തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ്-എ) പടരുന്നതിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. മലപ്പുറം എറണാകുളം ജില്ലകളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം.
ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നതാണ് പ്രധാന നിര്‍ദ്ദേശം. വിനോദ യാത്ര പോകുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മലിനമായ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെയും മലിനജലം ഉപയോഗിച്ച് പാത്രം, കൈ എന്നിവ കഴുകുന്നതിലൂടെയും രോഗം പകരാം. സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച കിണറുകളിലെ വെള്ളം മലിനമാക്കുകയും അതുവഴി ഹെപ്പറ്റൈറ്റിസ്-എ പടരുകയും ചെയ്യാം. അതുകൊണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്ത്രോതസുകള്‍ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷന് നടത്താനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ എന്ന നിര്‍ദേശവുമുണ്ട്.
മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും നിര്‍ദ്ദേശമുണ്ട്. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല എന്നും പ്രതിരോധ വാക്സിനെടുക്കണമെന്നും പറയുന്നുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധനയും കര്‍ശനമാക്കി.
ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടകരം: രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്ഐവി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് മഞ്ഞപ്പിത്തത്തിന്റെ തീവ്രത കൂടുതലായി അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും മറ്റുളളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗലക്ഷണങ്ങള്‍: മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാല്‍ മഞ്ഞപ്പിത്തം എന്തുകൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ്-എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95% കുട്ടികളിലും, 10-25% മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രണ്ട് മുതല്‍ ആറാഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും, വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
- കിണറ്റിലെ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
- സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
- ആറ് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിന് എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.
ALSO READ: പ്രമേഹ രോഗികൾ ജാഗ്രതൈ; കാഴ്ച നഷ്ടപ്പെടാന്‍ സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക