മരണ ശേഷവും മറ്റുമനുഷ്യര്‍ക്ക് ഉപകാരമാകാന്‍ കഴിയുമെന്ന വിശേഷ സൗഭാഗ്യം മനുഷ്യനുണ്ട്. മരണശേഷം മറ്റുമനുഷ്യരെ ജീവിതത്തിലേക്ക് കരപിടിച്ചുകയറ്റാന്‍ ഇത്രയേറെ സാധ്യതകളുള്ള ജീവിയും ഒരു പക്ഷേ മനുഷ്യനായിരിക്കും. അവയവ ദാനങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്ക് തുടിപ്പേകാന്‍ മനുഷ്യര്‍ക്ക് കഴിയും. അതില്‍തന്നെയും വിശേഷപ്പെട്ട അവയവ ദാനമാണ് നേത്രദാനം. താരതമ്യേന ദാനത്തിന് കുറഞ്ഞ ജൈവിക നിയന്ത്രണങ്ങളുള്ള നേത്ര ദാനം ശ്രേഷ്‌ഠവും അങ്ങേയറ്റം മനുഷ്യത്വപരവുമായി കണക്കാക്കാം.
ഓഗസ്റ്റ് 25 മുതൽ സെപ്‌തംബർ 8 വരെയുള്ള രണ്ടാഴ്‌ചക്കാലം ഇന്ത്യയിൽ ദേശീയ നേത്രദാന ദിനമായാണ് ആചരിക്കുന്നത്. അന്ധത നിയന്ത്രിക്കുകയും നേത്രദാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മരണശേഷം കണ്ണുകൾ ദാനം ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ഈ ദിനം രാജ്യവ്യാപകമായി ആചരിക്കുന്നു. സാംസ്‌കാരികമായ ചില വിശ്വാസങ്ങളും വിലക്കുകളും കാരണം ആളുകള്‍ അവയവങ്ങളും നേത്രങ്ങളും ദാനം ചെയ്യാന്‍ വിമുഖത കാണിക്കുമ്പോള്‍ ഈ ദിനത്തിന് പ്രസക്തി ഏറെയാണ്.
അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കുടുംബത്തിന്‍റെയും നേത്രം ദാനം ചെയ്യാനുള്ള തീരുമാനം രാജ്യമെമ്പാടുമുള്ള ജനങ്ങളെ ഒരു പരിധിവരെ സ്വാധീനിച്ചിരുന്നു. രാജീവ് ഗാന്ധിയോടും കുടുംബത്തോടുമുള്ള ആദരവും ഈ ദിനങ്ങളില്‍ അര്‍പ്പിക്കുന്നു.
നേത്രദാനവും അതിന്‍റെ പ്രാധാന്യവും : സമൂഹത്തിൽ വളരെ ഉപകാരപ്രദമായ സ്വാധീനം ചെലുത്താൻ കഴിയുന്ന നിസ്വാർഥമായ കാരുണ്യ പ്രവർത്തനമാണ് നേത്രദാനം. നേത്രദാനം എന്നാല്‍ നമ്മുടെ കോർണിയകൾ ദാനം ചെയ്യുക എന്നാണ് അര്‍ഥമാക്കുന്നത്. പ്രകാശത്തെ കണ്ണിനകത്തേക്ക് കയറ്റിവിടുന്ന കണ്ണിന്‍റെ സുതാര്യമായ പുറം പാളിയാണ് കോർണിയ. നമ്മുടെ മരണശേഷം കാഴ്‌ച വൈകല്യമുള്ള മറ്റൊരാളെ സഹായിക്കാന്‍ നേത്രദാനം ഉപകാരപ്പെടും. കോർണിയ ട്രാൻസ്പ്ലാന്‍റ് പ്രക്രിയയിലൂടെ ഒരാളുടെ കണ്ണ് മറ്റൊരാളിലേക്ക് വച്ചുപിടിപ്പിക്കാം, അതായത് കോര്‍ണിയ വച്ചുപിടിപ്പിക്കാം.
രോഗങ്ങൾ, പരിക്കുകൾ അല്ലെങ്കിൽ ജന്മനാ ഉള്ള വൈകല്യങ്ങൾ മൂലം കാഴ്‌ച നഷ്‌ടപ്പെട്ടവരുടെ ജീവിതത്തിലെ ഇരുട്ടിലേക്ക് വെളിച്ചം വീശാന്‍ മറ്റൊരാളുടെ കോര്‍ണിയക്കാകും. മരണത്തിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ആശുപത്രിയില്‍വച്ചോ മറ്റേതെങ്കിലും പരിചരണ കേന്ദ്രത്തില്‍ വച്ചോ അല്ലെങ്കിൽ ശവസംസ്‌കാര ഭവനങ്ങളില്‍ വച്ചോ, മതിയായ സുരക്ഷ സംവിധാനങ്ങളോടെ കോര്‍ണിയ നീക്കം ചെയ്യാം.
ആർക്കൊക്കെ കണ്ണുകൾ ദാനം ചെയ്യാം? : കാഴ്‌ച പരിമിതിയുള്ള വ്യക്തികൾക്കും അവരുടെ കോർണിയകൾ ദാനം ചെയ്യാൻ കഴിയും. കണ്ണിനെ ബാധിക്കുന്ന വിവിധ അവസ്ഥകൾ കോര്‍ണിയയെ നേരിട്ട് ബാധിക്കില്ല എന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ വ്യവസ്ഥാപിത രോഗങ്ങളോ പ്രായമോ നേത്രദാനത്തിന് തടസമല്ല. മുൻകാലങ്ങളിൽ നേത്രശസ്‌ത്രക്രിയകൾക്ക് വിധേയരാവരുടെ പോലും കോർണിയക്ക് യാതൊരു കേടും സംഭവിക്കില്ല എന്നതിനാല്‍ ഇത്തരക്കാര്‍ക്കും നേത്രദാനം സാധ്യമാണ്. ഭൂരിഭാഗം കാൻസർ തരങ്ങളുള്ള വ്യക്തികൾക്കും കോര്‍ണിയ ദാനം ചെയ്യാനാകും. കോർണിയയിൽ രക്തക്കുഴലുകൾ ഇല്ല എന്നതിനാല്‍ ഭൂരിഭാഗം കാന്‍സര്‍ തരങ്ങളും കോര്‍ണിയയിലേക്ക് പകരാനുള്ള സാധ്യത കുറവാണ്.
നേത്രദാനത്തിന്‍റെ പ്രാധാന്യം : കോർണിയയുടെ തകരാറ് മൂലം അന്ധത ബാധിച്ചവര്‍ക്ക് കാഴ്‌ചശക്തി വീണ്ടെടുക്കാൻ നേത്രദാനത്തിന് കഴിയും. ദാനം ചെയ്യപ്പെടുന്ന ഓരോ ജോഡി കണ്ണുകളും രണ്ട് അന്ധരായ വ്യക്തികൾക്ക് കാഴ്‌ച നല്‍കും എന്നതാണ് വസ്‌തുത. മരണത്തിന്‍റെ അനന്ത നിദ്രയിലാണ്ടവര്‍ക്ക് ജീവിച്ചിരിക്കുന്ന രണ്ട് പേര്‍ക്ക് കൂടെ ലോകം കാണിച്ചുകൊടുക്കാമെന്ന് സാരം.
കാഴ്‌ച ശക്തി വീണ്ടെടുക്കുന്നു : കോർണിയൽ അന്ധത, കെരാറ്റോകോണസ്, അണുബാധയോ ഹെർപ്പസ് മൂലമോ ഉണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയ, കോർണിയയെ ബാധിക്കുന്ന പ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് നേത്രം ദാനംചെയ്യുന്നതിലൂടെ കാഴ്‌ചശക്തി നേടിക്കൊടുക്കാന്‍ സാധിക്കും. പരിക്കേറ്റ കോർണിയകളുടെ രൂപം മെച്ചപ്പെടുത്താനും അസ്വസ്ഥത ലഘൂകരിക്കാനും കോർണിയ ട്രാൻസ്പ്ലാന്‍റുകൾ സഹായിക്കും.
മെഡിക്കൽ പഠനം : കണ്ണുകളും കണ്ണുകളുടെ ടിഷ്യുവും ദാനം ചെയ്യുന്നത് ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും കണ്ണിന്‍റെ നൂതനമായ ചികിത്സകളും പ്രതിവിധികളും കണ്ടെത്തുന്നതിനും ശാസ്‌ത്രജ്ഞരെ സഹായിക്കും. തിമിരം, പ്രമേഹ നേത്രരോഗം, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സകൾ വികസിപ്പിക്കുന്നതിനും ഇത് സഹായകമാകും. നേത്രം ദാനം ചെയ്യുന്നതിലൂടെ റെറ്റിന, ലെൻസ്, കണ്ണിന്‍റെ മറ്റ് ഘടകങ്ങൾ എന്നിവ ശാസ്‌ത്രജ്ഞർക്ക് വിശകലനം ചെയ്യാനും കഴിയും.
നേത്രദാനത്തിന്‍റെ ഉത്ഭവം : നേത്ര ബാങ്കിങ് ആശയത്തിന്‍റെ തുടക്കമായി കണക്കാക്കപ്പെടുന്ന, 1905-ലെ ആദ്യത്തെ വിജയകരമായ കോർണിയൽ ട്രാൻസ്പ്ലാന്‍റ് നടത്തിയതിന്‍റെ ബഹുമതി ഡോ. എഡ്വേർഡ് കോൺറാഡ് സിർമിനാണ്. കോഴിക്കൂട് വൃത്തിയാക്കുന്നതിനിടെ കണ്ണിന് ഗുരുതരമായി പൊള്ളലേറ്റ കർഷകത്തൊഴിലാളിക്കാണ് എഡ്വേർഡ് കോൺറാഡ് വിജയകരമായി കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്‍റ് നടത്തിയത്.
ഇന്ത്യയിലെ ആദ്യത്തെ നേത്രദാനം : 1948-ൽ ഡോ.ആർഇഎസ് മുത്തയ്യ ആണ് ഇന്ത്യയിലെ ആദ്യത്തെ കോർണിയൽ ട്രാൻസ്പ്ലാന്‍റ് നടത്തിയത്. മുത്തയ്യയുടെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമാവുകയും ചെയ്‌തു. നേത്രദാനത്തിനും നേത്ര ബാങ്കിങ്ങിനുമുള്ള ഇന്ത്യയിലെ പ്രധാന സംഘടനയാണ് ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ (EBAI). നേത്ര ദാതാക്കളുടെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ സംഘടന മുന്നില്‍ നില്‍കുന്നുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ നേത്ര ബാങ്ക് : ചെന്നൈയിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജിയിൽ 1945-ൽ ഡോ.ആർഇഎസ് മുത്തയ്യയാണ് ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിച്ചത്. അതിനുശേഷം, കോർണിയ അന്ധത ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ നേത്ര ശസ്‌ത്രക്രിയ വിദഗ്‌ധരും പൗര പ്രവർത്തകരും പ്രാദേശിക കമ്മ്യൂണിറ്റികളിൽ നേത്രദാനത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി വിപുലമായ പ്രചാരണം നടത്തി.
1960-ൽ ഇൻഡോറിലെ പ്രൊഫ. ആർപി ധണ്ഡയാണ് ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്‍റ് വിജയകരമായി രേഖപ്പെടുത്തിയത്. 1970-കൾക്ക് മുമ്പ്, അഹമ്മദാബാദിലെ സിവിൽ ഹോസ്‌പിറ്റലിലെ ഡോ. ധണ്ഡയും ഡോ. കലേവറും ചേർന്നാണ് ഗുജറാത്തിൽ ഭൂരിഭാഗം ട്രാൻസ്പ്ലാന്‍റ് പ്രവര്‍ത്തനങ്ങളും നടത്തിയത്.
രാജ്യത്ത് ഇന്നുവരെ എത്ര പേർ നേത്രദാനം ചെയ്‌തിട്ടുണ്ട്?
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (.gov) പ്രകാരം 2023 ലെ കണക്കനുസരിച്ച്, ഏകദേശം 740 അംഗങ്ങൾ ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2017-2018 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ നേത്രദാനം നടന്നത്. ഈ കാലയളവില്‍ 71,700 ദാതാക്കളുടെ കണ്ണുകളാണ് ശേഖരിച്ചത്. സ്വമേധയാ നൽകുന്ന സംഭാവനകൾ 22 മുതൽ 28% വരെയും ആശുപത്രി അധിഷ്‌ഠിത പ്രോഗ്രാമുകൾ 50% വരെയുമായിരുന്നു എന്നാണ് കണക്ക്. അന്ധതയുടെ വ്യാപനം 2007-ൽ 1 ശതമാനത്തില്‍ നിന്ന് 2019ല്‍ 0.36 ശതമാനം ആയി കുറഞ്ഞതായി 2015-19 കാലയളവിൽ നടത്തിയ ദേശീയ അന്ധത & കാഴ്‌ച വൈകല്യ സർവേ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഇത് നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍ട്രോള്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ് ആന്‍ഡ് വിഷ്വല്‍ ഇംപയര്‍മെന്‍റ് (NPCB&VI) എന്ന പേരിൽ പുനർനാമകരണം ചെയ്‌തു. ഭേദമാക്കാനാകുന്ന അന്ധതയുടെ വ്യാപനം 2025-ഓടെ 0.25% ആയി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.
- ദേശീയ അന്ധത, കാഴ്‌ച വൈകല്യ സർവേ 2015-2019 പ്രകാരം, അന്ധതയുടെയും കാഴ്‌ച വൈകല്യത്തിന്‍റെയും വ്യാപനം യഥാക്രമം തൃശൂർ ജില്ലയിലും മണിപ്പൂരിലെ തൗബാൽ ജില്ലയിലും കുറവാണ്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് അന്ധതയും കാഴ്‌ച വൈകല്യവും ഏറ്റവും കൂടുതൽ ഉള്ളത്.
രാജ്യത്ത് നേത്രദാനത്തിനുള്ള നിലവിലെ ആവശ്യം : നാഷണൽ പ്രോഗ്രാം ഫോർ കൺട്രോൾ ഓഫ് ബ്ലൈൻഡ്‌നെസ് (NPCB) പ്രകാരം നിലവിൽ ഇന്ത്യയിൽ ഏകദേശം 120,000 കോർണിയൽ അന്ധത ബാധിച്ചവരുണ്ട് എന്നാണ് കണക്ക്. കൂടാതെ ഓരോ വർഷവും 25,000-30,000 കേസുകൾ കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട്. നിലവിൽ ഇന്ത്യയിൽ ഓരോ വർഷവും 22,000 കണ്ണുകളാണ് ദാനം ചെയ്യപ്പെടുന്നത്. ബാധിക്കപ്പെട്ടവരുടെ കണക്കുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് എത്ര തുച്ഛമാണെന്ന് വ്യക്തമാണ്. നേത്രദാനത്തിന്‍റെ ആവശ്യകതയും വിതരണവും തമ്മിൽ ഇന്ത്യയില്‍ വലിയ അന്തരമുണ്ട്.
എൻസിബിഐയുടെ 2019 ലെ കണക്കനുസരിച്ച് ഇന്ത്യ പ്രതിവർഷം 60,000 കോർണിയകളാണ് ശേഖരിച്ചത്. എന്നാൽ ഏകദേശം 28,000 എണ്ണം മാത്രമാണ് മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചത്. കൊവിഡ്-19 പാൻഡെമിക് സമയത്തും അതിന് ശേഷവും ഈ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി.
ഇന്ത്യയിൽ ഏകദേശം 1.1 ദശലക്ഷം വ്യക്തികൾ കോർണിയല്‍ അന്ധത അനുഭവിക്കുന്നുണ്ടെന്നും അവരിൽ 60% പേരും 12 വയസിൽ താഴെയുള്ള കുട്ടികളാണ് എന്നുമാണ് കണക്ക്. കോർണിയല്‍ അന്ധതയ്ക്കുള്ള ഏക പ്രതിവിധി ട്രാൻസ്പ്ലാന്‍റേഷനാണ്. ലോകത്ത് ഏറ്റവും കൂടുതൽ നേത്രബാങ്കുകൾ ഉള്ളത് ഇന്ത്യയിലാണ്. എന്നാല്‍ രാജ്യത്തെ നേത്രബാങ്ക് ഇൻഫ്രാസ്ട്രക്‌ചര്‍ സ്ഥിരതയുള്ളതല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേത്രദാനത്തിന്‍റെ പ്രക്രിയ എന്തെല്ലാം?
- നേത്രദാനത്തിനുള്ള പ്രക്രിയ സാധാരണയായി മരണം സംഭവിച്ച് 12 മണിക്കൂറിനുള്ളിൽ ആരംഭിക്കും.
- ഒരു ആശുപത്രിയോ അവയവ ശേഖരണ സ്ഥാപനമോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ ദാതാവിന്‍റെ മരണ വിവരം നേത്രബാങ്കിനെ വിളിച്ച് അറിയിക്കും.
- നേത്രബാങ്ക് അടുത്ത ബന്ധുക്കളെ ബന്ധപ്പെടുകയും നേത്രദാനത്തിനുള്ള സമ്മതം വാങ്ങുകയും ചെയ്യും. മരിച്ചയാൾ രജിസ്റ്റർ ചെയ്‌ത ദാതാവാണെങ്കിൽ നേത്രബാങ്കിന് ഉടൻ നടപടിയെടുക്കാം.
- പരിശീലനം ലഭിച്ച ഒരു വിദഗ്‌ധൻ മരണം സംഭവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കണ്ണിലെ കോശം നീക്കം ചെയ്യും. ഇത് സാധാരണയായി ആശുപത്രിയിലാണ് നടക്കുക. ചില സാഹചര്യങ്ങളില്‍ മോർച്ചറിയില്‍വച്ചും ശസ്‌ത്രക്രിയ നടക്കാം. വീട്ടിലോ മറ്റെവിടെയെങ്കിലുമോ വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ശവസംസ്‌കാര ഭവനത്തില്‍ വച്ചും കോര്‍ണിയ ശേഖരിക്കാം.
- കണ്ണുകളെ ഐ ബാങ്കിൽ വിശകലനം ചെയ്യുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
- 96 മണിക്കൂറിനുള്ളിൽ കോർണിയ മാറ്റിവയ്ക്കുന്നു.
നേത്രദാനത്തിനുള്ള ചില മാർഗനിർദേശങ്ങൾ ഇതാ:
- നേത്രദാനം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം അടുത്ത ബന്ധുക്കളെ അറിയിക്കുക.
- മരണശേഷം എത്രയും വേഗം അടുത്തുള്ള നേത്ര ബാങ്കിൽ വിളിക്കുക.
- രണ്ട് കണ്ണുകളും അടച്ച് നനഞ്ഞ കോട്ടൺ കൊണ്ട് മൂടുക.
- ഓവർഹെഡ് ഫാൻ ഓഫ് ചെയ്യുക.
- മരണശേഷം തലഭാഗം ഏകദേശം 6 ഇഞ്ചോളം ഉയർത്തിയ നിലയില്‍ വയ്‌ക്കുക.
- പ്രായം, ലിംഗം, രക്തഗ്രൂപ്പ്, മതം, തിമിരം, കണ്ണട, രക്തസമ്മർദം, പ്രമേഹം, കാഴ്‌ചക്കുറവ്, ഷോര്‍ട്ട് സൈറ്റ്, ലോങ് സൈറ്റ് ആസ്റ്റിഗ്മാറ്റിസം അല്ലെങ്കിൽ തിമിര ശസ്‌ത്രക്രിയ എന്നിവയൊന്നും പരിഗണിക്കാതെ തന്നെ ഒരാള്‍ക്ക് നേത്രം ദാനം ചെയ്യാനാകും.
Also Read : ക്യാൻസർ സാധ്യത കുറയ്ക്കാം; ഈ ആറ് വഴികളിലൂടെ...