എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പ്രായം കൂടിവരുമ്പോൾ മുഖത്തും ശരീരത്തിലും വാർദ്ധക്യ ലക്ഷണങ്ങൾ പ്രത്യക്ഷമാകുക തന്നെ ചെയ്യും. പ്രായമാകൽ പ്രക്രിയ തടയാൻ നമുക്കാകില്ലെങ്കിലും അകാല വാർദ്ധക്യം മന്ദഗതിയിലാക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും സാധിക്കും. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമവും ചില ദുശ്ശീലങ്ങളും ഒഴിവാക്കുന്നതിലൂടെ വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും യുവത്വമുള്ള ചർമ്മം നിലനിത്താനും കഴിയും. പ്രായകൂടുതൽ തോന്നാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
പഞ്ചസാര അടങ്ങിയ ഭക്ഷണം
അമിതമായ പഞ്ചസാരയുടെ ഉപയോഗം അകാല വാർധക്യത്തിന് കാരണമാകും. കൊളാജൻ ഉത്പാദനം തടയുകയും ചർമ്മത്തിന്‍റെ ഇലാസ്‌തികത നഷ്‌ടപ്പെടാനും അകാല വാർദ്ധക്യത്തിലേക്ക് നയിക്കാനും ഇത് കാരണമാകുമെന്ന് ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൂടാതെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, എന്നിവ വർധിക്കാനും പഞ്ചസാരയുടെ അമിത ഉപയോഗം ഇടയാക്കും. അതിനാൽ സോഡകൾ, മിഠായികൾ, പേസ്ട്രികൾ, കേക്കുകൾ, ഐസ്ക്രീം, ഫ്രക്ടോസ് കോൺ സിറപ്പ് ഉൾപ്പെടെ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
സംസ്‌കരിച്ച മാംസം
സംസ്‌കരിച്ച മാംസങ്ങളിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിൽ പ്രായമായതായി തോന്നിപ്പിക്കും എന്നതിന് പുറമെ വീക്കം , ഓക്‌സിഡേറ്റീവ് സമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അതിനാൽ ബേക്കൺ (ഉപ്പിട്ടുണക്കിയ മാംസം), സോസേജുകൾ, ഹോട്ട് ഡോഗ്, സലാമി എന്നിവ കഴിക്കുന്നത് ഒഴിവാക്കുക.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്
വെളുത്ത റൊട്ടി, പാസ്‌ത, അരി എന്നിവ ഉൾപ്പെടെ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം കുറയ്ക്കുക. ഇത് വീക്കം, ഇൻസുലിൻ പ്രതിരോധം , പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകുകയും അകാല വർധക്യത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ വെളുത്ത റൊട്ടി, അരി, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, സംസ്‌കരിച്ച ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ഇവയിൽ ഉയർന്ന ഗ്ലൈസമിക് സൂചിക ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം ഹൃദയ സംബന്ധമായ അസുഖങ്ങൾ, അകാല വർധക്യം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
വറുത്ത ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്ത ഭക്ഷണങ്ങളുടെ അമിത ഉപയോഗം വീക്കം, വരണ്ട ചർമ്മം, ചർമ്മത്തിലെ ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും. കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കാനും പ്രായമാകൽ പ്രക്രിയ വേഗത്തിലാക്കാനും ഇത് കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളുടെ ആഗിരണത്തെ തടയാനും ഇത് ഇടയാക്കും.
മദ്യം
പ്രായമായാൽ പ്രക്രിയ വൈകിപ്പിക്കാനായി ഏറ്റവും ആദ്യം ഉപേക്ഷിക്കേണ്ട ഒന്നാണ് മദ്യപാനം. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, നിർജ്ജലീകരണം, കരൾ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ആഗിരണം തടയാനും ചർമ്മം വരണ്ടതും മങ്ങിയതുമാക്കാൻ മദ്യപാനം കാരണമാകും. വാർദ്ധക്യ സഹജമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും ഇത് ഇടയാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
സോഡിയം അടങ്ങിയ ഭക്ഷണം
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ചർമ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനും വരണ്ടതാകാനും ഇത് ഇടയാക്കും. അതിനാൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച സൂപ്പുകൾ, ഫാസ്റ്റ് ഫുഡ്, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, അച്ചാർ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : അമ്പതുകളിലും ചർമ്മം യുവത്വത്തോടെ നിലനിർത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി