തിരുവനന്തപുരം: ക്യാൻസർ മരുന്നുകൾ കമ്പനി വിലയിൽ ലഭിക്കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സീറോ പ്രോഫിറ്റ് ആന്‍റി കാന്‍സര്‍ ഡ്രഗ്‌സ് വിതരണത്തിന് 14 ജില്ലയിലും 14 കാരുണ്യ ഫാർമസികളെ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാര്‍മസിയില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാകും കൗണ്ടറുകൾ വഴി ലഭ്യമാക്കുക. വൻ ചിലവ് വരുന്ന കാൻസർ രോഗ പരിപാലനത്തിന് രോഗികൾക്ക് വലിയ ആശ്വാസം പകരുന്ന ഇടപെടലാണ് സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 74 കാരുണ്യ ഫാര്‍മസികൾ വഴി 7,000 ത്തോളം മരുന്നുകളാണ് നിലവിൽ വില കുറച്ചു നൽകി വരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാൻസർ മരുന്നുകൾ കൂടി വില കുറച്ചു നൽകുന്നത്.
മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍
1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
3. പത്തനംതിട്ട ജനറല്‍ ആശുപത്രി
4. ആലപ്പുഴ മെഡിക്കല്‍ കോളേജ്
5. കോട്ടയം മെഡിക്കല്‍ കോളേജ്
6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7. എറണാകുളം മെഡിക്കല്‍ കോളേജ്
8. തൃശൂര്‍ മെഡിക്കല്‍ കോളേജ്
9. പാലക്കാട് ജില്ലാ ആശുപത്രി
10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
11. കോഴിക്കോട് മെഡിക്കല്‍ കോളേജ്
12. മാനന്തവാടി ജില്ലാ ആശുപത്രി
13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
Also Read:ഓറൽ കോളറ വാക്‌സിൻ ട്രയൽ വിജയകരം; 'ഹിൽക്കോൾ' പുറത്തിറക്കി ഭാരത് ബയോടെക്