തെലുങ്കിൽ തുടർച്ചയായി വിജയങ്ങള്‍ കൊയ്‌ത് ദുല്‍ഖര്‍ സല്‍മാന്‍ തൻ്റെ ജൈത്ര യാത്ര തുടരുകയാണ്. താരത്തിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറും' ബോക്‌സ് ഓഫീസില്‍ വിജയക്കൊടി പാറിച്ചു.
ഇപ്പോഴിതാ താരത്തിന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള സൂചനയാണ് പുറത്തു വരുന്നത്. നവാഗതനായ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആയിരിക്കും ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി എത്തുക.
എന്നാല്‍ നായികയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൂജ ഹെഗ്‌ഡെയുടെ പേര് പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം യാഥാര്‍ത്ഥ്യമായാല്‍ ദുല്‍ഖറും പൂജയും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.
എസ്എല്‍വി സിനിമാസിന്‍റെ ബാനറിലാകും സിനിമയുടെ നിര്‍മ്മാണം. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം 'കാന്ത', 'ആകാസംലോ ഓക്കെ താര' എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. 1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാകും 'കാന്ത' കഥ പറയുക. 50കളിലെ മനുഷ്യ ബന്ധങ്ങളുടെയും സാമൂഹിക മാറ്റങ്ങളുടെയും സങ്കീർണ്ണതകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാറ്റിക് യാത്രയാണ് ചിത്രം.
വേഫെറർ ഫിലിംസിന്‍റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ്, റാണ ദഗുപതിയുടെ ഉടമസ്ഥതയിലുള്ള സ്‌പിരിറ്റ് മീഡിയ എന്നീ ബാനറുകളില്‍ ദുൽഖർ സൽമാൻ, റാണ ദഗുപതി, ജോം വർഗീസ്, പ്രശാന്ത് പോട്ട്ലൂരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം.
സ്‌പിരിറ്റ് മീഡിയയ്‌ക്കൊപ്പം പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണെന്ന് ദുല്‍ഖര്‍ സൽമാന്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. അതേസമയം വേഫെറർ ഫിലിംസുമായി സഹകരിക്കുന്നത്, ഈ പ്രോജക്‌ടിന് പുതിയൊരു മാനം നൽകുന്നുവെന്നാണ് റാണ ദഗുപതിയുടെ പ്രതികരണം.
'ഇത് ('കാന്ത') മനുഷ്യ വികാരങ്ങളുടെ ആഴങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായൊരു കഥയാണ്. കൂടാതെ ഒരു നടന് അവതരിപ്പിക്കാൻ ധാരാളം സ്കോപ്പും ഈ ചിത്രം നൽകുന്നു. ഈ ചിത്രം ആരംഭിച്ചതിലും ഈ സിനിമയ്ക്ക് ജീവൻ നൽകിയതിലും ഞാൻ ത്രില്ലിലാണ്' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായി എത്തുന്നത് ഭാഗ്യശ്രീ ബോർസെ ആണ്. റാണ ദഗുപതി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു ബഹുഭാഷാ ചിത്രമായാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
Also Read: "ഇതില്‍ അദ്‌ഭുതം ഇല്ല, ലക്കി ഭാസ്‌കര്‍ എന്തൊരു സിനിമയാണ്": കല്യാണി പ്രിയദര്‍ശന്‍