കുകള്‍ അമേരിക്കയിലെ ഏതൊരു ആശുപത്രിയെക്കാളും കൂടുതലാണ്.
കണക്കുകള്‍ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നവയാണ്. പക്ഷേ ഇത് അത്ര എളുപ്പമായിരിക്കില്ല. കാരണം മുന്‍കാലങ്ങളില്‍ അവയവദാനത്തെക്കുറിച്ചും മാറ്റി വയ്ക്കലുകളെക്കുറിച്ചും അത്രമാത്രം അവബോധം ആളുകള്‍ക്ക് ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ജനങ്ങളെ ഇതേക്കുറിച്ച് ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കായത്?
ജനങ്ങളെ ബോധവത്ക്കരിക്കുകയും അവരെ ഇതിന് സമ്മതിപ്പിക്കുകയും ചെയ്യണമായിരുന്നു. പക്ഷേ അതുവരെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിരുന്നില്ല. ഞങ്ങള്‍ പലേടത്തു നിന്നും പലതും പഠിച്ചു. അത് ഇന്ത്യയില്‍ നടപ്പാക്കി. അതില്‍ വിജയിക്കാനായി. ഇതിനായി ഞങ്ങള്‍ക്ക് അമേരിക്കയിലെ ചില സ്ഥാപനങ്ങളുടെ പിന്തുണയും കിട്ടി. അവര്‍ ഞങ്ങള്‍ക്ക് നേത്രബാങ്ക് തുടങ്ങാനുള്ള സഹായം നല്‍കി. പല രാജ്യാന്തര കണ്ണ് മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങളുടെയും നിലവാരമുള്ള സംവിധാനങ്ങളോടെ ആയിരുന്നു അത്. അമേരിക്കയില്‍ പരിശീലനം നേടിയ ഞാന്‍ എന്‍റെ പരിചയം ഇവിടെ ഉപയോഗിച്ചു. പരിശീലന സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചു. പല ഡോക്‌ടര്‍മാരെയും പരിശീലിപ്പിച്ചു. ഡോക്‌ടര്‍മാരെയും നേത്രദാതാക്കളെയും കിട്ടിയപ്പോള്‍ ഈ യാത്ര ഏറെ സുഗമമായി.
എല്ലാം സുഗമമായിരുന്നുവെങ്കിലും ചില വെല്ലുവിളികള്‍ തീര്‍ച്ചയായും നേരിട്ടിരിക്കും. കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എവിടെ ആയിരുന്നു?
കണ്ണ് മാറ്റി വച്ചാല്‍ അതിന്‍റെ വിജയശതമാനം മെച്ചപ്പെടുത്തുക എന്നതായിരുന്നു താനും കൂട്ടരും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പലരും പിന്നീട് തുടര്‍ ചികിത്സകള്‍ക്ക് എത്തുമായിരുന്നില്ല. ഇത്തരത്തില്‍ വരാതിരുന്നാല്‍ പരാജയ സാധ്യത ഏറെയാണ്. തുടര്‍ ചികിത്സകള്‍ പ്രധാനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അവര്‍ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യണമായിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ കണ്ണ് മാറ്റി വയ്ക്കല്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല.
ഡോ. പ്രശാന്ത് ഗാര്‍ഗ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, എല്‍വി പ്രസാദ് നേത്ര രോഗ ചികിത്സാ കേന്ദ്രം
രാജ്യത്തെ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയുടെ വിജയശതമാനം എത്ര ആണ്?
രാജ്യത്തെ അവയവ മാറ്റി വയ്ക്കലില്‍ കണ്ണ് മാറ്റി വയ്ക്കല്‍ ആണ് ഏറ്റവും കൂടുതല്‍ വിജയിച്ചിട്ടുള്ളത്. കാരണം കോര്‍ണിയയുടെ നിലനില്‍പ്പിന് രക്തം ആവശ്യമില്ല. കണ്ണിനുള്ളില്‍ നിന്ന് തന്നെ ഇതിന് വേണ്ട പോഷണം ലഭിക്കുന്നു. ആവശ്യമായ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കുന്നു. അത് കൊണ്ട് ഒരാളില്‍ നിന്ന് കോര്‍ണിയ മറ്റൊരാളിലേക്ക് മാറ്റി വയ്ക്കുമ്പോള്‍ ഒരു അന്യ അവയവം വന്നതായി ശരീരത്തിന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് ഇവയെ ശരീരം സ്വഭാവികമായി സ്വീകരിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ കണ്ണ് മാറ്റി വയ്ക്കല്‍ ശസ്‌ത്രക്രിയകള്‍ 96, 97ശതമാനം വരെ വിജയിക്കുന്നു. അണുബാധ പോലുള്ള ചില അസുഖങ്ങള്‍ മൂലം വിജയശതമാനം കുറയാം. വിജയശതമാനം കുറഞ്ഞാലും ഒറ്റത്തവണ കൊണ്ട് കോര്‍ണിയ മാറ്റി വയ്ക്കല്‍ വിജയിക്കുന്നില്ലെന്ന് തന്നെയാണ് വസ്‌തു. അത് കൊണ്ട് തന്നെ രണ്ടാമതും ഇത് ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി അന്ധത പൂര്‍ണമായും തുടച്ച് നീക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.
നേത്ര രോഗമുള്ള ആര്‍ക്കാണ് കോര്‍ണിയ മാറ്റി വയ്ക്കല്‍ വേണ്ടി വരുന്നത്?
ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്‌ത സമീപനങ്ങളാണുള്ളത്. കണ്ണ് മാറ്റി വയ്ക്കല്‍ പരമാവധി കുറയ്ക്കാനാണ് ഞങ്ങള്‍ ആദ്യം ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നേത്രവൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ നിരവധി രോഗികള്‍ക്ക് കണ്ണ് മാറ്റി വയ്ക്കുന്നത് ഒഴിവാക്കാനാകും. ഇനി ഒരാള്‍ കണ്ണ് മാറ്റി വച്ചേ കഴിയൂ എന്ന നിലയിലെത്തിയാല്‍ ഇപ്പോള്‍ നമുക്ക് ലെയര്‍ ബൈ ലെയര്‍ മാറ്റി വയ്ക്കല്‍ സാധ്യമാണ്. ഇത് വലിയ ശതമാനം വിജയമാണ്. ഒരിക്കല്‍ കണ്ണ് മാറ്റി വച്ചാല്‍ ആ യാത്ര രോഗിയും ഡോക്‌ടറും തമ്മില്‍ ആജീവനാന്തം ഉള്ള പ്രതിബദ്ധതയാണ്. ജീവിതകാലം മുഴുവന്‍ ഈ മാറ്റി വച്ച കണ്ണ് പരിചരിക്കപ്പെടേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഇത് കേവലം ഒരു ശസ്‌ത്രക്രിയയ്ക്ക് അപ്പുറമുള്ള ബഹുവിധ സമീപനമാണ്.
ഡോ.പ്രവീണ്‍ വദ്ദവള്ളി, ശാന്തിലാല്‍ ഷാങ്വി കോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി,
താങ്കള്‍ക്കാണ് നേത്രബാങ്കിന്‍റെ മേല്‍നോട്ടം, ഇത്ര നിര്‍ണായകമായ ഈ രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
രാജ്യത്തെ നേത്ര ബാങ്കുകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. രാജ്യത്തെ 200 നേത്ര ബാങ്കുകള്‍ പൂട്ടി. ഇവയില്‍ 90ശതമാനവും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവര്‍ക്ക് കോര്‍ണിയ ശേഖരം ഉണ്ടായിരുന്നില്ല. നിലവില്‍ രാജ്യത്തുള്ള 60,000 കോര്‍ണിയ ശേഖരത്തില്‍ 70 ശതമാനവും പത്ത് നേത്രബാങ്കുകളിലായാണ് ഉള്ളത്. രാജ്യത്തെ നേത്രബാങ്കുകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സ്ഥാപനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായുള്ള നാല് നേത്ര ബാങ്കുകളോടനുബന്ധിച്ച് നേത്രദാന കേന്ദ്രങ്ങളുമുണ്ട്. പ്രതിവര്‍ഷം 12,000 കോര്‍ണിയകള്‍ ഇത് വഴി ശേഖരിക്കാന്‍ സാധിക്കുന്നു. രാജ്യത്ത് ആകെ ശേഖരിക്കപ്പെടുന്ന കോര്‍ണിയകളുടെ 20ശതമാനം വരുമിത്.
ഒരു നേത്രബാങ്ക് നടത്തുമ്പോള്‍ ആവശ്യമായ പ്രതിബദ്ധത പലയിടത്തും കാണാറില്ല. കൃത്യമായ പരിശീലനം ലഭിച്ച ആളുകള്‍ ഇത്തരം കേന്ദ്രങ്ങളിലുണ്ടായിരിക്കണം. നേത്ര ബാങ്ക് തുടങ്ങുന്ന മിക്കവരും മനുഷ്യ വിഭവശേഷിയെ വേണ്ട വിധത്തില്‍ പരിശീലിപ്പിക്കാറില്ല. ഇവര്‍ക്ക് സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നോ, കൗണ്‍സിലര്‍മാരില്‍ നിന്നോ പരിശീലനങ്ങള്‍ നല്‍കാറുമില്ല. ഫലമായി നേത്രബാങ്കുകളുടെ നടത്തിപ്പ് പരിശീലനം കുറഞ്ഞവരിലേക്കോ യാതൊരു പരിശീലനവും ഇല്ലാത്തവരിലേക്കോ ചെന്നെത്തുന്നു. ഇത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
മറ്റൊന്ന് ആശുപത്രികളുടെ പ്രശ്‌നമാണ്. ഒരാളില്‍ നിന്ന് കോര്‍ണിയ കോശങ്ങള്‍ ശേഖരിച്ച് മറ്റൊരാളിലേക്ക് വച്ച് പിടിക്കുമ്പോള്‍ ചില രോഗങ്ങള്‍ കൂടി സംക്രമിക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവ അത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഇത് കേവലം കോര്‍ണിയ എടുത്ത് മറ്റൊരാളില്‍ വയ്ക്കല്‍ മാത്രമല്ല. ഇതിന് ചില നിലവാരം പുലര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കാഴ്‌ച പുനഃസ്ഥാപിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് പൂര്‍ണമായും നാം എത്തിച്ചേരൂ. എന്നാല്‍ മിക്ക ആശുപത്രികളും ഇവയൊന്നും പാലിക്കാറില്ല. നമുക്ക് ഒരു അംഗീകാര(അക്രെഡിറ്റേഷന്‍) സംവിധാനമോ സാക്ഷ്യപ്പെടുത്തല്‍ (സര്‍ട്ടിഫിക്കേഷന്‍) സംവിധാനമോ ഇല്ല. ഇത്തരം ചിലത് ഇന്ത്യയുടെ നേത്ര ബാങ്ക് അസോസിയേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ കോര്‍ണിയകളുടെ ലഭ്യതയും ഗുണനിലവാരവും വരും കാലങ്ങളില്‍ വര്‍ദ്ധിപ്പിക്കാനാകും.
മറ്റ് സംസ്ഥാനങ്ങളിലും നേത്രബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കുന്നുണ്ടല്ലോ, ഈ സഹകരണം എങ്ങനെ മുന്നോട്ട് പോകുന്നു?
ഈയാത്ര ആരംഭിച്ചിട്ട് ഏറെക്കാലമായി. ഓര്‍ബിസ് ഇന്‍റര്‍നാഷണലുമായി ചേര്‍ന്നാണ് ആദ്യം തങ്ങള്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. ഓര്‍ബിസ് നേത്രചികിത്സരംഗത്ത് അന്ധതയെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ്. രാജ്യത്ത് അവര്‍ പത്ത് നേത്രബാങ്കുകള്‍ ആരംഭിച്ചു. അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം തുടങ്ങിയത്.
2017ല്‍ ഹാന്‍സ് ഫൗണ്ടേഷന്‍ എന്ന മറ്റൊരു എന്‍ജിഒ മുന്നോട്ട് വന്നു. രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും കോര്‍ണിയ കോശങ്ങള്‍ ആവശ്യമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവിടെ നേത്ര ബാങ്കുകളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സഹായമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. അങ്ങനെ അവരുമായി ചേര്‍ന്ന് ആ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. ഇത്തരത്തിലെ ആദ്യ സംരംഭം ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് തുടങ്ങിയത്. കോവിഡ് 19ന് പിന്നാലെ ഗുവാഹത്തി റീജ്യണല്‍ നേത്രചികിത്സ കേന്ദ്രത്തില്‍ അടുത്ത നേത്ര ബാങ്കും തുടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാല മെഡിക്കല്‍ സയന്‍സസിലും നേത്രബാങ്ക് തുടങ്ങാന്‍ ഞങ്ങള്‍ സഹായങ്ങള്‍ നല്‍കി. പാറ്റ്നയിലും റാഞ്ചിയിലും നേത്രബാങ്കുകള്‍ തുടങ്ങാനുള്ള ധാരണപത്രത്തില്‍ അടുത്തിടെ ഒപ്പ് വച്ചിരുന്നു. രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം നേത്രബാങ്കുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അവിടെയെല്ലാമുള്ള ജീവനക്കാര്‍ക്ക് ഞങ്ങള്‍ നിര്‍ദ്ദിഷ്‌ട പരിശീലനം നല്‍കുന്നുമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സഹായം ചെയ്യുന്നു. ഇതിന് പുറമെ ഇവര്‍ സ്വയം പര്യാപ്‌തരാകുന്ന സമയം വരെ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്.
ഡോ.ഗുല്ലാപ്പള്ളി നാഗേശ്വര റാവു, ആശുപത്രി സ്ഥാപകന്‍
കോര്‍ണിയ ദാനത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുറച്ച് വര്‍ഷം മുമ്പാണ് താങ്കള്‍ ആരംഭിച്ചത്, ഈ ഉദ്യമത്തെക്കുറിച്ചും ഇതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാമോ?
ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെ കടന്ന് പോകുന്ന കുടുംബങ്ങളോട് സംസാരിക്കാനുള്ള പരിശീലനമാണ് ആദ്യ പടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുടുംബാംഗം ജീവിതത്തിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്ന് മനസിലായാല്‍ നാം അവരുടെ കുടുംബാംഗങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തുടങ്ങുന്നു. കണ്ണ് ദാനം ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഈ ദാനം രണ്ട് പേരുടെ ജീവിതത്തില്‍ എങ്ങനെ വെളിച്ചം വീശുമെന്നതിനെക്കുറിച്ചും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അവരോട് അങ്ങേയറ്റം അനുകമ്പയോടും ശ്രദ്ധയോടും വേണം ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍. ഇതാണ് ഞങ്ങളുടെ സാന്ത്വന കൗണ്‍സിലര്‍മാരെ ആദ്യം പരിശീലിപ്പിക്കുന്നത്. ഇവരെ ആളുകളെ പ്രവേശിപ്പിച്ചിട്ടുള്ള ജനറല്‍ ആശുപത്രികളിലാണ് ആദ്യം നിയോഗിക്കുക. ഇതിന്‍റെ പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് പന്ത്രണ്ട് വര്‍ഷം അമേരിക്കയില്‍ ജീവിച്ചപ്പോള്‍ ഞാന്‍ മനസിലാക്കിയതാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആദ്യ ഏഴു വര്‍ഷങ്ങള്‍ ഏറെ ദുര്‍ഘടമായിരുന്നു. കോര്‍ണിയകള്‍ കിട്ടിയിരുന്നേയില്ല. പിന്നീട് എവിടെ നിന്ന് ഇത് ലഭിക്കുമെന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. സാധാരണയായി കോര്‍ണിയ മാറ്റി വയ്ക്കല്‍ രാത്രിയിലാണ് നടത്തുന്നത്. രോഗികള്‍ ആദ്യകാലത്ത് കോര്‍ണിയ കിട്ടാനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കാത്തിരിപ്പ് പട്ടികയിലുള്ള ആള്‍ ആശുപത്രിയിലെ കോര്‍ണിയ ശേഖരണ പദ്ധതിയിലേക്ക് എത്തുന്നു. അവിടെയാണ് ഒരു സാന്ത്വന കൗണ്‍സിലര്‍ ചിത്രത്തിലേക്ക് വരുന്നത്. കാര്യങ്ങള്‍ ആകെ മാറി മറിയുന്നു. തിമിര ശസ്‌ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്ന ഒരു രോഗിയെ എനിക്ക് കണ്ണ് മാറ്റി വയ്ക്കലിനായി സജ്ജമാക്കാന്‍ സാധിക്കുന്നു. നിശ്ചയിച്ച ശസ്‌ത്രക്രിയകള്‍ അര്‍ദ്ധരാത്രിയില്‍ നിന്ന് മറ്റ് സമയത്തേക്ക് മാറ്റപ്പെടുന്നു. ആ പാഠങ്ങളാണ് ഇന്ത്യയിലും ഞാന്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ആദ്യഘട്ടത്തില്‍ നിസാമും പിന്നെ മറ്റ് ആശുപത്രികളും ഞങ്ങള്‍ക്ക് പിന്തുണയേകി.
നാം വൈദ്യ സാങ്കേതിക രംഗത്ത് ഏറെ മുന്നേറിയിരിക്കുന്നു. പരാജയ സാധ്യതകള്‍ കുറഞ്ഞു. ജനങ്ങള്‍ മറ്റ് ശാരീരിക പ്രശ്‌നങ്ങളെ അപേക്ഷിച്ച് ഇപ്പോഴും നേത്ര പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു. എന്താണ് ഇതിന് കാരണം?
നേരത്തെ ബോധവത്ക്കരണമില്ലാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പരിചരണ കേന്ദ്രങ്ങളിലെ സൗകര്യ ലഭ്യതയാണ് ഇപ്പോഴത്തെ പ്രശ്‌നം. നേത്ര ചികിത്സാ കേന്ദ്രങ്ങള്‍ എല്ലായിടവുമുണ്ട്. ചികിത്സ ചെലവും പ്രശ്നമാകുന്നില്ല. കാരണം അധികം പണച്ചെലവില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ ധാരാളമുണ്ട്. എന്നാല്‍ ഒരേ സമയം ഏറെ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം പലയിടത്തുമില്ലെന്നതാണ് പ്രശ്‌നം. ഇതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
നമ്മുടെ രാജ്യത്ത് നൈപുണ്യമുള്ള നേത്രരോഗ വിദഗ്ദ്ധരുണ്ടോ?
നമുക്ക് അത്യാവശ്യം നൈപുണ്യ വിദഗ്ദ്ധര്‍ ലഭ്യമാണ്. ബ്രിട്ടനുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമുക്ക് 80,000 മുതല്‍ ഒരു ലക്ഷം വരെ നേത്രരോഗ വിദഗ്ദ്ധരുടെ സേവനം രാജ്യത്ത് ലഭ്യമാണ്. നേത്രപരിചരണത്തില്‍ പല രാജ്യങ്ങളെക്കാളും നാം ഏറെ മുന്നിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തിമിര ശസ്‌ത്രക്രിയ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 80 ലക്ഷം തിമിര ശസ്‌ത്രക്രിയകളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. 90കളില്‍ ഇത് കേവലം പത്ത് ലക്ഷമായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കൊണ്ട് ഇതില്‍ എട്ട് മടങ്ങ് വര്‍ദ്ധനയുണ്ടായിരിക്കുന്നു.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി രാജ്യത്ത് തിമിര രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു. ഇതിന് എന്താണ് കാരണമെന്നാണ് വിലയിരുത്തല്‍?
ഇതിന് ധാരാളം കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് കാരണം സ്‌ക്രീന്‍ ടൈം മാത്രമല്ല. പുസ്‌തക വായനയും നിങ്ങളുടെ കണ്ണിനെ ബാധിക്കാം. വീടിന് പുറത്തുള്ള പ്രവൃത്തികള്‍ കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്. വീടിന് പുറത്ത് എല്ലാവരും കുറച്ച് സമയം ചെലവിടണം. ഇത് വഴി സ്‌ക്രീന്‍ സമയം കുറയ്ക്കാനാകും. സിംഗപ്പൂരില്‍ വിദ്യാലയങ്ങള്‍ക്ക് സ്ഫടിക ഭിത്തികളാണ് ഉള്ളത്. ഇത് സ്വഭാവിക പ്രകാശം ഉള്ളിലേക്ക് കൊണ്ടുവരുന്നു. വിവിധ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചിലത് പ്രായോഗികമാകുന്നുമുണ്ട്. ഞങ്ങളുടെ സ്ഥാപനങ്ങളും ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കാഴച്കുറവ് തടയാനും തിമിരമായി മാറാനുമുള്ള സാധ്യത കുറയ്ക്കാനും എന്ത് ചെയ്യാനാകുമെന്ന് കുട്ടികളുടെ കുടുംബങ്ങളെ ബോധവത്ക്കരിക്കാനുള്ള കാര്യക്ഷമമായ സംവിധാനം ഉണ്ടാകണം.
നേത്രദാനത്തിന് സമൂഹമെന്ന നിലയില്‍ നമുക്ക് എന്ത് സംഭാവനകള്‍ നല്‍കാനാകും?
കുടുംബത്തില്‍ ഒരു മരണം സംഭവിക്കുമ്പോള്‍ രണ്ട് പേരെ നേത്രദാനത്തിലൂടെ സഹായിക്കാമെന്ന ചിന്തയുണ്ടാകണം. വൃക്ക, ഹൃദയം, കരള്‍ തുടങ്ങിയ അവയവങ്ങളെല്ലാം ഇത്തരത്തില്‍ നിങ്ങള്‍ക്ക് നല്‍കി മറ്റുള്ളവരെ സഹായിക്കാനാകും. അങ്ങനെ നമ്മള്‍ മരിച്ചാലും അത് ചാരമാകുന്നതിന് മുമ്പ് നമ്മുടെ ശരീരം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാകും. മറ്റ് ചിലര്‍ക്ക് ജീവനും ജീവിതവും നല്‍കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആദ്യമായി ജനങ്ങളെ ബോധവത്ക്കരിക്കാനാകണം. മറ്റേതൊരു സംഭാവനകളെക്കാളും മഹത്തരമാണ് അവയവദാനം. നമ്മുടെ അവയവദാനത്തിലൂടെ അതിന്‍റെ പ്രയോജനം ലഭിക്കുന്നവരുടെ അനുഗ്രഹമാണ് നമുക്ക് ഇതിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് ഒരാള്‍ തന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. നമുക്ക് ആര്‍ജ്ജിക്കാവുന്ന ഏറ്റവും മികച്ച സമ്പത്തും അനുഗ്രഹങ്ങള്‍ തന്നെ.
Also Read: അപരന്‍റെ ജീവിതത്തില്‍ വെളിച്ചമാകാം, മരണശേഷവും...; അറിയാം നേത്രദാനത്തിന്‍റെ വിശദാംശങ്ങള്‍