ന്യൂഡൽഹി: ഭാരത് ബയോടെക്കിൻ്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ സ്വീകരിച്ചവരിൽ മൂന്നിലൊന്ന് പേർക്കും 'അഡ്വേഴ്‌സ് ഇവൻ്റ്സ് ഓഫ് സ്പെഷ്യൽ ഇൻ്ററസ്‌റ്റ് ' (എഇഎസ്ഐ) റിപ്പോർട്ട് ചെയ്‌തതായി ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബി എച് യു) ഗവേഷകർ. ഒരു വർഷത്തോളം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പഠനത്തിൽ പങ്കെടുത്ത 926 പേരിൽ ഏകദേശം 50 ശതമാനം പേരും പഠനത്തിൻ്റെ കാലയളവിൽ ശ്വാസകോശ അണുബാധകളെക്കുറിച്ച് പരാതിപ്പെട്ടു. സ്ട്രോക്ക്, ഗില്ലിൻ-ബാരെ സിൻഡ്രോം എന്നിങ്ങനെ ഗുരുതരമായ അസുഖങ്ങൾ ഒരു ശതമാനം വ്യക്‌തികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൗമാരക്കാരിലും മുതിർന്നവരിലും വാക്‌സിൻ ദീർഘകാല സുരക്ഷ നൽകുന്നുവെന്നും പഠനം അവകാശപ്പെടുന്നു.
കോവിഡ് വാക്‌സിൻ രക്‌തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് യുകെ ഫാർമസ്യൂട്ടിക്കൽ ജയൻ്റ് ആസ്ട്രസെനെക്ക യുകെ കോടതിയിൽ സമ്മതിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് സ്പ്രിംഗർ നേച്ചർ ജേർണലിൽ ബി എച് യു ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചത്
2022 ജനുവരി മുതൽ ഓഗസ്‌റ്റ് 2023 വരെ നടത്തിയ പഠനത്തിൽ, പഠനത്തില്‍ പങ്കെടുത്ത വ്യക്‌തികളിൽ മൂന്നിലൊന്ന് പേർക്കും ത്വക്ക്, സബ്ക്യുട്ടേനിയസ് ഡിസോർഡേഴ്‌സ്, ജനറൽ ഡിസോർഡേഴ്‌സ്, നാഡീവ്യവസ്ഥയിലെ തകരാറുകൾ എന്നിവ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കണ്ടെത്തി.
പുതുതായുണ്ടാകുന്ന ത്വക്ക്,സബ്ക്യുട്ടേനിയസ് ഡിസോർഡേഴ്‌സ് (10.5 ശതമാനം), ജനറൽ ഡിസോർഡേഴ്‌സ് (10.2 ശതമാനം), നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാർ (4.7 ശതമാനം) ഇവയെല്ലാം കൗമാരക്കാരിൽ കണ്ടുവരുന്നഎഇഎസ്ഐകളാണ്. ജനറൽ ഡിസോർഡേഴ്‌സ് (8.9), മസ്‌കുലോസ്കെലെറ്റൽ ഡിസോർഡേഴ്‌സ് (5.8 ശതമാനം), നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാർ (5.5 ശതമാനം) എന്നിവ മുതിർന്നവരിൽ കാണപ്പെടുന്ന എഇഎസ്ഐകളാണ്. പങ്കെടുത്ത 4.6 ശതമാനം സ്‌ത്രീകളിൽ ആർത്തവ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പങ്കെടുത്ത 0.6 ശതമാനം ആളുകളിൽ 2.7 ശതമാനം ആളുകൾക്ക് ഹൈപ്പോതൈറോയിഡിസവും നേത്ര വൈകല്യങ്ങളും കണ്ടെത്തി.
നാല് മരണങ്ങൾ പഠനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. നാല് പേർക്കും പ്രമേഹവും മൂന്ന് പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടായിരുന്നു. രണ്ട് മരണങ്ങളിൽ പ്രധാന പങ്കുവഹിച്ചത് സ്ട്രോക്ക് ആയിരുന്നു. ഭൂരിഭാഗം എഇഎസ്ഐകളും ഒരു കാലയളവ് വരെ നിലനിൽക്കുന്നു. വൈകി ആരംഭിക്കുന്ന എഇഎസ്ഐകളുടെ ഫലങ്ങൾ മനസിലാക്കാൻ കോവിഡ് 19 വാക്‌സിനേഷനെടുത്ത വ്യക്‌തികളെ നിരീക്ഷിക്കേണ്ടതായുണ്ട്. രണ്ട് ഡോസ് കോവാക്‌സിൻ സ്വീകരിക്കുന്ന മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് ഡോസ് സ്വീകരിക്കുന്ന മുതിർന്നവർക്കും ഒരു ഡോസ് ബിബിവി 152 സ്വീകരിക്കുന്നവർക്കും യഥാക്രമം എഇഎസ്ഐയുടെ നാലിരട്ടിയും രണ്ട് മടങ്ങും ഉയർന്ന അപകടസാധ്യതയുണ്ടെന്നും പഠനം പറയുന്നു.
Read More: തുടകളുടെ അമിത വണ്ണം വിഷമിപ്പിക്കുന്നുണ്ടോ? ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന ചില വ്യായാമങ്ങള്‍ ഇതാ..