ഉച്ചാരണ പിശകുകൾ ഇല്ലാതെ ഭാഷയുടെ മൂല്യം അറിഞ്ഞു പാടുന്ന പാട്ടുകാരിക്ക്, ഭാരതത്തിന്‍റെ പ്രിയ ഗായിക എസ് ജാനകിയ്‌ക്ക് ഇന്ന് 86-ാം പിറന്നാൾ. 86ലും മധുരപ്പതിനേഴിന്‍റെ ചേലാണ് ജാനകിയമ്മയുടെ ശബ്‌ദമാധുരിക്ക്. വീണ്ടും വീണ്ടും കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്‌മയം. 18 ഭാഷകളലായി നാൽപ്പതിനായിരം പാട്ടുകൾക്ക് ജീവൻ നൽകിയ ആ സ്വരധാര ഇന്നും അണമുറിയാതെ നമ്മുടെ കാതുകളിലേക്ക് ഒഴുകുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ 1938ൽ ഏപ്രിൽ 23നായിരുന്നു എസ് ജാനകിയുടെ ജനനം. പിതാവ് സിസ്‌തല ശ്രീരാമമൂർത്തി, മാതാവ് സത്യവതി. സംഗീതത്തിലെ അടിസ്ഥാന വിദ്യാഭ്യാസം മാത്രമായിരുന്നു യോഗ്യത. 1956ന്‍റെ പകുതിയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാന മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്‌തു. ഇത് ജാനകിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. എസ് ജാനകിയെ ആരാധകർ ജാനകിയമ്മ എന്ന് സ്‌നേഹത്തോടെ വിളിച്ചു.
എസ് ജാനകിയുടെ 86ആം പിറന്നാൾ ദിനത്തിൽ ഇടിവി ഭാരതിനോട് ഓർമ്മകൾ പുതുക്കുകയാണ് പ്രശസ്‌ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ. കാലം 1970. പ്രേം നസീറിനെയും ഷീലയെയും നായിക നായകന്മാരാക്കി സുദീൻ കുമാർ 'മൂടൽമഞ്ഞ്' എന്ന സിനിമ സംവിധാനം ചെയ്‌തു. ബോംബെയിലായിരുന്നു റെക്കോർഡിങ്.
പി ഭാസ്‌കരൻ വരികൾ എഴുതിയ പാട്ടിന് സംഗീതം നൽകാൻ അക്കാലത്തെ ഹിന്ദിയിലെ പ്രശസ്‌ത സംഗീത സംവിധായകൻ ഉഷ ഖന്നയെ ചുമതലപ്പെടുത്തി. ഗായകൻ യേശുദാസിന്‍റെ ദീർഘവീക്ഷണമാണ് ഉഷ ഖന്ന, രവീന്ദ്രൻ ജെയ്‌ൻ തുടങ്ങി വിഖ്യാതരായ പല ഇന്ത്യൻ സംഗീതജ്ഞരും മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.
'മൂടൽമഞ്ഞി'ൽ ആകെ ഏഴു പാട്ടുകളാണ്, അതിൽ രണ്ടെണ്ണം യേശുദാസും നാലെണ്ണം എസ് ജാനകിയുമാണ് ആലപിക്കേണ്ടത്. ഒരു ഗാനം അക്കാലത്തെ പ്രശസ്‌ത ഗായിക ബി വസന്തയെ കൊണ്ട് നേരത്തെ റെക്കോർഡിങ് പൂർത്തിയാക്കി. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ എസ് ജാനകി തന്നെ പാടണമെന്ന് സംവിധായകന് നിർബന്ധം ഉണ്ടായിരുന്നു.
ഉഷ ഖന്ന ആണെങ്കിലോ ഹിന്ദിയിൽ ഏറ്റവും തിരക്കുപിടിച്ച സംഗീത സംവിധായകരിൽ ഒരാളും. ഒരേസമയം ആറും ഏഴും ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുന്ന കാലമായിരുന്നു അത്. ഗാനമാലപിക്കാനായി സംവിധായകൻ ജാനകിയമ്മയെ ക്ഷണിക്കുമ്പോൾ എസ് ജാനകിക്ക് ഒട്ടും സുഖമില്ല. കടുത്ത പനി. എങ്കിലും ക്ഷണം നിരസിക്കാൻ എസ് ജാനകി തയ്യാറായില്ല.
മുംബൈയിലെ ഫേമസ് എന്ന സ്റ്റുഡിയോയിൽ ആണ് റെക്കോർഡിങ്. ഫേമസ് എന്നത് അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലുതും പ്രശസ്‌തവുമായ റെക്കോർഡിങ് സ്റ്റുഡിയോകളിൽ ഒന്നാണ്. മിനോ ഖത്രക് എന്ന എൻജിനീയറാണ് റെക്കോർഡിസ്റ്റ്. മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്‌കരുടെയും പ്രിയപ്പെട്ട റെക്കോർഡിസ്റ്റ് കൂടിയാണ് അദ്ദേഹം.
അങ്ങനെ ഗാനം റെക്കോർഡ് ചെയ്യേണ്ട ദിവസമെത്താറായി. ജാനകിയമ്മയ്‌ക്കാകട്ടെ പനി കലശലായി ഒപ്പം കടുത്ത ജലദോഷവും. ഗാനമാലപിക്കാൻ സാധിക്കില്ല എന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ച ശേഷം എസ് ജാനകി തിരികെ നാട്ടിലേക്ക് പോകാൻ തീരുമാനമെടുക്കുന്നു.
മലയാള സിനിമ പരിമിതികളിലൂടെ വളർന്നുവരുന്ന കാലം കൂടിയായിരുന്നു അത്. ബോംബെയിൽ ഒരു ഗാനം റെക്കോർഡ് ചെയ്യുക എന്നത് തന്നെ അക്കാലത്ത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ എസ് ജാനകിയുടെ അസുഖം മാറുന്നത് വരെ റെക്കോർഡിങ് നീട്ടിക്കൊണ്ട് പോവുക സാധ്യമായിരുന്നില്ല. എസ് ജാനകി ഒഴികെ ബാക്കി എല്ലാവരും ആശയക്കുഴപ്പത്തിലായി.
എസ് ജാനകി തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ സുഹൃത്തായ അരുണ, എസ് ജാനകിയുടെ അടുത്തെത്തി. ജാനകിയമ്മയുടെ സന്തതസഹചാരിയാണ് അരുണ. മറ്റ് ഭാഷ സിനിമകൾ പോലെയല്ല മലയാളം, അവരുടെ പരിമിതികൾ മനസിലാക്കണം, മാത്രമല്ല ഈ അവസരം പാഴാക്കുന്നതും നന്നല്ല. ബോംബെയിൽ റെക്കോർഡിങ്, ഉഷ ഖന്ന സംഗീത സംവിധാനം, മിനോ ഖത്രക് എന്ന ലെജൻഡറി എൻജിനീയർ. ഈ അവസരം നഷ്‌ടപ്പെടുത്തരുത്- ഒടുക്കം അരുണയുടെ വാക്കുകൾ എസ് ജാനകി ഉൾക്കൊണ്ടു.
റെക്കോർഡിങ്ങിന് താനുണ്ടാകുമെന്ന് വാക്കും നൽകി. സ്റ്റുഡിയോയിൽ എത്തിയ എസ് ജാനകി കൺസോളിന് അടുത്തുള്ള ഒരു സോഫയിൽ കിടന്നു കൊണ്ടാണ് പാട്ട് പഠിക്കുന്നത്. പഠിച്ചശേഷം അരുണയുടെ സഹായത്തോടുകൂടിയാണ് റെക്കോർഡിങ് റൂമിലേക്ക് കയറുന്നതും. വളരെ പെട്ടെന്ന് പാട്ടുകൾ സ്വായത്തമാക്കാൻ കഴിവുള്ള ഒരു ഗായികയാണ് എസ് ജാനകി. വളരെ പെട്ടെന്ന് തന്നെ പാട്ടുകൾ പഠിക്കുകയും ഒന്നോ രണ്ടോ ടേക്കുകളിൽ ഗാനമാലപിക്കുകയും ചെയ്‌തു.
സംഗീതസംവിധായകൻ കരുതിയതിലും മികച്ചതായി ഗാനം റെക്കോർഡ് ചെയ്യപ്പെട്ടു. ഒരു പാട്ടുപാടി വീണ്ടും തിരികെ കിടക്കയിൽ എത്തി അടുത്ത ഗാനം പഠിച്ചു. വീണ്ടും അരുണയുടെ സഹായത്തോടെ പാടുന്നു. അങ്ങനെ മൂന്നു ഗാനങ്ങളും റെക്കോർഡ് ചെയ്‌തു. എക്കാലത്തെയും വലിയ ഹിറ്റുകളായ 'ഉണരൂ വേഗം നീ', 'മുകിലേ', 'മാനസ മണിവീണ' എന്നീ ഗാനങ്ങൾ ആയിരുന്നു അത്. മൂടൽമഞ്ഞിലെ ഗാനങ്ങളെക്കുറിച്ച് ജാനകിയമ്മയ്‌ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ ചരിത്രം മറ്റൊന്നായിരുന്നു.