ഹൈദരാബാദ്: ഹിൽക്കോൾ (HILLCHOL) എന്ന നോവൽ സിംഗിൾ - സ്ട്രെയിൻ ഓറൽ കോളറ വാക്‌സിൻ (ഒസിവി) പുറത്തിറക്കി ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് (ബിബിഐഎൽ). കോളറയെ ചെറുക്കുന്നതിനായി ഹിൽമാൻ ലബോറട്ടറികളുടെ ലൈസൻസിന് കീഴിൽ ഭാരത് ബയോടെക് ആണ് ഹിൽക്കോൾ (HILLCHOL) എന്ന വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ആരോഗ്യരംഗത്തെ പുരോഗതിയാണിതെന്ന് കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.
നിലവിൽ ഒരു നിർമ്മാതാവ് മാത്രമേ ലോകമെമ്പാടും ഓറൽ കോളറ വാക്‌സിനുകൾ (ഒസിവി) വിതരണം ചെയ്യുന്നുള്ളൂ. അതിനാൽ ആഗോള തലത്തിൽ വലിയ രീതിയിൽ ക്ഷാമം നേരിടുന്നുണ്ട്. ഓറൽ കോളറ വാക്‌സിൻ്റെ ആഗോള ക്ഷാമം ലഘൂകരിക്കുന്നതിനായി ഭാരത് ബയോടെക് ഹൈദരാബാദിലും ഭുവനേശ്വറിലും 200 ദശലക്ഷം ഡോസ് വരെ ഹിൽക്കോൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയുണ്ടായി.
കോളറ തടയാവുന്നതും ചികിത്സിക്കാവുന്നതുമാണെങ്കിലും 2021 മുതൽ ആഗോള തലത്തിൽ നിരവധി കേസുകളും മരണങ്ങളും ക്രമാനുഗതമായി വർധിക്കുകയുണ്ടായി. 2023 ൻ്റെ തുടക്കം മുതൽ 2024 മാർച്ച് വരെ 31 രാജ്യങ്ങളിലായി 824,479 കേസുകളും 5,900 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിൽക്കോൾ വാക്‌സിൻ, ഒരു വയസിന് മുകളിലുളളവർക്ക് ഒന്ന് മുതൽ 14 ദിവസത്തേക്ക് വായിലൂടെ നൽകാവുന്നതാണ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 8 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് സൂക്ഷിക്കേണ്ടത്. റെസ്‌പ്യൂളായാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.
ആഗോള കോളറ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹിൽക്കോൾ ഒരു സുപ്രധാനമായ നാഴികക്കല്ലാണ്. 2030 ഓടെ കോളറ സംബന്ധമായ മരണങ്ങൾ 90% കുറയ്ക്കുക എന്ന ഗ്ലോബൽ ടാസ്‌ക് ഫോഴ്‌സിൻ്റെ (GTFCC) ലക്ഷ്യത്തിന് ഗണ്യമായ സംഭാവന ഈ വാക്‌സിൻ നൽകുന്നതായിരിക്കുമെന്നാണ് പ്രതീക്ഷ.
Also Read: നിസാരക്കാരനല്ല അനീമിയ; പരിഹരിക്കാം ഈ ആയുർവേദ പ്രതിവിധിയിലൂടെ ...