ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണ്. ഒരു തവണ പിടിപെട്ടാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുന്ന രോഗമാണ് പ്രമേഹം. എന്നാൽ പ്രമേഹമുള്ള ഒരാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് സാധാരണ ജീവിതം നയിക്കാൻ അവരെ സഹായിക്കും. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
കേരളത്തിൽ എല്ലാ അടുക്കളയിലും ഉണ്ടാകുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. കറുവപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില പലപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രശസ്‌ത ഡയറ്റീഷ്യൻ ഡോ ശ്രീലത പറയുന്നു. അതിനാൽ കറുവപ്പട്ടയുടെ ഉപയോഗം പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നുവെന്നും അവർ പറയുന്നു.
ഫ്ലേവനോയ്‌ഡുകൾ പോലെയുള്ള ധാരാളം പോഷകങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി ട്യൂമർ, ആൻ്റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങൾ എന്നിവയും കറുവപ്പട്ടയിലുണ്ട്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് നിയന്ത്രിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവും കറുവപ്പട്ടയ്ക്കുണ്ട്. പല്ലു വേദന, വീക്കം പോലുള്ള അസുഖങ്ങൾക്കും ഇതിന്‍റെ ഉപയോഗം ഗുണം ചെയ്യുമെന്നും ഡയറ്റീഷ്യൻ ഡോ ശ്രീലത പറയുന്നു.
പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട കഴിക്കേണ്ട വിധം
ദിവസവും രാവിലെയും വൈകുന്നേരവും പൊടിച്ച കറുവപ്പട്ട 1/4 ടീസ്‌പൂൺ വീതം വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇത് ഇൻസുലിൻ അളവ് കൂട്ടുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹ ബാധിതർക്ക് രാവിലെയും വൈകുന്നേരവും കറുവപ്പട്ട ചേർത്ത പാനീയം കുടിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹ രോഗികളിലും കറുവപ്പട്ട ഫലപ്രദമായി പ്രവൃത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹ ബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട ഗുണം ചെയ്യുന്നുവെന്ന് കാലിഫോർണിയയിലെ ചില ശാസ്ത്രജ്ഞർ നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. 543 ടൈപ്പ് 2 പ്രമേഹ ബാധിതരെയാണ് പഠനത്തിന് വിധേയമാക്കിയത്. ദിവസേന ഇവരിൽ ചിലർക്ക് 120 മില്ലിഗ്രാം മുതൽ 6 ഗ്രാം വരെ കറുവപ്പട്ട നൽകുകയും മറ്റുള്ളവർക്ക് സാധാരണ ഗുളികൾ നൽകുകയും ചെയ്‌തു. തുടർന്ന് നടത്തിയ വിശകലനത്തിൽ ഗുളിക കഴിക്കുന്ന രോഗികളെക്കാൾ കൂടുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട കഴിക്കുന്നവർക്ക് സാധിക്കുന്നതായി കണ്ടെത്തിയിരുന്നു.
കറുവപ്പട്ടയുടെ മറ്റ് ഗുണങ്ങൾ
പ്രഭാതഭക്ഷണം കഴിച്ച ശേഷം കറുവപ്പട്ട ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോ ശ്രീലത പറയുന്നു. കറുവപ്പട്ട, കുരുമുളക് എന്നിവ തുല്യ അളവിൽ എടുത്ത ശേഷം കഷായം ഉണ്ടാക്കി കഴിക്കുന്നത് ജലദോഷം അകറ്റാൻ സഹായിക്കുമെന്ന് അവർ പറയുന്നു. മാത്രമല്ല അസിഡിറ്റി, വയറിലെ വിരകൾ എന്നിവയെ തടയാനും കറുവപ്പട്ട നല്ല ഫലം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് പുറമെ ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് നിയന്ത്രിക്കാനും സഹായിക്കന്നവയാണ് കറുവപ്പട്ട. ചീത്ത കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് തുടങ്ങിയവ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും കറുവപ്പട്ട നല്ലതാണെന്ന് ഡോ ശ്രീലത അഭിപ്രായപ്പെടുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ചായയിൽ ഒരു നുള്ള് ഉപ്പ് കൂടിയാകാം... നിങ്ങൾക്ക് ലഭിക്കും ഈ അത്ഭുതകരമായ ഗുണങ്ങൾ