ചർമത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. മിക്ക ആളുകളും പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾ നേരിടുന്നവരാണ്. അതിൽ ഒന്നാണ് സൺ ടാൻ. പുറത്തിറങ്ങുമ്പോൾ അമിതമായി വെയിൽ എല്ക്കുന്നത് ചർമ്മത്തിൽ നിറ വ്യത്യാസം, കരിവാളിപ്പ്, പാടുകൾ, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫലപ്രദമായതും തീർത്തും പ്രകൃതിദത്തമായ ചില വഴികൾ സൺ ടാൻ അകറ്റാൻ നിങ്ങളെ സഹായിക്കുന്നു.
അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ഗോതമ്പ് സൺ ടാൻ അകറ്റാൻ ഫലപ്രദമാണ്. ആന്‍റി ഓക്‌സിഡന്‍റായ വിറ്റാമിന് ഇ ഗോതമ്പിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ഗുണം ചെയ്യുന്നു. ചർമ്മത്തിലെ എണ്ണമയം അകറ്റാനും ഗോതമ്പ് പൊടി വളരെ നല്ലതാണ്.
ഗോതമ്പിൽ ആൻ്റി ഓക്‌സിഡൻ്റും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ള സിങ്ക് ഉള്ളതിനാൽ ചർമ്മത്തിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്ന അയേണും ഗോതമ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും പുതുജീവൻ നൽകാനും ഗോതമ്പിന്‍റെ ഉപയോഗം സഹായിക്കുന്നു.
സൺ ടാൻ അകറ്റാൻ ഗോതമ്പ് പൊടി ഉപയോഗിക്കേണ്ട ചില രീതികൾ ഇതാ...
ഗോതമ്പ് പൊടിയും വെള്ളവും
ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഗോതമ്പ് മാവ് എടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗോതമ്പ് പൊടിയും നാരങ്ങയും
ഒരു ടേബിൾ സ്‌പൂൺ ഗോതമ്പ് പൊടിയിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 മുതൽ 15 മിനുട്ടിനു ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ കരിവാളിപ്പ് അകറ്റാൻ സഹായിക്കുന്നു.
ഗോതമ്പ് പൊടിയും പാലും മഞ്ഞളും
ഒരു പാത്രത്തിലേക്ക് അൽപ്പം ഗോതമ്പ് പൊടിയും മഞ്ഞളും ആവശ്യത്തിന് പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മുടിയുടെ അറ്റം പിളരുന്നത് തടയാം; പ്രകൃതിദത്ത മാർഗങ്ങളിലൂടെ