ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഒരു പഴമാണ് ഈന്തപ്പഴം അഥവാ കാരക്ക. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, കാൽസ്യം വിറ്റാമിനുകളായ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ കലവറയായ ഈന്തപ്പഴം ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ഉയർന്ന അളവിൽ ഊർജ്ജവും അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കും.
ഡയറ്റിൽ പതിവായി ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഈന്തപ്പഴത്തിൽ ഗ്ലൈസെമിക് സൂചിക കുറഞ്ഞ അളവിലായതിനാൽ മിതമായ അളവിൽ പ്രമേഹ രോഗികൾക്കും കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവും ഈന്തപ്പഴത്തിനുണ്ട്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും മലബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.
എല്ലുകളെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈന്തപ്പഴം ഗുണകരമാണ്. ഇതിൽ തൽക്ഷണ ഊർജ്ജം നൽകുന്ന പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ അത്ലറ്റുകളും വ്യായാമം ചെയ്യുന്നവരും പതിവായി ഇത് കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും പ്രോട്ടീനുകളും പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇവയ്ക്ക് പുറമെ ഈന്തപ്പഴം കഴിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്‌ത ഗുണങ്ങൾ നൽകുന്നതായും ന്യൂഡൽഹിയിലെ പോഷകാഹാര വിദഗ്‌ധ ഡോ ദിവ്യ ശർമ്മ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഈന്തപ്പഴം കഴിക്കുന്നതിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന ഗുണങ്ങൾ
ഈന്തപ്പഴത്തിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട് ഇത് വിളർച്ച തടയാൻ സഹായിക്കും. ഗർഭിണികൾ ഇത് കഴിക്കുന്നത് ഊർജ്ജം നിലനിർത്താനും ഹോർമോൺ സന്തുലിതമാക്കാനും ഗുണം ചെയ്യും. ആർത്തവ സമയത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഈന്തപഴം കഴിക്കുന്നത് നല്ലതാണ്. സ്ഥിരമായി ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. കൂടാതെ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകാനും സഹായിക്കും.
പുരുഷന്മാർക്ക് ലഭിക്കുന്ന ഗുണങ്ങൾ
ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരുടെ സ്റ്റാമിന വർദ്ധിപ്പിക്കുകയും ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ബീജത്തിൻ്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താനും ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാനും പതിവായി ഈന്തപഴം കഴിക്കുന്നത് നല്ലതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാനും ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കും.
ഈന്തപ്പഴം കഴിക്കേണ്ട ശരിയായ രീതി
ഈന്തപ്പഴം നേരിട്ട് കഴിക്കുന്നതിനേക്കാൾ നല്ലത് പാലിനൊപ്പം കഴിക്കുന്നതാണെന്ന് ഡോ ദിവ്യ പറയുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് ബലഹീനത നേരിടുമ്പോൾ ശരീരത്തിന് ശക്തിയും ഊർജ്ജവും ലഭിക്കാൻ ഈന്തപ്പഴം ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്. പേശികളെ ശക്തിപ്പെടുത്താനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ഫലപ്രദമാണ്. കുട്ടികളും പ്രായമായവരും ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
അധികമായാലും പ്രശ്‌നം
ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും അവ ശരിയായ അളവിൽ കഴിക്കുന്നത് വളരെ പ്രധാനമാണ്. ഇത് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഈന്തപ്പഴത്തിൽ സ്വാഭാവിക പഞ്ചസാര കൂടുതലാണ്. അതിനാൽ അമിതമായി കഴിച്ചാൽ ശരീരഭാരം കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനും കാരണമായേക്കും. പ്രമേഹരോഗികൾ ഡോക്‌ടറുടെ നിർദേശ പ്രകാരം മാത്രമേ ഇത് കഴിക്കാവൂ. ഈന്തപ്പഴം വലിയ തോതിൽ കഴിക്കുന്നത് ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഡയറ്റിൽ ഫ്ലാക്‌സ് സീഡ് ഉൾപ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും