ഭക്ഷണത്തിലൂടെയാണ് ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താനുള്ള പോഷകങ്ങൾ ലഭിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ കഴിക്കുന്ന സമയത്തിൽ കൃത്യത പാലിക്കേണ്ടതും അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റതിന് ശേഷം എന്ത് ആഹാരം കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഒരു ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരായി നിലനിർത്താൻ സഹായിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. അതിനാൽ പ്രഭാതഭക്ഷണമായി കഴിക്കേണ്ടത് പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ ആയിരിക്കണം. അതിനാൽ ചുവടെ കൊടുത്തിരിക്കുന്ന ഭക്ഷണങ്ങൾ ഒരിക്കലും വെറും വയറ്റിൽ കഴിക്കാൻ പാടില്ല.
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നീ സിട്രിസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. വെറും വയറ്റിൽ സ്ട്രീസ് പഴങ്ങൾ കഴിക്കുമ്പോൾ അസിഡിറ്റിയ്ക്ക് കാരണമാകും.
തൈര്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ തൈര് വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്‌ടിക് ആസിഡ് അസിഡിറ്റിയും ദഹന പ്രശ്‌നങ്ങളും വർധിപ്പിക്കും.
നേന്ത്രപ്പഴം
നേന്ത്രപ്പഴത്തിൽ ഉയർന്ന അളവിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വേഗത്തിൽ ഊർജ്ജം നൽകും. എന്നാൽ മറ്റ് ഭക്ഷണങ്ങൾ കഴിക്കാതെ വരുമ്പോൾ ധാതുക്കളുടെ കുറവ് ഉണ്ടാകുകയും ഈ ഊർജ്ജം പെട്ടന്ന് നഷ്‌ടപ്പെടുകയും ചെയ്യും. അതിനാൽ ഒഴിഞ്ഞ വയറിൽ നേന്ത്രപ്പഴം കഴിക്കാതിരിക്കുക.
തേൻ
ശരീരഭാരം കുറയ്ക്കാനായി പല രീതിയിൽ തേൻ കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ വെറും വയറ്റിൽ തേൻ കുടിക്കുന്ന ശീലം ഒഴിവാക്കണം. പഞ്ചസാരയേക്കാൾ ഉയർന്ന ഗ്ലൈസെമിക് സൂചികയും കൂടുതൽ കലോറിയും തേനിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷമുണ്ടാക്കും.
മധുരമുള്ള ഭക്ഷണങ്ങൾ
മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്ന ശീലം നല്ലതല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ ഇത് ഇടയാക്കും. കൂടാതെ ഊർജ്ജം കുറയ്ക്കുകയും അമിത വിശപ്പിന് കാരണമാകുകയും ചെയ്യും.
ശീതള പാനീയങ്ങൾ
വെറും വയറ്റിൽ കുടിയ്ക്കാൻ പാടില്ലാത്ത ഒന്നാണ് ശീതള പാനീയങ്ങൾ. ഇത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. ദഹന പ്രശ്‌നങ്ങൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കാനും ഇടയാക്കും.
എരിവുള്ള ഭക്ഷണങ്ങൾ
രാവിലെ വെറുവയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുള്ളവർ നമുക്കിടയിലുണ്ട്. എന്നാൽ ഈ ശീലം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദഹന പ്രശ്‌നങ്ങൾ, വയറിളക്കം എന്നിവയ്ക്ക് ഇത് കാരണമാകും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; മുളപ്പിച്ച പയറിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം