കലാകാരന്‍ ആരായിരുന്നാലും അവരുടെ രൂപത്തിനും ഭാവത്തിനും അനുസരിച്ചുള്ള കൊറിയോഗ്രാഫി ഒരുക്കി അവരുടെ പ്രീതി പിടിച്ചു പറ്റുക അത്ര എളുപ്പമല്ല. പക്ഷേ അക്കാര്യത്തിൽ വിജയിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്തും ലിതിയും.
മലയാള സിനിമയിലെ നൃത്ത സംവിധായകരായ ദമ്പതികളാണ് ശ്രീജിത്തും ലിതിയും. ഇതിനോടകം തന്നെ ഈ താരദമ്പതികള്‍ നിരവധി മലയാള ചിത്രങ്ങൾക്ക് നൃത്ത സംവിധാനം നിർവഹിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അർജുൻ സര്‍ജ നായകനായ 'വിരുന്ന്' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് കൊറിയോഗ്രാഫി ഒരുക്കിയതും ഈ നൃത്ത ദമ്പതികളാണ്.
അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള രംഗം, ഒരു പ്രത്യേക സംഗീതത്തിന്‍റെ അകമ്പടിയോടെ സാത്താൻ സേവയെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ആ രംഗത്തിന് മുഴുവൻ കൊറിയോഗ്രാഫി ഒരുക്കിയത് ശ്രീജിത്തും ലിതിയും ചേർന്നാണ്. ആദ്യമായാണ് ഗാന രംഗമല്ലാത്ത ഒരു രംഗത്തിന് വേണ്ടി ഇരുവരും കൊറിയോഗ്രാഫി ചെയ്യുന്നത്. തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ഇടിവി ഭാരതിനോട് പങ്കുവച്ചു.
'കുട്ടിക്കാലം മുതൽ ആരാധനയോടെ കണ്ടിരുന്ന വ്യക്തിത്വമായിരുന്നു നടൻ അർജുൻ. പരിചയപ്പെട്ട ആ നിമിഷം മുതൽ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി. ആ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ മുഴുവനും തികഞ്ഞ വിനയത്തോടെയും സ്നേഹത്തോടെയുമാണ് അർജുൻ സഹകരിച്ചത്. സിനിമയുടെ നിർമ്മാതാവായ ഗിരീഷ്, തന്‍റെ ഡാൻസ് അക്കാദമിയായ 'ഇള'യിൽ നൃത്തം പഠിക്കാനായി വന്നതാണ് ഈ ചിത്രത്തിലേയ്‌ക്കുള്ള അവസരം ലഭിക്കാന്‍ കാരണമായത്.
സൂര്യ കൃഷ്‌ണമൂർത്തിയാണ് കലാ ജീവിതത്തിൽ താന്‍ ഗുരുവായി കണ്ടിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം വർഷങ്ങളോളം സഹകരിച്ചു. രണ്ട് വർഷം മുമ്പ് വേദിയിൽ അരങ്ങേറിയ കൃഷ്‌ണമൂർത്തിയുടെ 'മൈ സേവിയർ' എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 3,000 ത്തോളം കലാകാരന്മാർ പങ്കെടുത്ത ആ സൃഷ്‌ടിയുടെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. അദ്ദേഹത്തിന്‍റെ തന്നെ അഗ്നി 1, 2 എന്നീ സൃഷ്‌ടികൾക്കും നൃത്ത സംവിധാനം ചെയ്യാൻ സാധിച്ചു. സൂര്യ കൃഷ്‌ണമൂർത്തിയെ ആദരിക്കുന്നതിനായി മലയാളത്തിലെ ഏറ്റവും വലിയ സാറ്റ്‌ലൈറ്റ് ടെലിവിഷൻ നെറ്റ്‌വർക്ക് ഒരുക്കിയ ത്രയംബകം എന്ന പരിപാടിയിൽ 17 ഗാനങ്ങൾക്ക് നൃത്ത സംവിധാനവും ഒരുക്കി.' -നൃത്ത താര ദമ്പതികള്‍ പറഞ്ഞു.
കണ്ടെമ്പററി രീതിയിൽ ഒരുക്കിയ തങ്ങളുടെ ആദ്യ സ്‌റ്റേജ് പെർഫോമൻസ് കഴിഞ്ഞ വർഷം സൂര്യ ഫെസ്‌റ്റിവലില്‍ അരങ്ങേറിയ സന്തോഷവും താരദമ്പതികള്‍ പങ്കുവച്ചു. സിനിമ താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യകൾക്കും ഇവര്‍ നൃത്ത സംവിധാനം നിര്‍വ്വഹിക്കാറുണ്ട്. നവ്യാനായർ, ആശാ ശരത് തുടങ്ങിയവരുടെ പ്രിയപ്പെട്ട നൃത്ത സംവിധായകര്‍ കൂടിയാണ് ഇവര്‍.
18 വർഷമായി നൃത്തം അഭ്യസിക്കുന്ന ശ്രീജിത്ത്, സമുദ്ര എന്നറിയപ്പെടുന്ന ഡാൻസ് കമ്പനിയുടെ ഭാഗമായിരുന്ന സമയത്താണ് ലിതിയെ ജീവിത പങ്കാളിയാക്കുന്നത്.
കണ്ടെമ്പററി ഡാൻസ് പശ്ചാത്തലമുള്ള ലിതി, ശ്രീജിത്തിന് പിന്തുണയായതോടെ നൃത്തത്തിന്‍റെ ലോകം ഇരുവരും ഒന്നിച്ച് കീഴടക്കാൻ തുടങ്ങി.