ശരീരത്തില്‍ വയറിനു പിറകിലായി കാണപ്പെടുന്ന ദീർഘവൃത്താകൃതിയിലുള്ള അവയവമാണ് പാൻക്രിയാസ്. ദഹന പ്രക്രിയ സുഗമമാക്കാനും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാനും പാന്‍ക്രിയാസ് പ്രധാന പങ്ക് വഹിക്കുന്നു. പാന്‍ക്രിയാസിന്‍റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായി കോശങ്ങള്‍ വളരുകയും ട്യൂമര്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ആദ്യഘട്ടത്തിൽ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാറില്ലാത്തതു കൊണ്ട് തന്നെ പലപ്പോഴും ശരീരത്തിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് കാൻസർ കണ്ടെത്താറുള്ളത്. പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണ് നോക്കാം.
വയറുവേദന, നടുവേദന
തുടർച്ചയായി വയറുവേദന, നടുവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പാൻക്രിയാസ് കാൻസറിന്‍റെ ലക്ഷണമാകാം. കാൻസർ ട്യൂമർ വലുതാകുന്നതിനനുസരിച്ച് അടവയറ്റിൽ കഠിനമായ വേദന അനുഭവപ്പെടുകയും ഇത് പുറകിലേക്ക് വ്യാപിക്കുകയും ചെയ്യും.
മഞ്ഞപ്പിത്തം
ഇടയ്ക്കിടെ ബിലിറൂബിന്‍റെ അളവ് കൂടുന്നത് മൂലം ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം ഉണ്ടാകും. കൂടാതെ മൂത്രത്തിൽ മഞ്ഞയോ ഇരുണ്ട നിറമോ കണ്ടേക്കാം. അകാരണമായി ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.
ചർമ്മത്തിലെ ചൊറിച്ചിൽ
പാന്‍ക്രിയാറ്റിക് കാൻസറിന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍. ബിലിറുബിന്‍ അളവ് വർധിക്കുമ്പോളാണ് ഇത്തരം ചൊറിച്ചിലുകൾ ഉണ്ടാകുന്നത്.
ശരീരഭാരം കുറയുക
അകാരണമായി പെട്ടന്ന് ശരീരഭാരം കുറയുന്നതും പാന്‍ക്രിയാറ്റിക് കാൻസറിന്‍റെ ലക്ഷമാണ്.
ദഹന പ്രശ്‌നങ്ങൾ
കാൻസർ ട്യൂമർ ദഹനപ്രക്രിയയെ ബാധിക്കുമ്പോൾ ദഹന പ്രശ്‌നങ്ങൾ ഉണ്ടാകാനും വയറ്റിൽ അസ്വസ്ത്ഥതയ്ക്കും കാരണമാകും. മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാന്‍ക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.
പ്രമേഹം
പ്രീ ഡയബറ്റിസ് സ്റ്റേജിൽ അല്ലാത്ത ഒരാൾക്ക് പെട്ടന്ന് പ്രമേഹം വന്നാൽ അത് പാന്‍ക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. കാൻസർ ഇൻസുലിൻ ഉൽപ്പാദനത്തെ ബാധിക്കുകയും രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് വർധിക്കാൻ ഇടയാക്കുകയും ചെയ്യും.
ഓക്കാനം
ഭക്ഷണം കഴിച്ചയുടൻ ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമാകാം.
ക്ഷീണം, തളർച്ച
മറ്റ് ലക്ഷണങ്ങളോടൊപ്പം അകാരണമായി ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാന്‍ക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.
Also Read : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വായിലെ കാൻസറിന്‍റേതാകാം