താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ നേരിടുന്നവർ നിരവധിയാണ്. പല വഴികളിലൂടെ താരനെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ഫലം ലഭിക്കാത്തവരും നിരവധിയാണ്. അമിതമായ മുടി കൊഴിച്ചിലും ചൊറിച്ചിലും താരൻ കഴുത്തിലും ധരിച്ചിരിക്കുന്ന ഡ്രസിലും വീഴുമ്പോഴുമായിരിക്കും പലരും പ്രതിവിധി തേടുന്നത്. മുടിയുടെ മൊത്തം ആരോഗ്യം ഇല്ലാതാക്കാൻ താരൻ കാരണമാകുന്നു. എന്നാൽ ശരിയായ നേരത്ത് താരനെ നേരിട്ടില്ലെങ്കിൽ മുടിയും ഭംഗി ഇല്ലാതാകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ആരോഗ്യമുള്ളതും ഇടതൂർന്നതും ഭംഗിയുള്ളതുമായ മുടി നിലനിർത്താൻ താരൻ തടയേണ്ടത് അത്യാവശ്യമാണ്. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിറം ഇതാ.
കറ്റാർവാഴ
കറ്റാർവാഴയിൽ ആൻ്റി ബാക്‌ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുടിയെയും ചർമ്മത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. താരൻ അകറ്റാൻ വളരെയധിക്കും ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ഇതിന്‍റെ ജെൽ ചർമ്മത്തിന് തണുപ്പ് നൽകുകയും ചൊറിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കറ്റാർവാഴയിൽ വൈറ്റമിൻ എ, സി, ഇ എന്നിവ ധാരമുള്ളതിനാൽ മുടിയുടെ സംരക്ഷണത്തിന് ഇത് മികച്ചതാണ്.
ആവണക്കെണ്ണ
മുടി വളരാൻ ബെസ്റ്റാണ് ആവണക്കെണ്ണ. ആൻ്റി ബാക്‌ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുള്ളതിനാൽ മുടി വളരാനും മോസ്‌ചറൈസ് ചെയ്യാനും ഇത് നല്ലതാണ്. ആവണക്കെണ്ണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വൈറ്റമിൻ ഇ
ചർമ്മത്തിന്‍റെയും മുടിയുടെയും നല്ല ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണ് വൈറ്റമിൻ ഇ. മുടി പൊട്ടുന്നത് തടയാനും കേടായ മുടിയുടെ ആരോഗ്യം വീണ്ടെടുത്ത് വളരാനും ഇത് സഹായിക്കുന്നു. മുടിയുടെ ഇലാസ്‌തികതയും തിളക്കവും വർധിപ്പിക്കാനും വൈറ്റമിൻ ഇ പ്രധാന പങ്ക് വഹിക്കുന്നു.
ഉള്ളി
മുടികൊഴിച്ചിൽ അകറ്റാൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉള്ളി. ഇതിൽ സൾഫേറ്റ് അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ വേരുകളിൽ ആഴത്തിൽ ഇറങ്ങിചെന്ന് മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും നല്ല ഉള്ളോട് കൂടി മുടി വളരാനും ഇത് സഹായിക്കും. അമിതമായ മുടികൊഴിച്ചിലിനെ തടയാൻ ഉള്ളി ഏറ്റവും ബെസ്റ്റായ പ്രതിവിധിയാണ്.
സിറം തയ്യാറാക്കേണ്ട വിധം
ഒരു ഉള്ളി നന്നായി അരച്ച് അതിന്‍റെ നീര് എടുക്കുക. അതിലേക്ക് കുറച്ച് കറ്റാർവാഴ ജെൽ, ആവണക്കെണ്ണ, വൈറ്റമിൻ ഇ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഈ സിറം മുടി കൊഴിച്ചിൽ അകറ്റി ഭംഗിയുള്ളതും ഉള്ളുള്ളതുമായ മുടി ലഭിക്കാൻ വളരെയധികം സഹായിക്കുന്നു.