ഹൈദരാബാദ് : മനുഷ്യന്‍റെ അധ്വാനം കുറയ്ക്കാനായി പലവിധ സാങ്കേതിക വിദ്യ ഇക്കാലം വരെയും വികസിപ്പിച്ചിട്ടുണ്ടെങ്കിലും ജോലി സമ്മർദം എന്നത് നാള്‍ക്കുനാള്‍ കൂടിവരികയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത ജോലി ഭാരം മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. പുരുഷന്മാരെക്കാൾ സ്‌ത്രീകളെയാണ് അമിത ജോലി ഭാരം വലയ്ക്കുന്നത് എന്നാണ് കണ്ടെത്തല്‍. 'ഇമോഷണൽ വെൽനസ് സ്റ്റേറ്റ് ഓഫ് എംപ്ലോയീസ്' എന്ന പേരിൽ 5000 ഇന്ത്യൻ പ്രൊഫഷണലുകളിൽ യുവർ ദോസ്‌ത് എന്ന കമ്പനി നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. ഇതേ കാര്യം സ്ഥിരീകരിക്കുന്ന മറ്റ് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, ഓഫിസിലെ ജോലിഭാരം, മറ്റ് കാരണങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം തെറ്റുമ്പോഴോ അല്ലെങ്കില്‍ ഏകോപിപ്പിക്കാനുള്ള കഠിന ശ്രമത്തിലോ നമുക്ക് സമ്മർദം അനുഭവപ്പെടും. ഈ അവസ്ഥയിൽ നിന്ന് വേഗത്തിൽ കരകയറാൻ ജോലി ചെയ്യുന്ന അന്തരീക്ഷം സുഖകരവും സുഖപ്രദവുമായിരിക്കണം.
മാറ്റം വരുത്തേണ്ടത് ഇവിടെ നിന്ന്...
ജോലി ചെയ്യുന്ന സ്ഥലത്ത് ഇതിനായി ചില മാറ്റം വരുത്തേണ്ടതുണ്ട്. ആദ്യം മാറ്റേണ്ടത് കസേരയാണ്. കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് കാലക്രമേണ നിങ്ങളുടെ ശരീര ഘടന മാറ്റും. മുതുകിൽ സമ്മർദം വർധിക്കുകയും സയാറ്റിക്ക, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
രണ്ടാമതായി നിങ്ങളുടെ ഡെസ്‌ക്ടോപ്പ് വൃത്തിയാക്കുക. ഓരോ ഫയലും അടുക്കിവക്കുക. ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്ന് തോന്നുമെങ്കിലും അതില്‍ വലിയ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ജോലി സമയത്ത് മിക്ക സ്‌ത്രീകളും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല.
മറ്റുചിലർ കിട്ടുന്നതെന്തും കഴിക്കും. ഇതെല്ലാം നിങ്ങളുടെ ഊർജനില കുറയ്ക്കുന്ന കാര്യങ്ങളാണ്. ഈ സ്വഭാവം സമ്മർദത്തിലേക്കും മറ്റ് രോഗങ്ങളിലേക്കും നയിക്കും. ചെറിയ പെട്ടികളിലാക്കി അണ്ടിപ്പരിപ്പും മറ്റ് പയറുവര്‍ഗങ്ങളും കയ്യില്‍ കരുതാവുന്നതാണ്. ഇവ നിങ്ങളെ ഊർജത്തില്‍ സഹായിക്കും.
എത്ര ജോലി സമ്മർദമുണ്ടെങ്കിലും ഒരു ചെറിയ ഇടവേള എടുക്കുക. അല്ലെങ്കിൽ, പേശികൾ വലിഞ്ഞുമുറുകും. ഓരോ മണിക്കൂറിലും നാല് ചുവട് നടന്നാലും കുഴപ്പമില്ല. എന്നാല്‍ കാപ്പിയും ചായയും ആവർത്തിച്ച് കുടിക്കുന്ന ശീലം അരുത്. പകരം ഒരു കപ്പ് കഞ്ഞിവെള്ളമോ ഗ്രീൻ ടീയോ കുടിക്കാം.
കൃത്യമായി ആസൂത്രണം ചെയ്‌ത് കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്നത് ഒരു ശീലമാക്കണം. ജോലിയുടെ അധിക ഭാരം ഒരുപരിധി വരെ ഇതിലൂടെ തടുക്കാനാകും. ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും വർധിപ്പിക്കാൻ യോഗയും ധ്യാനവും ഉപകാരപ്രദമാണ്.