നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാൻ ഡ്രാഗൺ ഫ്രൂട്ട് വളരെയധികം ഗുണം ചെയ്യും. ഫ്ലേവനോയ്‌ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമായ ഡ്രാഗൺ ഫ്രൂട്ട് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും. ആരോഗ്യ സവിശേഷതകൾ ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ജലാംശവും അടങ്ങിയിട്ടുണ്ട്. കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയിട്ടുള്ളതിനാൽ വണ്ണം കുറയ്ക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു പഴമാണിത്. പതിവായി മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
- കലോറി
- കാർബോഹൈഡ്രേറ്റ്സ്
- നാരുകൾ
- പ്രോട്ടീൻ
- വിറ്റാമിൻ സി
- അയേൺ
- കാൽസ്യം
- മഗ്നീഷ്യം
- പൊട്ടാസ്യം
ഡ്രാഗൺ ഫ്രൂട്ടിന്‍റെ ആരോഗ്യഗുണങ്ങൾ
ഹൃദയാരോഗ്യത്തിന്
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും. കൂടാതെ ഹൃദസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൊറോണറി ഹൃദ്രോഗം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്ന് ലീഡ്‌സ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.
പ്രമേഹ സാധ്യത കുറയ്ക്കാൻ
ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം സാധ്യത തടയാൻ സഹായിക്കും. താരതമ്യേന ഈ പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും. എന്നാൽ പ്രമേഹ രോഗികൾ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ എന്ന് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോക്‌ടർ ജി സുഷമ പറയുന്നു.
രോഗപ്രതിരോധ ശേഷി കൂട്ടാൻ
വൈറ്റമിൻ സി, കരോട്ടിനോയിഡുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ശ്വേതരക്താണുക്കളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അണുബാധകളും രോഗങ്ങളും തടയാൻ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ഏറെ നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താൻ
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കും. മലബന്ധം അകറ്റാനും ഇത് ഏറെ മികച്ചതാണ്. കൂടാതെ ഡ്രാഗൺ ഫ്രൂട്ടിൽ പ്രീബയോട്ടിക്‌സുള്ളതിനാൽ കുടലിലെ നല്ലതും ചീത്തയുമായ ബാക്‌ടീരിയകളെ സന്തുലിതമാക്കാനും ഗുണം ചെയ്യും.
ചർമ്മത്തിന്
ആന്‍റി ഓക്‌സിഡന്‍റുകളുടെ കലവറയാണ് ഡ്രാഗൺ ഫ്രൂട്ട്. മുഖക്കുരു, വരണ്ട ചർമ്മം, സൂര്യതാപം എന്നിവയെ ചെറുക്കൻ ഇത് സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തിളക്കം നൽകാനും ഫലം ചെയ്യും.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
കണ്ണിന്‍റെ ആരോഗ്യത്തിന്
ബീറ്റാ കരോട്ടിന്‍റെ മികച്ച ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് നേത്ര സംബന്ധമായ പ്രശ്‌നങ്ങൾ തടയാൻ വളരെയധികം സഹായിക്കും.
ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിന്
ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്‍റേയും ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കുഞ്ഞിന്‍റെ ശരിയായ മസ്‌തിഷ്‌ക വികസനം പ്രോത്സാഹിപ്പിക്കും. വിറ്റാമിൻ സി ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുള്ളതിനാൽ കുഞ്ഞിന്‍റെ എല്ലുകളുടെയും രോഗപ്രതിരോധ സംവിധാനത്തിന്‍റെയും വികാസത്തെ പ്രോത്സാഹിപ്പിക്കും.
എല്ലുകളെ ശക്തിപ്പെടുത്താൻ
കാത്സ്യം, മഗ്നീഷ്യം, എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് എലുകൾക്ക് ബലം നൽകാൻ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഓർമശക്തി കൂട്ടാനും ചർമ്മം തിളങ്ങാനും, ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്താം