എല്ലാപ്രായക്കാരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് അലർജി. ഉപദ്രവകാരികളല്ലാത്ത ചില പദാർത്ഥങ്ങൾ ശരീരത്തിലെത്തുമ്പോൾ അവ ആക്രമണകാരികളെന്ന് ധരിച്ച് ശരീരം അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. അന്തരീക്ഷ അലർജികൾ, ത്വക്ക് അലർജി, ഭക്ഷണ പദാർത്ഥങ്ങളോടുള്ള അലർജി, മരുന്നുകളോടുള്ള അലർജി, വിഷ അലർജി എന്നിവ വിവിധ തരം അലർജികളിൽ പെടുന്നവയാണ്.
മഴക്കാലമാകുമ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അലർജി ബാധിതരുടെ എണ്ണം വർധിക്കാൻ ഇടയാക്കാറുണ്ട്. ഉയർന്ന അന്തരീക്ഷ മലിനീകരണം കാരണം നഗരപ്രദേശങ്ങളിലെ ആളുകളിലാണ് അലർജി കൂടുതലായി കണ്ടുവരുന്നത്. മാലിന്യം, നിർമാണ പ്രവർത്തനം എന്നിവ അലർജി രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നവയാണ്.
എന്നാൽ മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന അലർജികളെ ഫലപ്രദമായി നേരിടാൻ ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന് ചൂണ്ടികാട്ടുകയാണ് പ്രശസ്‌ത ആയുർവേദ വിദഗ്‌ധ ഡോ ഗായത്രി ദേവി. അലർജിയെ തടയാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നിറങ്ങുവിദ്യയാണ് ഡോ ഗായത്രി ദേവി പങ്കുവയ്ക്കുന്നത്. അത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മഞ്ഞൾ - 30 ഗ്രാം
- പെരുംജീരകം പൊടി - 60 ഗ്രാം
- മല്ലിയില - 60 ഗ്രാം
- ഇഞ്ചി - 10 ഗ്രാം
- കുരുമുളക് പൊടി - 10 ഗ്രാം
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിലേക്ക് പെരുംജീരകം, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ എടുത്ത് മാറ്റിവയ്ക്കുക. ഇതിലേക്ക് ഇഞ്ചി അൽപ്പം ചൂടാക്കിയ ശേഷം പേസ്റ്റ് രൂപത്തിലാക്കി ചേർക്കുക. പിന്നീട് കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കിയാൽ അലർജിക്കുള്ള മരുന്ന് റെഡി. ഈ മിശ്രിതം ഭക്ഷണം പാചകം ചെയ്യുമ്പോൾ മസാലയായി ഉപയോഗിക്കാമെന്ന് ഡോ ഗായത്രി ദേവി പറയുന്നു.
ഒരു സ്‌പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് ഈ മസാല ചേർക്കാം. ശേഷം ഇത് ദിവസേന കഴിക്കുന്ന കറികളിൽ ചേർത്ത് കഴിക്കുന്നത് അലർജി രോഗങ്ങളെ ചെറുക്കൻ ഗുണം ചെയ്യും. ഈ മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളും നല്ല ഔഷധങ്ങാണെന്നും അതിനാൽ അലർജി സാധ്യത കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കുമെന്നും ആയുർവേദ വിദഗ്‌ധ ഡോ ഗായത്രി ദേവി പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചർമ്മം തിളങ്ങാൻ തേങ്ങാപ്പാൽ; ഉപയോഗിക്കേണ്ടതെങ്ങനെ ? അറിയാം