രാത്രി മുഴുവൻ നന്നായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ അമിത ക്ഷീണം അനുഭവപ്പെടുന്നവർ നിരവധിയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, സമ്മർദ്ദം, കഫീന്‍റെ അമിത ഉപയോഗം, നിർജ്ജലീകരണം, ആരോഗ്യപരമായ അവസ്ഥകൾ എന്നിവ ഉൾപ്പെടെ പല ഘടകങ്ങൾ ഇതിന് കാരണമാകാറുണ്ട്. എന്നാൽ രാവിലെ ഉണ്ടാകുന്ന ക്ഷീണം അകറ്റാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. അതിനായി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
ഓട്‌സ്
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഓട്‌സ്. പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റ്‌സ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുന്നത് ക്ഷീണം അകറ്റാനും ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും.
ഇലക്കറികൾ
ഇരുമ്പ്, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, കെ, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഇലക്കറികൾ. ശരീരത്തിൽ ഊർജ്ജം നിലർത്താൻ ഇത് സഹായിക്കും. അയേണിന്‍റെ കുറവുണ്ടാകുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത് ഒഴിവാക്കാൻ ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. അതിനാൽ ചീര, കലെ തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഇരുമ്പിൻ്റെ കുറവ് നികത്താനും വിളർച്ച തടയാനും സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
നട്‌സ്
നട്‌സിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുയും ക്ഷീണം ഇല്ലാതാക്കാനും ഗുണം ചെയ്യും. ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സ് സഹായിക്കും. അതിനാൽ ബദാം, വാൽനട്ട് തുടങ്ങിയ നട്‌സുകൾ പതിവായി കഴിക്കാം.
സരസഫലങ്ങൾ
സരസഫലങ്ങൾ ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ ക്ഷീണത്തിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ സരസഫലങ്ങൾ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
മുട്ട
ദിവസവും മുട്ട കഴിക്കുന്നത് ക്ഷീണം ഇല്ലാതാക്കാൻ സഹായിക്കും. പ്രോട്ടീൻ, വിറ്റാമിൻ എന്നിവയുടെ നല്ലൊരു ഉറവിടമാണ് മുട്ട. ഇത് ഊർജ്ജം നിലനിർത്താനും എല്ലുകളെ ശക്തിപ്പെടുത്താനും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള കോളിൻ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും. ഊർജ്ജം നിലനിർത്താനും ക്ഷീണം അകറ്റാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. അതിനാൽ പ്രഭാതഭക്ഷണത്തിൽ പതിവായി വാഴപ്പഴം ഉൾപ്പെടുത്താം.
Also Read : പവർഫുളാണ് ഈ പഴം; ഡയറ്റിൽ ഉൾപ്പെടുത്താം പതിവായി, ആരോഗ്യ ഗുണങ്ങൾ നിരവധി