കാഴ്ച്ചയിൽ ചെറുതാണെങ്കിലും വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്ലാക്‌സ് സീഡ്. ഏറെക്കുറെ മുതിരയോട് സാമ്യമുള്ള ഫ്ലാക്‌സ് സീഡ് പല രോഗങ്ങൾക്കുള്ള മരുന്നായും ഉപയോഗിക്കാറുണ്ട്. ആൽഫ ലിനോലെനിക് ആസിഡ്, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഫ്ലാക്‌സ് സീഡ്. ഇതിൽ ഈസ്ട്രജൻ ഹോർമോണിന് സമാനമായ ലിഗ്നൻസ് എന്ന ഫൈറ്റോ ഈസ്ട്രജനും പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ വളരെയധികം സഹായിക്കുമെന്ന് ചില പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാനും ചർമ്മ പ്രശ്‌നങ്ങൾ തടയാനും ഇതിന്‍റെ ഉപയോഗം ഫലപ്രദമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് നല്ലതാണ്. ഫ്ലാക്‌സ് സീഡിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പ്രമേഹം നിയന്ത്രിക്കാൻ
പ്രമേഹം നിയന്ത്രിക്കാൻ ഫ്ലാക്‌സ് സീഡ് വളരെയധികം ഫലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാൽ പതിവായി ഇത് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ള ആളുകളും ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് നല്ലതാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഫ്ലാക്‌സ് സീഡ്. ദിവസേന 4 ടേബിൾ സ്‌പൂൺ ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ 15 ശതമാനം കുറയ്ക്കാൻ സഹായിക്കും. അതിനാൽ പതിവായി ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഹോർമോൺ ബാലൻസ്
ഫ്ലാക്‌സ് സീഡിലെ ലിഗ്നൻസ് എന്ന സംയുക്തം ഹോർമോൺ സന്തുലിതമാക്കാൻ സഹായിക്കും. സ്ത്രീകളിലേയും പുരുഷന്മാരിലേയും ഹോർമോൺ പ്രശ്‌നങ്ങൾ ഒരുപോലെ നിയന്ത്രിയ്ക്കാൻ ഫ്ലാക്‌സ് സീഡിന് സാധിയ്ക്കും. അതിനാൽ പതിവായി ഇത് കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ ഒഴിവാക്കാൻ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ
ഫ്ലാക്‌സ് സീഡിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും. ഇതിലെ ഫൈബർ കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. അതിനാൽ സ്ഥിരമായി ഫ്ലാക്‌സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് ദിവസം മുഴുവൻ ഊർജ്ജത്തോടെ നിലനിർത്താനും നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ
ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ ഫ്ലാക്‌സ് സീഡിന് സാധിയ്ക്കും. ഇതിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 രക്ത ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാണ്. സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് ഫലം ചെയ്യും. അതിനാൽ ദിവസവും 4 ടേബിൾ സ്‌പൂൺ ഫ്ലാക്‌സ് സീഡ് കഴിക്കാം.
ക്യാൻസർ സാധ്യത കുറയ്ക്കും
സ്‌തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, കോളൻ ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാനുള്ള കഴിവ് ഫ്ലാക്‌സ് സീഡിനുണ്ട്. ഇവയിലുള്ള എഎൽഎ എന്ന ഘടകം ട്യൂമറുകളുടെ വളർച്ച തടയാൻ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Als Read: യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ