ചെറുപ്പം മുതല്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ആസ്‌ത്മക്ക് കാരണമാകുമെന്ന് പഠനം. മോനാഷ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട പുതിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. കൂടാതെ, ഭാവിയിൽ ആസ്ത്മ സാധ്യതയുള്ള കുട്ടികൾക്ക് ഇത് തടയാൻ ഒരു ഡയറ്ററി സപ്ലിമെന്‍റിന്‍റെ രൂപത്തിൽ പരീക്ഷിക്കാവുന്ന ഒരു തന്മാത്രയെ ഗട്ട് ബാക്‌ടീരിയയില്‍ (കുടലിലെ ബാക്‌ടീരിയ) നിന്നും ഗവേഷകര്‍ വേര്‍തിരിച്ചെടുത്തു.
പ്രൊഫസർ ബെൻ മാർസ്‌ലാൻഡിന്‍റെ നേതൃത്വത്തിൽ ഇമ്മ്യൂണിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ ആസ്ത്മയ്‌ക്കെതിരെ ദീർഘകാല സംരക്ഷണത്തിന് നിർണായകമായ ഐപിഎ എന്ന തന്മാത്ര കണ്ടെത്തിയതായി പറയുന്നു. ആഗോളതലത്തിൽ 260 ദശലക്ഷത്തിലധികം ആളുകളെയാണ് ആസ്ത്മ ബാധിക്കുന്നത്. ആസ്‌ത്മ മൂലം പ്രതിവർഷം 455,000 മരണങ്ങൾ ആഗോളതലത്തില്‍ ഉണ്ടാകുന്നു.
ആരോഗ്യമുള്ള കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബാക്‌ടീരിയയുടെ തന്മാത്ര കണ്ടെത്തിയതിലൂടെ ആന്‍റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം ആസ്ത്മയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം നൽകുന്നു എന്ന് പ്രൊഫസർ മാർസ്‌ലാൻഡ് അഭിപ്രായപ്പെട്ടു.
'ജീവിതത്തിന്‍റെ തുടക്കത്തിൽ തന്നെ ആന്‍റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം ഒരു വ്യക്തിയുടെ ആരോഗ്യമുള്ള ഗട്ട് മൈക്രോബയോട്ടയെ തടസപ്പെടുത്തുകയും അലർജികളുടെയും ആസ്ത്മയുടെയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും'- അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള ഒരു കുടൽ മൈക്രോബയോട വികസിപ്പിക്കുന്നതിൽ ജീവിതത്തിന്‍റെ ആദ്യ വർഷങ്ങൾ പ്രധാനമാണെന്ന് പ്രൊഫസർ മാർസ്‌ലാൻഡ് പറഞ്ഞു. ഭക്ഷണത്തിലൂടെയാണ് ഇത് ആദ്യം സാധ്യമാകുന്നത്. പാലും ഖര ഭക്ഷണങ്ങളും ആരോഗ്യമുള്ള കുടൽ മൈക്രോബയോട വികസിപ്പിക്കും. കൂടാതെ ജനിതക ശാസ്‌ത്രവും ഇതിന് ഘടകമാണ്. അലർജിക്കും ആസ്ത്മയ്ക്കും ഉയർന്ന സാധ്യതയുള്ള ശിശുക്കളില്‍ കുടൽ മൈക്രോബയോം വികസിക്കുന്നതില്‍ കാല താമസമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മാർസ്‌ലാൻഡ് വിശദീകരിച്ചു. ചെറുപ്പം മുതല്‍ ആന്‍റിബയോട്ടിക്ക് ഉപയോഗിക്കുമ്പോഴും ഈ ബാക്‌ടീരിയകള്‍ക്ക് വളര്‍ച്ച പ്രാപിക്കാന്‍ തടസമുണ്ടാകും.
Also Read : കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹം: മറ്റൊരു 'വില്ലനും' കൂടെയുണ്ട്, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്