ചുവന്ന മാസം കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വർധിക്കുമെന്ന് പഠനം. ഹാർവാർഡ് ടി എച്ച് ചാന്‍ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചുവന്ന മാസത്തിൽ കാണപ്പെടുന്ന ഹീം അയേണിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. ചുവന്ന മാസത്തിന്‍റെ ഉയർന്ന ഉപയോഗം പ്രമേഹ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും റെഡ് മീറ്റ് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളും പഠനത്തിൽ പങ്കുവയ്ക്കുന്നു.
200,000-ത്തിലധികം മുതിർന്നയാളുകളെയാണ് ഗവേഷണ സംഘം പഠനത്തിന് വിധേയമാക്കിയത്. ഇവരുടെ 36 വർഷത്തെ ഭക്ഷണക്രമമാണ് ഗവേഷകർ വിശകലനം ചെയ്‌തത്. ചുവന്ന മാംസം കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 26% കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നീ ചുവന്ന മാംസങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഹീം അയേൺ പ്രമേഹം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷർ പറയുന്നു. സസ്യാഹാരങ്ങളിൽ കാണപ്പെടുന്ന നോൺ-ഹീം ഇരുമ്പിൽ നിന്ന് വിപരീതമായി ഹീം അയേൺ പ്രമേഹത്തിലേക്ക് നയിക്കുന്ന ദഹന തടസങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കരിക്കാത്ത ചുവന്ന മാംസത്തിലെ ഹീം അയേണാണ് പകുതിയിലേറേയും പ്രമേഹ സാധ്യത വർധിപ്പിക്കാൻ കാരണമാകുന്നതെന്നും പഠനം പറയുന്നു.
എന്തുകൊണ്ടാണ് ചുവന്ന മാംസം പ്രമേഹസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി പഠനത്തിന് വിധേയമായവരിലെ ചിലരിൽ ഇൻസുലിൻ അളവ്, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡുകൾ, ശരീരത്തിലെ വീക്കങ്ങൾ എന്നിവ വിശകലനം ചെയ്‌തു. ഹീം അയേൺ സി-റിയാക്‌ടീവ് പ്രോട്ടീൻ പോലെയുള്ള ഉയർന്ന അളവിലുള്ള ദോഷകരമായ ബയോ മാർക്കറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതുകൂടാതെ എൽ-വാലിൻ, എൽ-ലൈസിൻ, യൂറിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങളിലേക്കും നയിക്കുന്നു.
പുതിയ കണ്ടെത്തൽ ഭക്ഷണ രീതിയെയും പൊതുജനാരോഗ്യ സ്ട്രാറ്റജികളെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ചുവന്ന മാസവും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനത്തിൽ ഭക്ഷണത്തിലെ ചുവന്ന മാസത്തിന്‍റെ അളവ് കുറക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ഭക്ഷണ ശീലങ്ങളെ പുനർവിചിന്തനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ ഈ പഠനം ഉയർത്തിക്കാട്ടുന്നതായി ഫ്രെഡ്രിക്ക് ജെ. സ്‌റ്റെയർ ന്യൂട്രീഷൻ ആൻഡ് എപ്പിഡെമിയോളജി പ്രൊഫസറും പഠനത്തിൻ്റെ രചയിതാവുമായ ഫ്രാങ്ക് ഹു പറഞ്ഞു. ഭക്ഷ്യത്തിലെ റെഡ് മീറ്റിന്‍റെ അളവ് കുറക്കുകയും സസ്യാഹാരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ഭക്ഷ രീതികൾ തെരഞ്ഞെടുക്കേണ്ടത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. ചുവന്ന മാസത്തിന്‍റെ ഉപയോഗം കുറക്കുകയും കൂടുതൽ സസ്യാധിഷ്‌ഠിത ഭക്ഷണക്രമം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാൻ സാധിക്കുമെന്നും പഠനം പറയുന്നു.