കണ്ണുകളുടെ ആരോഗ്യം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്. തിളക്കമാർന്ന കണ്ണുകൾ നിങ്ങളെ കൂടുതൽ സുന്ദരിമാരും സുന്ദരന്മാരുമാക്കുന്നു. അതിനാൽ കണ്ണിന്‍റെ തിളക്കം മങ്ങാതെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ കണ്ണുകളുടെ താഴെ ഉണ്ടാകുന്ന കറുത്ത വൃത്തങ്ങൾ (ഡാർക്ക് സർക്കിൾ) കണ്ണിന്‍റെ സൗന്ദര്യം ഇല്ലാതാക്കുമെന്നതിൽ സംശയമൊന്നും വേണ്ട. പല കാരണങ്ങളാൽ ഡാർക്ക് സർക്കിൾ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, കടുത്ത സമ്മർദ്ദം, വിഷാദം എന്നിവയാണ് പൊതുവെ ഡാർക്ക് സർക്കിളിന് കാരണമാകുന്ന ഘടകങ്ങൾ. എന്നാൽ ഇതിന് പുറമെ കണ്ണിനെ ബാധിക്കുന്ന അണുബാധ, വിളർച്ച, വിറ്റാമിൻ കുറവ്, ത്വക്ക് രോഗങ്ങൾ, ദീഘകാലമായി നേരിടുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയും ഇതിന് കരണങ്ങളാണെന്ന് ഡോ പി എൽ ചന്ദ്രാവതി പറയുന്നു. കുറയ്ക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം.
കണ്ണുകൾക്ക് ചറ്റുമുളള ഡാർക്ക് സർക്കിളിന് കാരണങ്ങൾ
- രാത്രിയിലെ ഉറക്കക്കുറവ്
- വിളർച്ച
- കണ്ണുകൾക്ക് ചുറ്റും ചൊറിച്ചിലും അലർജിയും
- വിറ്റാമിൻ കുറവ്
- ത്വക്ക് രോഗങ്ങൾ
- സമ്മർദ്ദം
- വിഷാദം
- ഇരുണ്ട കണ്ണുകൾ, കട്ടി കുറഞ്ഞ ചർമ്മം
- ദീർഘനേരമുള്ള വായന, അമിതമായി ടിവി കാണൽ
- കംപ്യൂട്ടർ, സ്‌മാർട്ട്‌ഫോൺ എന്നിവയുടെ അമിത ഉപയോഗം
- പുകവലി, മദ്യപാനം
- പാരമ്പര്യം
- അമിതമായി വെയിലേൽക്കുന്നത്
- മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ
ഡാർക്ക് സർക്കിൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
ഡാർക്ക് സർക്കിൾ അകറ്റാൻ വിപണിയിൽ ലഭ്യമായ ലോഷൻ, ക്രീം എന്നിവയാണ് ആളുകൾ കൂടുതലായും ഉപയോഗിക്കാറുള്ളത്. എന്നാൽ ക്രീമുകൾ തെരഞ്ഞെടുക്കുമ്പോൾ ഫോസിക് ആസിഡും അർബുട്ടിനും അടങ്ങിയ ക്രീമുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇത് ഡാർക്ക് സർക്കിൾ അകറ്റാൻ കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്‌ധർ പറയുന്നു. ഇതിനു പുറമെ ചില മുൻകരുതലുകൾ കൂടി സ്വീകരിക്കണമെന്ന് ഡോ പി എൽ ചന്ദ്രാവതി നിർദ്ദേശിക്കുന്നു...
- മാനസിക സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കുക.
- കണ്ണുകൾ അധികം തിരുമ്മരുത്.
- കണ്ണുകൾക്ക് മതിയായ വിശ്രമം നൽകുക.
- പുറത്തിറങ്ങുമ്പോൾ കണ്ണട ധാരിക്കുക
- റോസ് ഇതളിന്‍റെ നീര് പുരട്ടുക.
- തണ്ണിമത്തൻ, സ്ട്രോബെറി എന്നിവയുടെ പൾപ്പ് പുരട്ടുക.
- പൈനാപ്പിൾ ജ്യൂസ് പഞ്ഞി ഉപയോഗിച്ച് പുരട്ടുക.
- ഉരുളക്കിഴങ്ങും ചീരയും നേർത്ത കഷ്‌ണങ്ങളാക്കി കണ്ണിന് മുകളിൽ വയ്ക്കുക.
- വരണ്ട ചർമ്മമുള്ളവർ മോയ്‌സ്‌ചറൈസർ ഉപയോഗിക്കുക.
കറുപ്പ് നിറവും ഡാർക്ക് സർക്കിളും അകറ്റാൻ നിലവിൽ നിരവധി ചികിത്സാ രീതികളുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. ശസ്ത്രക്രിയ, ലേസർ ചികിത്സ തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. അതേസമയം കണ്ണിലുണ്ടാകുന്ന അലർജി നിസാരമാക്കരുതെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഡോ എൽ ചന്ദ്രാവതി പറയുന്നു. വെയിലത്ത് ഇറങ്ങി നടക്കുമ്പോൾ കണ്ണട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് ഡാർക്ക് സർക്കിൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും അവർ നിർദേശിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചർമ്മം തിളങ്ങാൻ തേങ്ങാപ്പാൽ; ഉപയോഗിക്കേണ്ടതെങ്ങനെ? അറിയാം